അണലി, മൂർഖൻ പാമ്പുകളുടെ പ്രജനനകാലം: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതൊക്കെയാണ്

തിരുവനന്തപുരം മേനംകുളത്തെ ഒരു വീട്ടിൽ നിന്ന് വന്ന അടിയന്തര സന്ദേശത്തെ തുടർന്നാണ് വാവാ സുരേഷ് സ്ഥലത്തെത്തിയത്. വീടിന്റെ പരിസരത്ത് പാമ്പിനെ കണ്ടുവെന്ന വിവരമറിഞ്ഞ് എത്തിയ വാവ കണ്ടത് വലയിൽ കുടുങ്ങി അതീവ ഗുരുതരാവസ്ഥയിലായ ഒരു മൂർഖനെയാണ്. ഏകദേശം രണ്ടുദിവസത്തോളമായി ഈ പാമ്പ് അവിടെ കുടുങ്ങിക്കിടക്കുകയായിരുന്നു.
രക്ഷപ്പെടാൻ പാമ്പ് നടത്തിയ തീവ്രമായ ശ്രമങ്ങളുടെ അടയാളങ്ങൾ സമീപത്തെ മണ്ണിൽ വ്യക്തമായിരുന്നു. തന്റെ വാലുപയോഗിച്ച് കുരുക്കിൽ നിന്ന് മോചിതനാകാൻ പാമ്പ് നടത്തിയ പോരാട്ടത്തിന്റെ പാടുകളായിരുന്നു അത്. മണ്ണിലെ ഇത്തരം അടയാളങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചാൽ പാമ്പുകളുടെ സാന്നിധ്യം മുൻകൂട്ടി തിരിച്ചറിയാൻ സാധിക്കുമെന്ന് വാവ വിശദീകരിച്ചു. കൂടാതെ, വരും ദിവസങ്ങളിൽ അണലി, മൂർഖൻ തുടങ്ങിയ ഇനങ്ങളുടെ പ്രജനനകാലം ആരംഭിക്കുന്നതിനാൽ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
കൂടുതൽ സമയം ആ അവസ്ഥയിൽ തുടർന്നിരുന്നെങ്കിൽ പാമ്പ് ചത്തുപോകുമായിരുന്നു. ഇത്തരത്തിൽ കുരുങ്ങി കിടക്കുന്ന പാമ്പിനെ അശ്രദ്ധമായി കൈകാര്യം ചെയ്യുന്നത് വലിയ അപകടങ്ങൾ ക്ഷണിച്ചുവരുത്തും. വലയിൽ തല കുരുങ്ങിയതിനെത്തുടർന്ന് മൂർഖൻ രക്തം ഛർദ്ദിച്ചിരുന്നു. വാവ അതീവ ശ്രദ്ധയോടെ വലയുടെ ഓരോ കണ്ണിയും മുറിച്ചുമാറ്റി പാമ്പിനെ സ്വതന്ത്രമാക്കി. ഈ സമയത്ത് പാമ്പിന്റെ വായിൽ നിന്ന് രക്തം വരുന്നുണ്ടായിരുന്നു. അവശനായിരുന്ന മൂർഖന്‍ വാവ വെള്ളം നൽകി. പാമ്പ് വെള്ളം കുടിക്കുന്നത് കണ്ട് നാട്ടുകാർ വിസ്മയത്തോടെ നോക്കിനിന്നു. ഒടുവിൽ മരണത്തിന്റെ വക്കിൽ നിന്ന് ആ മൂർഖന്‍ വാവ സുരേഷ് പുതുജീവൻ നൽകി. തല കുരുങ്ങി രക്തം ഛർദ്ദിച്ച നിലയിലായിരുന്ന പാമ്പിനെ അത്ഭുതകരമായി രക്ഷപ്പെടുത്തിയ സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ് കാണാം.
snake




