SPORTS

യുഎഇയോട് തോറ്റ പാക്കിസ്ഥാൻ ഇന്ത്യയെ മറികടന്നു: പാണ്ഡ്യയുടെ ക്യാപ്റ്റൻസിയിൽ തിരിച്ചടി

ഹോങ്കോങ് സിക്സസ് ടൂർണമെന്റിലെ ഗ്രൂപ്പ് സി പോരാട്ടത്തിൽ ചിരവൈരികളായ പാക്കിസ്ഥാനോട് ഇന്ത്യയ്ക്ക് നാല് വിക്കറ്റിന്റെ തോൽവി. ടോസ് നഷ്ടപ്പെട്ട് ആദ്യം ക്രീസിലെത്തിയ ഇന്ത്യയ്ക്ക് നിശ്ചയിക്കപ്പെട്ട ആറ് ഓവറുകളിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 88 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. വെറും 11 പന്തുകളിൽ നിന്നും 40 റൺസ് അടിച്ചുകൂട്ടിയ ശശാങ്ക് സിംഗിന്റെ തകർപ്പൻ പ്രകടനമാണ് ഇന്ത്യൻ സ്കോറിന് അല്പമെങ്കിലും മാന്യത നൽകിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാൻ തുടക്കം മുതൽ ആക്രമണോത്സുകമായ ശൈലിയാണ് സ്വീകരിച്ചത്. ക്യാപ്റ്റൻ ക്രൂണാൽ പാണ്ഡ്യ എറിഞ്ഞ ആദ്യ ഓവറിൽ തന്നെ അഫ്രീദി അഞ്ച് സിക്സറുകൾ പറത്തി ഇന്ത്യൻ ബൗളിംഗിനെ വിറപ്പിച്ചു. അഫ്രീദിയും നഫായ്‌യും പുറത്തായെങ്കിലും, അബ്ദുൽ സമദും ഇർഫാൻ ഖാനും ചേർന്ന് പാക്കിസ്ഥാന്റെ വിജയം അനായാസമാക്കുകയായിരുന്നു.

നേരത്തെ നടന്ന മത്സരത്തിൽ യുഎഇയോട് ഒരു വിക്കറ്റിന് പരാജയപ്പെട്ടതോടെ ടൂർണമെന്റിൽ നിന്ന് പുറത്താകുമെന്ന ഘട്ടത്തിലായിരുന്നു പാക്കിസ്ഥാൻ. എന്നാൽ ഇന്ത്യയ്ക്കെതിരെയുള്ള ഈ തകർപ്പൻ വിജയത്തോടെ അവർ ഗ്രൂപ്പ് സിയിൽ ഒന്നാം സ്ഥാനത്തേക്കുയർന്നു. അതേസമയം, ഈ തോൽവി ഇന്ത്യയെ ഗ്രൂപ്പിൽ ഏറ്റവും പിന്നിലാക്കുകയും ചെയ്തു.

Auto ⏭️

Back to top button