NEWS
ഇറാൻ കേന്ദ്രങ്ങൾ തകർക്കാൻ 10 മിനിറ്റ് മതി: മുന്നറിയിപ്പുമായി ട്രംപ്

വാഷിങ്ടൻ∙ ഇറാനെതിരെ കടുത്ത മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും രംഗത്തെത്തി. ഇറാനിലെ തന്ത്രപ്രധാനമായ ചില കേന്ദ്രങ്ങൾ കൂടി തങ്ങൾ ഉന്നംവെച്ചിട്ടുണ്ടെന്ന് ട്രംപ് തുറന്നടിച്ചു. അമേരിക്കയുടെയും ഇസ്രയേലിന്റെയും നീക്കങ്ങൾക്കെതിരെ ശക്തമായ തിരിച്ചടി നേരിടേണ്ടി വരുമെന്ന് ഇറാനിയൻ പരമോന്നത നേതാവ് മുജ്തബ ഖമനയി താക്കീത് നൽകിയതിന് തൊട്ടുപിന്നാലെയാണ് ട്രംപിന്റെ പ്രതികരണം.
‘‘അവരുടെ ആണവ ലക്ഷ്യങ്ങളെ ഇതിനകം തന്നെ നമ്മൾ തകർത്തെറിഞ്ഞു കഴിഞ്ഞു. ഇനി ഒന്നോ രണ്ടോ കേന്ദ്രങ്ങൾ കൂടി ലക്ഷ്യമിടാനുണ്ട്. വെറും പത്തു മിനിറ്റ് കൊണ്ട് അവ കൂടി നമുക്ക് അവസാനിപ്പിക്കാനാകും,’’ ഫ്ലോറിഡയിലെ തന്റെ വസതിയിൽ വെച്ച് മാധ്യമങ്ങളോട് സംസാരിക്കവെ ട്രംപ് വ്യക്തമാക്കി. ഇറാനിലെ ഭൂഗർഭ ആണവ കേന്ദ്രമായ പിക്സ്ആക്സ് അതിവേഗം തകർക്കുമെന്നും ട്രംപ് ഭീഷണി മുഴക്കി.




