NEWS

അച്ഛനിട്ട പേരുകൾ: ഭദ്രകീർത്തിയുടെ മക്കൾക്ക് നൽകിയ പേരുകൾക്ക് പിന്നിലെ കൗതുകം വൈറലാകുന്നു

ഭദ്രകീർത്തി

കൊച്ചി: ബെൻസ് കാറിടിച്ച് അച്ഛൻ ജയബാലകൃഷ്ണനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ പതിനേഴുകാരനും, അയാളുടെ പിതാവായ ജഡ്ജിക്കുമെതിരെ നിയമപോരാട്ടം നയിക്കുന്ന ഇരുപത്തിനാലുകാരി ഭദ്രകീർത്തി ഇപ്പോൾ ദേശീയ തലത്തിൽ തന്നെ ചർച്ചാവിഷയമായിരിക്കുകയാണ്. കൊച്ചി കണ്ടെയ്‌നർ റോഡിലൂടെ സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന തെക്കൻ ചിറ്റൂർ സ്വദേശി ജയബാലകൃഷ്ണനെ കഴിഞ്ഞ ഞായറാഴ്ച പുലർച്ചെയാണ് ബെൻസ് കാർ ഇടിച്ചുതെറിപ്പിച്ചത്.

തുടക്കത്തിൽ പ്രതിയെ സംരക്ഷിക്കാനുള്ള നീക്കങ്ങൾ പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായെങ്കിലും, പിതാവിന്റെ സംസ്കാരച്ചടങ്ങുകൾക്ക് പിന്നാലെ ഭദ്രകീർത്തിയും സഹോദരങ്ങളും ചേർന്നൊരുക്കിയ ശക്തമായ പ്രതിഷേധം ഫലം കണ്ടു. ജോലിയിൽ പ്രവേശിച്ച് രണ്ടു മാസം തികയുന്നതിന് മുൻപേ, അച്ഛനെ സാമ്പത്തികമായി സഹായിക്കണമെന്ന സ്വപ്നം ബാക്കിവെച്ച് പിതാവ് വിടവാങ്ങിയതിന്റെ സങ്കടം കടിച്ചമർത്തിയാണ് ഈ മകൾ നീതി തേടി തെരുവിലിറങ്ങിയത്.

ഇതിനിടയിൽ, രണ്ട് വർഷം മുൻപ് മഴവിൽ മനോരമയിലെ ‘ഉടൻ പണം’ എന്ന പരിപാടിയിൽ ഭദ്രകീർത്തി പങ്കെടുത്ത പഴയ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. എം.എസ്.സി പഠനകാലത്ത് ഷോയിൽ എത്തിയ ഭദ്ര, നന്നായി പഠിച്ച് പിഎച്ച്ഡി കരസ്ഥമാക്കി ‘ഡോ. ആർ.ജെ. ഭദ്രകീർത്തി’ ആകണമെന്ന തന്റെ ആഗ്രഹം അന്ന് അവതാരകർക്ക് മുൻപിൽ തുറന്നുപറഞ്ഞിരുന്നു. തന്റെ പേര് മാത്രമല്ല, അച്ഛൻ തങ്ങൾ മൂന്നു മക്കൾക്കും നൽകിയ പേരുകളിലെ കൗതുകത്തെക്കുറിച്ചും ഭദ്ര അന്ന് വാചാലയായി. ആർ.ജെ. ഭരത് ശങ്കർ എന്നാണ് ചേട്ടന്റെ പേര്; അനുജന്റെ പേര് ആർ.ജെ. ഭാഗ്യദർശൻ ശക്തി എന്നും.

സൗത്ത് ചിറ്റൂരിൽ അച്ഛൻ നടത്തുന്ന ‘ബാലേട്ടൻ ദോശക്കട’യെക്കുറിച്ചും അതിനു പിന്നിലെ കഠിനാധ്വാനത്തെക്കുറിച്ചും ഭദ്ര അന്ന് അഭിമാനത്തോടെ ഓർത്തെടുത്തിരുന്നു. കുട്ടിദോശയ്ക്കും ഓംലെറ്റിനും പ്രസിദ്ധമാണ് ഈ കട. മുൻപ് എറണാകുളത്തും വരാപ്പുഴയിലുമായി അമ്മ നടത്തിയിരുന്ന ഹോട്ടലുകളിൽ സഹായിക്കാൻ താൻ പോകാറുണ്ടായിരുന്നുവെന്നും ഭദ്ര വീഡിയോയിൽ പറയുന്നു. പിന്നീട് ആ ഹോട്ടലുകൾ പൂട്ടിപ്പോയെന്നും ഇപ്പോൾ തട്ടുകട മാത്രമാണ് ഉള്ളതെന്നും, അത് രാത്രി വൈകുവോളം പ്രവർത്തിക്കുന്നതുകൊണ്ട് താൻ സഹായിക്കാൻ പോകാറില്ലെന്നും ഭദ്ര അന്ന് വ്യക്തമാക്കിയിരുന്നു.

Sports ⏭️

Read News ⏭️

Back to top button