ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് 100 കോടി രൂപ: ഡോ. ജോയ് ആലുക്കാസ് പ്രഖ്യാപിച്ചു

കൊച്ചി∙ പ്രമുഖ ജ്വല്ലറി ശൃംഖലയായ ജോയ്ആലുക്കാസിന്റെ ചെയർമാനും സ്ഥാപകനുമായ ഡോ. ജോയ് ആലുക്കാസിന്റെ എഴുപതാം ജന്മദിനത്തോടനുബന്ധിച്ച് നൂറു കോടി രൂപയുടെ ബൃഹത്തായ ജീവകാരുണ്യ പദ്ധതികൾക്ക് തുടക്കമായി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് പദ്ധതി പ്രഖ്യാപനം നിർവഹിച്ചത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടെയും അശരണരുടെയും ഉന്നമനം ലക്ഷ്യമിട്ടുള്ള വിവിധ സാമൂഹിക ക്ഷേമ പ്രവർത്തനങ്ങൾക്കായി ഈ തുക വിനിയോഗിക്കും.
ദരിദ്ര കുടുംബങ്ങൾക്കുള്ള ഭവനനിർമാണം, പെൺകുട്ടികളുടെ ഉന്നത വിദ്യാഭ്യാസം, വയോജന പരിപാലനം, അടിയന്തര ചികിത്സാ സഹായം, സ്ത്രീശാക്തീകരണം, ഒപ്പം പരിസ്ഥിതി സംരക്ഷണം തുടങ്ങി വിവിധ മേഖലകളിൽ ഊന്നൽ നൽകിക്കൊണ്ടായിരിക്കും ഈ പദ്ധതികൾ ആവിഷ്കരിക്കുക. അർഹരായ ഗുണഭോക്താക്കളിലേക്ക് സഹായം സുതാര്യമായും കൃത്യമായും എത്തിച്ചേരുന്നുണ്ടെന്ന് ഉറപ്പുവരുത്താനുള്ള ശക്തമായ സംവിധാനവും ഇതിനായി ഒരുക്കുന്നുണ്ട്. സമൂഹത്തിന്റെ താഴെത്തട്ടിലുള്ളവർക്ക് കൈത്താങ്ങാവുക എന്നതാണ് ഈ പ്രവർത്തനങ്ങളുടെ പ്രധാന ലക്ഷ്യം.
ഏവരെയും ഉൾക്കൊള്ളുന്ന ഒരു സാമൂഹിക വ്യവസ്ഥിതി കെട്ടിപ്പടുക്കുന്നതിൽ മാതൃകാപരമായ പങ്കുവഹിക്കാൻ ജോയ്ആലുക്കാസ് പ്രതിജ്ഞാബദ്ധമാണെന്ന് ഡോ. ജോയ് ആലുക്കാസ് പറഞ്ഞു. സാധാരണക്കാരുടെ സാമൂഹിക-സാമ്പത്തിക നിലവാരം ഉയരുമ്പോൾ മാത്രമാണ് യഥാർഥ പുരോഗതി കൈവരിക്കാനാവുക. മുൻകാലങ്ങളിലും രാജ്യത്തുടനീളം വലിയ തോതിലുള്ള സന്നദ്ധ പ്രവർത്തനങ്ങൾ നടത്താൻ സാധിച്ചിട്ടുണ്ടെന്നും, വരും വർഷങ്ങളിൽ കൂടുതൽ വിപുലമായ സേവന പദ്ധതികളാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനായി ഇതിനകം തന്നെ ഒട്ടേറെ സേവന പ്രവർത്തനങ്ങൾ ഗ്രൂപ്പ് നടത്തിവരുന്നുണ്ട്. വൃക്കരോഗികൾക്കുള്ള ചികിത്സാ സഹായം, ഹൃദ്രോഗികൾക്ക് സൗജന്യ പേസ്‌മേക്കർ നൽകൽ എന്നിവയ്ക്കപ്പുറം കേരളം, തമിഴ്നാട്, കർണാടക, തെലങ്കാന, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലായി അഞ്ഞൂറ്റമ്പതിലധികം വീടുകൾ നിർമിച്ചു നൽകാനും ‘ജോയ് ഓഫ് ഹോപ്പ്’ സ്കോളർഷിപ്പുകളിലൂടെ വിദ്യാർഥികളെ സഹായിക്കാനും ഗ്രൂപ്പിന് കഴിഞ്ഞിട്ടുണ്ട്. കൂടാതെ, വനിതാ സംരംഭകത്വ വികസനം, ‘ജോയ് ഫോർ എർത്ത്’ എന്ന പരിസ്ഥിതി സംരക്ഷണ പദ്ധതി, പ്രകൃതിദുരന്തങ്ങളിലും കോവിഡ് കാലത്തും നടത്തിയ അടിയന്തര ദുരിതാശ്വാസ പ്രവർത്തനങ്ങൾ എന്നിവയും ഏറെ ശ്രദ്ധേയമാണ്.
കൊച്ചിയിൽ സംഘടിപ്പിച്ച ആഘോഷച്ചടങ്ങിൽ മമ്മൂട്ടി, ദിലീപ്, കുഞ്ചാക്കോ ബോബൻ, നാദിർഷ, ആന്റണി പെരുമ്പാവൂർ, ഗോപിനാഥ് മുതുകാട് തുടങ്ങിയ ചലച്ചിത്ര-സാംസ്കാരിക പ്രമുഖരും, കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി, ഗോകുലം ഗോപാലൻ, ടി.എസ്. പട്ടാഭിരാമൻ, നവാസ് മീരാൻ തുടങ്ങിയ വ്യവസായ പ്രമുഖരും പങ്കെടുത്തു. മന്ത്രി മോൻസ് ജോസഫ്, ഹൈബി ഈഡൻ എംപി, എംഎൽഎമാരായ ഉമാ തോമസ്, ടി.ജെ. വിനോദ്, രാജൻ പല്ലൻ, കൊച്ചി മേയർ വി.കെ. മിനിമോൾ, തൃശൂർ മേയർ ഡോ. നിജി ജസ്റ്റിൻ തുടങ്ങിയ വിശിഷ്ട വ്യക്തികളും ചടങ്ങിൽ സന്നിഹിതരായിരുന്നു.




