ഫ്ലൈ ദുബായ് അപകടം: രക്ഷകരായ പൈലറ്റുമാരിൽ ഒരാൾ ദക്ഷിണാഫ്രിക്കൻ മുൻ ക്രിക്കറ്റ് താരത്തിന്റെ മകൻ

ദുബായ്∙ ഫ്ലൈ ദുബായ് വിമാനത്തിനുള്ളിൽ വെച്ച് ക്യാപ്റ്റൻ സ്മിത് മച്ഛറിനു നേരെ സഹപൈലറ്റിന്റെ ഭാഗത്തുനിന്നുണ്ടായ കോടാലി ആക്രമണത്തെ അതിജീവിച്ച്, വിമാനം സുരക്ഷിതമായി നിലത്തിറക്കിയ പൈലറ്റുമാർക്ക് യുഎഇയുടെ ആദരവ്. ഈ നിർണായക സന്ദർഭത്തിൽ സമയോചിതമായി ഇടപെട്ട പൈലറ്റുമാരിൽ ഒരാൾ, അന്തരിച്ച മുൻ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് താരം ബാരി ടൂത്തിന്റെ മകനായ റോവൻ ടൂത്താണ്. ഫിജി സ്വദേശിയായ ഹെൻസൺ സ്റ്റീവനാണ് മറ്റൊരു പൈലറ്റ്.
കഴിഞ്ഞ സെപ്റ്റംബർ 30-നായിരുന്നു സംഭവം. അന്ന് യാത്രാ വിമാനത്തിലെ സാധാരണ യാത്രക്കാരായി സഞ്ചരിക്കുകയായിരുന്നു ടൂത്തും സ്റ്റീവനും. മടക്കയാത്രയിൽ വിമാനം നിയന്ത്രിക്കേണ്ട ചുമതല ഇവരായിരുന്നു വഹിക്കേണ്ടിയിരുന്നത്. എന്നാൽ, അപ്രതീക്ഷിതമായി ക്യാപ്റ്റന് നേരെ ആക്രമണമുണ്ടായതോടെ സാഹചര്യത്തിന്റെ ഗൗരവം മനസ്സിലാക്കിയ ഇരുവരും ഉടൻ തന്നെ കോക്പിറ്റിലേക്ക് കുതിക്കുകയും വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയുമായിരുന്നു. തുടർന്ന് സൗദി അറേബ്യയിലെ വിമാനത്താവളത്തിൽ യാതൊരു അപകടവും കൂടാതെ ഇവർ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു.
(Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം X/DatosAereos എന്ന അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.)




