ഇന്ത്യാസഖ്യത്തിന്റെ മഹാറാലിക്ക് മറുപടിയുമായി ബിജെപി; സിഖ് വിരുദ്ധ കലാപ വിഷയം ഉയർത്തി പ്രചാരണം

ന്യൂഡൽഹി ∙ രാംലീല മൈതാനിയിൽ ‘ഇന്ത്യാ’ മുന്നണി സംഘടിപ്പിച്ച മഹാറാലിക്കെതിരെ 1984-ലെ സിഖ് വിരുദ്ധ കലാപത്തിന്റെ ഓർമകൾ ഉയർത്തിക്കൊണ്ടുള്ള ശക്തമായ പ്രതിഷേധവുമായി ബിജെപി. സിഖ് സമൂഹം കൂടുതലായി അധിവസിക്കുന്ന പടിഞ്ഞാറൻ ഡൽഹിയിലെ ഹരിനഗർ മുതൽ തിലക് നഗർ വരെ നീണ്ട പദയാത്രയിലൂടെയാണ് കോൺഗ്രസിനെതിരെ ബിജെപി വിമർശനം ഉന്നയിച്ചത്. നടന്ന കൂട്ടക്കൊലകൾക്ക് കോൺഗ്രസ് നേതൃത്വം പരസ്യമായി മാപ്പുപറയണമെന്ന് പദയാത്രയിൽ പങ്കെടുത്ത നേതാക്കൾ ആവശ്യപ്പെട്ടു.
1984 നവംബർ ഒന്നു മുതൽ മൂന്നു വരെയുള്ള ദിവസങ്ങളിൽ ഡൽഹിയിൽ മാത്രം 2,733 സിഖുകാർ ദാരുണമായി കൊല്ലപ്പെട്ടുവെന്ന കണക്ക് കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി എടുത്തുപറഞ്ഞു. അക്കാലത്ത് താൻ ജനീവയിലായിരുന്നുവെന്നും, ഡൽഹിയിലുണ്ടായിരുന്ന തന്റെ മാതാപിതാക്കൾക്ക് അന്ന് അഭയം നൽകിയത് ഹിന്ദു കുടുംബങ്ങളാണെന്നും അദ്ദേഹം അനുസ്മരിച്ചു. കറുത്ത ബാൻഡ് ധരിച്ചാണ് ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത മാർച്ചിന് നേതൃത്വം നൽകിയത്. അക്രമങ്ങൾക്കിടെ തന്റെ കുടുംബവീട്ടിലെത്തിയ സിഖ് വംശജരെ തന്റെ മാതാപിതാക്കൾ ചേർത്തുപിടിച്ച് സംരക്ഷിച്ച കാര്യം അവർ ഓർത്തെടുത്തു.
ബിജെപി രാജ്യവ്യാപകമായി ആസൂത്രണം ചെയ്തിട്ടുള്ള പ്രചാരണ പരിപാടികളുടെ ഭാഗമായി ഹരിയാനയിൽ നടന്ന പദയാത്രയുടെ ഉദ്ഘാടനം ദേശീയ അധ്യക്ഷൻ നിതിൻ നവീൻ നിർവഹിച്ചു. ഹൈദരാബാദിൽ സംഘടിപ്പിക്കുന്ന സമാനമായ പ്രതിഷേധ പരിപാടിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് പങ്കെടുക്കും.




