NEWS

ദുബായ് വിമാനത്താവളത്തിൽ അറസ്റ്റിലായ പ്രവാസി മലയാളിക്ക് കോടതിയുടെ ആശ്വാസവിധി

ഷാർജയിലെ വാടക തട്ടിപ്പ് കേസിൽ പ്രതിചേർക്കപ്പെട്ട മലയാളി വില്ല ഉടമയെ കോടതി കുറ്റവിമുക്തനാക്കി. തട്ടിപ്പിൽ ഇദ്ദേഹത്തിന് പങ്കുണ്ടെന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് വ്യക്തമാക്കിയാണ് കോടതി വിധി.

ദുബായിലെ പ്രമുഖ കമ്പനിയിൽ ജോലി ചെയ്യുന്ന എറണാകുളം സ്വദേശിയായ ഇദ്ദേഹം, തന്റെ പിതാവിനൊപ്പം ഷാർജയിലുള്ള വില്ലയുടെ സംയുക്ത ഉടമയാണ്. ഈ വില്ല വാടകയ്ക്ക് നൽകുന്നതിനായി പരസ്യം ചെയ്യാൻ ഒരു റിയൽ എസ്റ്റേറ്റ് ഏജൻസിയെ ഇദ്ദേഹം സമീപിക്കുകയും ഉടമസ്ഥാവകാശ രേഖയുടെ പകർപ്പ് കൈമാറുകയും ചെയ്തിരുന്നു. എന്നാൽ, വില്ല വാടകയ്ക്ക് നൽകാനോ പണം കൈപ്പറ്റാനോ ഈ ഏജൻസിക്ക് യാതൊരുവിധ അധികാരവും നൽകിയിരുന്നില്ല.

ഈ പരസ്യം കണ്ട് വില്ല വാടകയ്ക്ക് എടുക്കാൻ സമീപിച്ച യുവതിയോട്, ഒരു വർഷത്തെ വാടക ഇനത്തിൽ 1.04 ലക്ഷം ദിർഹം ഏജൻസിയുടെ അക്കൗണ്ടിലേക്ക് അയക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഉടമയുടെ അറിവോടെയാണ് ഇടപാട് എന്ന് വിശ്വസിപ്പിക്കാനായി, അദ്ദേഹത്തിന്റേതിന് സമാനമായ വ്യാജ ഇമെയിൽ വിലാസത്തിൽ നിന്ന് യുവതിക്ക് സന്ദേശങ്ങളും അയച്ചു. പണം നൽകിയെങ്കിലും പത്ത് ദിവസത്തിനുള്ളിൽ വില്ല ലഭിക്കാതെ വന്നതോടെ യുവതി പൊലീസിൽ പരാതി നൽകി. ഇതിനെത്തുടർന്ന് വില്ല ഉടമയെയും ഏജൻസി ജീവനക്കാരെയും പ്രതികളാക്കി കേസെടുക്കുകയായിരുന്നു.

താൻ കേവലം വില്ലയുടെ ഉടമസ്ഥൻ മാത്രമാണെന്നും, പരസ്യത്തിനായി രേഖകൾ നൽകിയതുകൊണ്ട് മാത്രം തട്ടിപ്പിൽ പങ്കാളിയാകില്ലെന്നും പ്രതിഭാഗം കോടതിയിൽ വാദിച്ചു. തട്ടിപ്പിൽ ഇദ്ദേഹത്തിന് പങ്കുണ്ടെന്നതിന് തെളിവുകളില്ലാത്ത സാഹചര്യത്തിൽ, ഈ വാദം അംഗീകരിച്ച കോടതി ഇദ്ദേഹത്തെ കുറ്റവിമുക്തനാക്കുകയായിരുന്നു.

ഈ വാർത്തയ്ക്കൊപ്പം നൽകിയിരിക്കുന്ന ചിത്രം മലയാള മനോരമയുടേതല്ല. കൂടുതൽ വ്യക്തതയ്ക്കായി X/DXB പ്ലാറ്റ്‌ഫോമിൽ നിന്ന് എടുത്തതാണ്.

Fashion ⏭️

Back to top button