അടൂർ സ്റ്റേഷൻ അതിക്രമം: തൊപ്പി വെക്കാത്തതിന് പൊലീസുകാരിയെ അധിക്ഷേപിച്ച ശ്രീനാദേവി കുഞ്ഞമ്മയും യൂത്ത് കോൺഗ്രസ് പ്രവർത്തകരും

പുറത്തുവന്ന ദൃശ്യങ്ങൾ
പത്തനംതിട്ട: അടൂർ പൊലീസ് സ്റ്റേഷനിൽ നടന്ന അക്രമ സംഭവങ്ങളുടെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തായി. ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയുടെയും യൂത്ത് കോൺഗ്രസ് നേതാവ് ഫെനി നൈനാന്റെയും നേതൃത്വത്തിൽ നടത്തിയ അതിക്രമത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഉദ്യോഗസ്ഥർ നോക്കിനിൽക്കെയായിരുന്നു സ്റ്റേഷനുള്ളിൽ ഈ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. കഴിഞ്ഞ ജൂലൈ പതിനൊന്നിന് നടന്ന സംഭവങ്ങളുടെ സിസിടിവി ദൃശ്യങ്ങളാണ് വിവരാവകാശ നിയമപ്രകാരം ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
തന്റെ പേരിൽ സോഷ്യൽ മീഡിയയിലൂടെ അപവാദ പ്രചാരണം നടത്തിയെന്നാരോപിച്ച് യൂട്യൂബർ രാജൻ ജോസഫിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇയാളെ സ്റ്റേഷൻ വളപ്പിലേക്ക് കൊണ്ടുവരുന്നതിനിടെ തടഞ്ഞുനിർത്തി യൂത്ത് കോൺഗ്രസ് പ്രവർത്തകർ ക്രൂരമായി മർദ്ദിക്കുന്നതാണ് ദൃശ്യങ്ങളുടെ തുടക്കത്തിലുള്ളത്. പൊലീസ് ജീപ്പിന് കുറുകെ ചാടി പ്രതിയെ ആക്രമിക്കാൻ ശ്രമിക്കുന്നതും ബലമായി സ്റ്റേഷനുള്ളിലേക്ക് അതിക്രമിച്ചു കയറുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. കസ്റ്റഡിയിലുള്ള പ്രതിയെ പൊലീസ് സ്റ്റേഷനുള്ളിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോകുമ്പോൾ ശ്രീനാദേവി കുഞ്ഞമ്മ അടക്കമുള്ള സംഘം പിന്നാലെയെത്തുന്നുണ്ട്. ലോക്കപ്പിന് മുന്നിലെത്തിയ ശ്രീനാദേവി, ഉള്ളിലുള്ള രാജൻ ജോസഫിനെതിരെ ആക്രോശിക്കുന്നതും ഭീഷണിപ്പെടുത്തുന്നതും ദൃശ്യങ്ങളിൽ കാണാം. ഈ സമയം സംഭവസ്ഥലത്തുണ്ടായിരുന്ന ഒരു പൊലീസുകാരൻ ഇത് മൊബൈലിൽ പകർത്തുന്നുമുണ്ട്.
സംഭവം പുറത്തുവന്നതോടെ പൊലീസിന്റെ നിഷ്ക്രിയത്വത്തിനെതിരെ രൂക്ഷമായ പ്രതിഷേധമാണ് ഉയരുന്നത്. പൊലീസുകാർക്ക് ഉൾപ്പെടെ മർദ്ദനമേറ്റ സംഭവത്തിൽ, കണ്ടാലറിയാവുന്നവർക്കെതിരെ മാത്രമാണ് അധികൃതർ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അക്രമികളെ ദൃശ്യങ്ങളിൽ വ്യക്തമായി തിരിച്ചറിയാൻ കഴിയുമെന്നിരിക്കെ, എന്തുകൊണ്ടാണ് പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കാത്തതെന്ന ചോദ്യം വലിയ തോതിൽ ഉയരുന്നുണ്ട്. പൊലീസ് സംവിധാനത്തെ തന്നെ വെല്ലുവിളിച്ചുകൊണ്ട് നടന്ന ഈ അക്രമം സർക്കാരിനും പൊലീസിനും വലിയ നാണക്കേടായി മാറിയിരിക്കുകയാണ്.




