NEWS
ഇന്ത്യാസഖ്യ റാലി: 7000 കസേരകൾ ഒഴിഞ്ഞുകിടന്നതിനെച്ചൊല്ലി ബിജെപി-ഇന്ത്യാസഖ്യം വാക്പോര്

ന്യൂഡൽഹി ∙ രാംലീല മൈതാനിയിൽ സംഘടിപ്പിച്ച ഇന്ത്യാസഖ്യത്തിന്റെ പൊതുയോഗത്തിൽ പത്തുലക്ഷം ആളുകൾ അണിനിരക്കുമെന്ന രാഹുൽ ഗാന്ധിയുടെ അവകാശവാദത്തെ പരിഹസിച്ച് ബിജെപി രംഗത്തെത്തി. മൈതാനത്തിന്റെ ഏതാണ്ട് 40 ശതമാനത്തോളം ഭാഗം ആളൊഴിഞ്ഞുകിടക്കുകയായിരുന്നുവെന്ന് ബിജെപി നേതാക്കൾ കുറ്റപ്പെടുത്തി.
ചടങ്ങിൽ പങ്കെടുത്തവരുടെ എണ്ണം വളരെ കുറവായിരുന്നുവെന്ന് ബിജെപി വക്താവ് സംബിത് പത്ര ചൂണ്ടിക്കാട്ടി. ഇതിനെ സാധൂകരിക്കാനായി റാലിയിൽ നിന്നുള്ള ദൃശ്യങ്ങളും അദ്ദേഹം പുറത്തുവിട്ടു. “പത്തുലക്ഷം പേർ എത്തുമെന്നായിരുന്നു രാഹുൽ ഗാന്ധിയും കൂട്ടരും അവകാശപ്പെട്ടത്. എന്നാൽ യഥാർഥത്തിൽ മൈതാനത്ത് സജ്ജീകരിച്ചിരുന്ന 28,000 കസേരകളിൽ 7,000 എണ്ണവും ഒഴിഞ്ഞുകിടക്കുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്”– സംബിത് പത്ര പരിഹാസത്തോടെ പറഞ്ഞു.




