CINEMA

ജഗൻ ഷാജി കൈലാസ് ചിത്രം: ഷൂട്ടിംഗ് ഇന്ന് തുടങ്ങും, സുരാജ് വെഞ്ഞാറമൂട് വീണ്ടും ചിരിപ്പിക്കാൻ

സുരാജ് വെഞ്ഞാറമൂട് നായകനായി എത്തുന്ന, ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം ഇന്ന് തൊടുപുഴയിൽ തുടക്കമാകും. പാലക്കാടും പൊള്ളാച്ചിയും ലൊക്കേഷനുകളായി നേരത്തെ നിശ്ചയിച്ചിരുന്നെങ്കിലും അവസാന നിമിഷം ഷൂട്ടിംഗ് തൊടുപുഴയിലേക്ക് മാറ്റുകയായിരുന്നു. ദിലീപ് നായകനായ ‘നീക്കം’ എന്ന ചിത്രത്തിന് ശേഷം ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഈ പ്രോജക്റ്റ് വൗ സിനിമാസിന്റെ ബാനറിൽ സന്തോഷ് ത്രിവിക്രമനാണ് നിർമ്മിക്കുന്നത്. തമാശയ്ക്കും കുടുംബബന്ധങ്ങൾക്കും പ്രാധാന്യം നൽകി ഒരുക്കുന്ന ഈ സിനിമയിൽ പിതാവിന്റെ വേഷത്തിലാണ് സുരാജ് പ്രത്യക്ഷപ്പെടുന്നത്.

‘നീക്കം’ എന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയ വിബിൻ ബാലചന്ദ്രൻ തന്നെയാണ് ഈ ചിത്രത്തിനും രചന നിർവഹിച്ചിരിക്കുന്നത്. അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. നേരത്തെ ദിലീപ് ചിത്രത്തിലും അജയ് ഡേവിഡ് കാച്ചപ്പിള്ളി തന്നെയായിരുന്നു ഛായാഗ്രഹണം നിർവഹിച്ചത്. അഭിനയജീവിതത്തിൽ വളരെ മികച്ചൊരു കാലഘട്ടത്തിലൂടെയാണ് സുരാജ് വെഞ്ഞാറമൂട് കടന്നുപോകുന്നത്. ‘ജയിലർ 2’-ൽ വില്ലൻ വേഷം മികച്ചതാക്കിയ സുരാജിന് പ്രേക്ഷകരുടെ മാത്രമല്ല, സൂപ്പർസ്റ്റാർ രജനികാന്തിന്റെയും അഭിനന്ദനങ്ങൾ ലഭിച്ചിരുന്നു. സുരാജിന്റെ നാലാമത്തെ തമിഴ് ചിത്രമാണ് ‘ജയിലർ 2’. ‘വീരധീരശൂരൻ പാർട്ട് 2’ ആയിരുന്നു അദ്ദേഹത്തിന്റെ തമിഴിലെ അരങ്ങേറ്റ ചിത്രം. ‘യൂത്ത്’, ‘കര’ എന്നിവയാണ് സുരാജ് അഭിനയിച്ച മറ്റ് തമിഴ് സിനിമകൾ.

അതേസമയം, ദിലീപിന്റെ കരിയറിലെ 152-ാമത്തെ ചിത്രമായ ‘നീക്കം’ റിലീസിന് തയ്യാറെടുക്കുകയാണ്. ഒരു ഇമോഷണൽ ഡ്രാമ ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രമാണിത്. അശോകൻ, ബിനു പപ്പു, കലാഭവൻ ഷാജോൺ, സിദ്ദിഖ്, വീണ നന്ദകുമാർ, ബിലാസ് ചന്ദ്രഹാസൻ, സിറാജ്, ശാരി, രമ്യ സുരേഷ്, ദിയ ദീപൻ തുടങ്ങി വലിയൊരു താരനിര തന്നെ ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. മുജീബ് മജീദ് സംഗീതം പകരുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് സൂരജ് ഇ.എസ് ആണ് നിർവഹിക്കുന്നത്. ഉർവ്വശി തിയറ്റേഴ്സ്, ബോളിവുഡിലെ പെൻ സ്റ്റുഡിയോസിനായി ഡോ. ജയന്തിലാൽ ഗാഡ, കാക്ക സ്റ്റോറീസ് പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ സന്ദീപ് സേനൻ, അലക്സ് ഇ. കുര്യൻ, ധവാൽ ഗാഡ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

Business ⏭️

Back to top button