കെ-ടെറ്റ് യോഗ്യതയില്ലാത്ത അധ്യാപകരെ പുറത്താക്കുമെന്ന സർക്കുലർ റദ്ദാക്കി

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: കെ-ടെറ്റ് (K-TET) യോഗ്യതയില്ലാത്ത അധ്യാപകരുടെ നിയമനവും സ്ഥാനക്കയറ്റവും മരവിപ്പിച്ചുകൊണ്ട് പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ വിവാദ ഉത്തരവ് റദ്ദാക്കി. ഈ നടപടിക്കെതിരെ അധ്യാപക സംഘടനകളിൽ നിന്നും, വിശിഷ്യാ ഇടതുപക്ഷ അനുകൂല സംഘടനകളിൽ നിന്നും ഉയർന്ന ശക്തമായ പ്രതിഷേധത്തെത്തുടർന്നാണ് സർക്കാർ നിലപാട് മാറ്റിയത്.
കെ-ടെറ്റ് യോഗ്യത ഇല്ലാത്തവർക്ക് പ്രമോഷനും പുതിയ നിയമനങ്ങൾക്കും വിലക്കേർപ്പെടുത്തിക്കൊണ്ടുള്ള കടുത്ത നിബന്ധനകളായിരുന്നു ഈ ഉത്തരവിൽ ഉൾപ്പെടുത്തിയിരുന്നത്. ഹൈക്കോടതിയുടെ നിർദ്ദേശങ്ങൾ പാലിച്ചാണ് ഇത്തരം കർശന നടപടികളിലേക്ക് കടന്നതെന്നായിരുന്നു സർക്കാർ നൽകിയ വിശദീകരണം. 2025 സെപ്റ്റംബർ ഒന്നിനോ അതിനുശേഷമോ കെ-ടെറ്റ് യോഗ്യതയില്ലാതെ എയ്ഡഡ് സ്കൂളുകളിൽ ജോലിയിൽ പ്രവേശിച്ചവരെ പിരിച്ചുവിടണമെന്നും, യോഗ്യതയില്ലാതെ സ്ഥാനക്കയറ്റം നേടിയവരെ ഉടൻതന്നെ അവരുടെ പഴയ തസ്തികകളിലേക്ക് മടക്കി അയക്കണമെന്നും ഉത്തരവിൽ നിർദ്ദേശമുണ്ടായിരുന്നു. അതോടൊപ്പം, 2025 ഒക്ടോബർ മുതൽ യോഗ്യതയില്ലാത്തവർക്ക് നിയമനാംഗീകാരമോ സ്ഥാനക്കയറ്റമോ നൽകരുതെന്നും വ്യക്തമാക്കിയിരുന്നു. വിഷയത്തിൽ തുടർനടപടികൾ സംബന്ധിച്ച പുതിയ തീരുമാനങ്ങൾ വൈകാതെ തന്നെ അധികൃതർ അറിയിക്കും.




