ഫോൺ കോളുകളിൽ ഇനി വിളിക്കുന്നവരുടെ പേര് തെളിയും: സിനാപ് സേവനം ഇന്ന് മുതൽ

ന്യൂഡൽഹി ∙ നിങ്ങളുടെ ഫോണിൽ സേവ് ചെയ്യാത്ത നമ്പറിൽ നിന്നാണ് കോൾ വരുന്നതെങ്കിൽ, വിളിക്കുന്നയാളുടെ ഔദ്യോഗിക പേര് ഇനി മുതൽ സ്ക്രീനിൽ തെളിയും. സിം കാർഡ് എടുക്കുന്നതിനായി സമർപ്പിച്ച തിരിച്ചറിയൽ രേഖകളിൽ രേഖപ്പെടുത്തിയിട്ടുള്ള പേര് തന്നെയായിരിക്കും കോളർ ഐഡി ആയി ദൃശ്യമാവുക. ‘കോളിങ് നെയിം പ്രസന്റേഷൻ’ (സിനാപ് – CNAP) എന്ന ഈ സംവിധാനം രാജ്യമൊട്ടാകെ ഇന്നുമുതൽ പ്രാബല്യത്തിൽ വരുത്താനാണ് കേന്ദ്ര സർക്കാർ നിർദ്ദേശം നൽകിയിരിക്കുന്നത്. ആദ്യ ഘട്ടത്തിൽ 4ജി, 5ജി സേവനങ്ങൾ ലഭ്യമാകുന്ന ഇടങ്ങളിലായിരിക്കും ഇത് നടപ്പിലാക്കുക. ഇതിനോടകം തന്നെ പ്രധാനപ്പെട്ട പല മൊബൈൽ സേവന ദാതാക്കളും ഈ സംവിധാനത്തിലേക്ക് മാറിക്കഴിഞ്ഞു.
ഈ പുതിയ സൗകര്യം ലഭിക്കുന്നതിനായി വരിക്കാർ പ്രത്യേകമായി ഒന്നും ചെയ്യേണ്ടതില്ല. നിങ്ങളുടെ കോൺടാക്റ്റ് ലിസ്റ്റിൽ സേവ് ചെയ്തിട്ടുള്ള നമ്പറുകളിൽ നിന്നാണ് കോൾ വരുന്നതെങ്കിൽ, നിങ്ങൾ നൽകിയിട്ടുള്ള പേര് തന്നെയായിരിക്കും സ്ക്രീനിൽ കാണിക്കുക. അതേസമയം, ബിസിനസ് ആവശ്യങ്ങൾക്കായി സിം എടുക്കുന്നവർക്ക് നിലവിലുള്ള പേരിന് പകരം തങ്ങളുടെ ട്രേഡ്മാർക്ക് നാമം (പ്രിഫേഡ് നെയിം) ഉപയോഗിക്കാനുള്ള അനുമതി ഉണ്ടായിരിക്കും. പുതിയ ബിസിനസ് കണക്ഷനുകൾ എടുക്കുമ്പോൾ തന്നെ ഇതിനായി അപേക്ഷിക്കാനും സൗകര്യമുണ്ടാകും.




