NEWS

കേരള പൊലീസിന്റെ സൈബർ സുരക്ഷാ ക്യാപ്റ്റനായി മമ്മൂട്ടി: ഔദ്യോഗിക പ്രഖ്യാപനവുമായി ആഭ്യന്തരമന്ത്രി

കൊച്ചി: വർധിച്ചുവരുന്ന സൈബർ കുറ്റകൃത്യങ്ങളെ നേരിടാൻ കുറ്റകൃത്യങ്ങൾ നടന്നശേഷമുള്ള അന്വേഷണമല്ല, മറിച്ച് അവ സംഭവിക്കാതിരിക്കാനുള്ള മുൻകരുതലാണ് അത്യാവശ്യമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. 2027-ഓടെ കേരളത്തെ പൂർണമായും സൈബർ സുരക്ഷിതമാക്കുക എന്ന ലക്ഷ്യത്തോടെ ആഭ്യന്തരവകുപ്പിന്റെയും കേരള പൊലീസിന്റെയും ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന ‘ക്ലിക്ക്’ (കമ്മ്യൂണിറ്റി ലെഡ് ഇനിഷ്യേറ്റീവ് ഫോർ സൈബർ റെസിലിയന്റ് കേരളം) പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള സാങ്കേതികവിദ്യകൾ വികസിച്ചുവരുന്ന ഈ കാലഘട്ടത്തിൽ സൈബർ സുരക്ഷ ഉറപ്പുവരുത്താൻ നൂതനമായ പ്രതിരോധ സംവിധാനങ്ങൾ അനിവാര്യമാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

കഴിഞ്ഞ വർഷം മാത്രം അരലക്ഷത്തിലധികം അതായത് 54,000-ൽ പരം സൈബർ തട്ടിപ്പുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. കരുത്തുറ്റ പാസ്‌വേഡുകൾ നിർമിക്കുക, അപ്ലിക്കേഷനുകൾ കൃത്യമായി അപ്‌ഡേറ്റ് ചെയ്യുക, വ്യക്തിഗത വിവരങ്ങൾ സുരക്ഷിതമായി കൈകാര്യം ചെയ്യുക, അനാവശ്യമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യാതിരിക്കുക തുടങ്ങിയ മുൻകരുതലുകൾ സ്വീകരിച്ചാൽ വലിയൊരു ശതമാനം സൈബർ ആക്രമണങ്ങളെയും ചെറുക്കാൻ സാധിക്കും. ഏതെങ്കിലും തരത്തിൽ തട്ടിപ്പിന് വിധേയരായാൽ ഒട്ടും വൈകാതെ 1930 എന്ന സൈബർ ഹെൽപ്‌ലൈൻ നമ്പറിൽ വിവരം അറിയിക്കണമെന്നും അദ്ദേഹം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

നവംബർ മൂന്നാം തീയതി മുതൽ ആഭ്യന്തരമന്ത്രിയുടെ കാര്യാലയം പൂർണമായും ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറുകയാണ്. ഇതിലൂടെ പൊതുജനങ്ങൾക്ക് തങ്ങളുടെ പരാതികൾ വേഗത്തിൽ സമർപ്പിക്കാനും, പരാതിയുടെ നിലവിലെ അവസ്ഥ അറിയാനും സാധിക്കും. പരാതികളിലെ തുടർനടപടികൾ നിരീക്ഷിക്കുന്നതിനും പൊതുജനങ്ങളുമായി കൂടുതൽ സംവദിക്കുന്നതിനുമുള്ള പ്രത്യേക ഡാഷ്‌ബോർഡും സജ്ജമാക്കുമെന്ന് മന്ത്രി അറിയിച്ചു.

കൊച്ചി രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ വെച്ച് നടൻ മമ്മൂട്ടിയെ കേരള പൊലീസിന്റെ സൈബർ സുരക്ഷാ ക്യാപ്റ്റനായി മന്ത്രി ഔദ്യോഗികമായി പ്രഖ്യാപിച്ചു. സൈബർ കുറ്റകൃത്യങ്ങളെ പ്രതിരോധിക്കാൻ യുവതലമുറയിലെ ഓരോ വ്യക്തിയും ക്യാപ്റ്റന്മാരായി മാറണമെന്നും മമ്മൂട്ടി ആഹ്വാനം ചെയ്തു. തിരഞ്ഞെടുക്കപ്പെട്ട പത്ത് വിദ്യാർത്ഥികൾക്ക് അദ്ദേഹം ‘ക്ലിക്ക്’ ക്യാപ്റ്റൻ തൊപ്പികൾ അണിയിച്ചു നൽകി.

സംസ്ഥാന പൊലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖർ, ക്രമസമാധാന വിഭാഗം എ.ഡി.ജി.പി പി. വിജയൻ, പൊലീസ് ഉപദേഷ്ടാവ് എ. ഹേമചന്ദ്രൻ, ഡിജിറ്റൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ സജി ഗോപിനാഥ്, അമൃത വിശ്വവിദ്യാപീഠം വൈസ് ചാൻസലർ ഡോ. പി. വെങ്കട് രംഗൻ, മേയർ അഡ്വ. വി.കെ. മിനി മോൾ, കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ ആർ. നിശാന്തിനി, സൈബർ ഓപ്പറേഷൻസ് എസ്.പി അങ്കിത്ത് അശോകൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

RELATED TOPICS: MAMMOOTTY CYBER SECURITY CAPTAIN, KERALA POLICE CYBER SECURITY, MAMMOOTTY NEWS, KERALA HOME MINISTER ANNOUNCEMENT, MAMMOOTTY CYBER SAFETY CAMPAIGN

Sports ⏭️

Read News ⏭️

Back to top button