LIFESTYLE

താളിയോല ഗ്രന്ഥങ്ങളുടെ സംരക്ഷണത്തിന് എഐയും റോബോട്ടിക്സും: മലയാളി വിദ്യാർഥിനികൾക്ക് നേട്ടം

കാത്‌ലിൻ മേരി ജീസൻ, നവിക ഡി നായർ

തലമുറകളായി കൈമാറിവന്ന അമൂല്യമായ താളിയോല ഗ്രന്ഥങ്ങളുടെ സംരക്ഷണത്തിനും ഡിജിറ്റൈസേഷനുമായി നൂതന റോബോട്ടിക് സാങ്കേതികവിദ്യ വികസിപ്പിച്ച് ശ്രദ്ധേയരാവുകയാണ് രണ്ട് മലയാളി പെൺകുട്ടികൾ. പതിനാലുകാരായ കാത്‌ലിൻ മേരി ജീസൻ, നവിക ഡി നായർ എന്നിവർ ഹൈദരാബാദിൽ നടന്ന വേൾഡ് റോബോട്ട് ഒളിമ്പ്യാഡ് (ഡബ്ല്യു.ആർ.ഒ) ഇന്ത്യ നാഷണൽസിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിക്കൊണ്ട് അന്താരാഷ്ട്ര തലത്തിലുള്ള മത്സരത്തിലേക്ക് യോഗ്യത നേടി.

ഭാരതീയ ഗണിത-ജ്യോതിശാസ്ത്ര പ്രതിഭകളുടെ അറിവുകൾ നൂറ്റാണ്ടുകളോളം കാത്തുസൂക്ഷിച്ചത് താളിയോലകളിലാണ്. കാലത്തിന്റെ പ്രവാഹത്തിലും പ്രകൃതിദുരന്തങ്ങളിലും ഈ ചരിത്രരേഖകൾ നശിക്കുന്നത് നമ്മുടെ പൈതൃകത്തിന്റെ വലിയൊരു ഭാഗം തന്നെ നഷ്ടപ്പെടുത്തുന്നതിന് തുല്യമാണ്. ഈ തിരിച്ചറിവാണ് ഇത്തരമൊരു സംരക്ഷണ പദ്ധതിയിലേക്ക് കാത്‌ലിനെയും നവികയെയും നയിച്ചത്.

പരമ്പരാഗത രീതിയിൽ മാസങ്ങൾ നീളുന്ന ശ്രമകരമായ ജോലിയാണ് താളിയോലകളുടെ പരിപാലനം. എന്നാൽ, റോബോട്ടിക്സിന്റെയും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും (AI) സാധ്യതകൾ ഉപയോഗപ്പെടുത്തി ഈ പ്രക്രിയയെ വളരെ ലളിതമാക്കാൻ ഇവർക്കായി. ഇവർ രൂപകല്പന ചെയ്ത ‘സ്മൃതി 1.0’ എന്ന ഓട്ടോമേറ്റഡ് സംവിധാനം മിനിറ്റുകൾക്കുള്ളിൽ തന്നെ ഈ ജോലി സുരക്ഷിതമായി പൂർത്തിയാക്കാൻ സഹായിക്കുന്നു.

പൂർണമായും യന്ത്രവൽകൃതമായ ഈ സംവിധാനത്തിൽ കസ്റ്റം ട്രെയിൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഒസിആർ (OCR) സാങ്കേതികവിദ്യയും സമന്വയിപ്പിച്ചിരിക്കുന്നു.

താളിയോലകൾക്ക് ഒട്ടും കേടുപാടുണ്ടാകാത്ത രീതിയിലുള്ള പ്രത്യേക കൺവെയർ ബെൽറ്റ് വഴി പൊടിയും അഴുക്കും നീക്കം ചെയ്യുകയും, തുടർന്ന് ദീർഘകാലം കേടുകൂടാതെയിരിക്കാൻ ആവശ്യമായ ലേപനങ്ങൾ പുരട്ടുകയും ചെയ്യുന്നു. ഹൈ-റെസല്യൂഷൻ ക്യാമറകളും സെൻസറുകളും ഉപയോഗിച്ച് ഈ താളിയോലകളിലെ ഓരോ വിവരവും ഡിജിറ്റലായി പകർത്തുന്നു. ഇതിലെ എഐ എൻജിന് പുരാതന ലിപികളെ തിരിച്ചറിയാനും അവയെ കംപ്യൂട്ടറിൽ എഡിറ്റ് ചെയ്യാവുന്ന ടെക്സ്റ്റ് രൂപത്തിലേക്ക് മാറ്റാനും കഴിയും. കൂടാതെ, ക്ലൗഡ് സാങ്കേതികവിദ്യ ഉപയോഗിച്ച് ഈ വിവരങ്ങൾ ലോകത്തെവിടെയുമുള്ള ഗവേഷകർക്കും വിദ്യാർത്ഥികൾക്കും നിമിഷനേരം കൊണ്ട് ലഭ്യമാക്കാനും സാധിക്കും.

റോബോട്ടിക്സിലും സാങ്കേതികവിദ്യയിലും പുസ്തക രചനയിലുമെല്ലാം അതീവ താല്പര്യമുള്ളയാളാണ് കാത്‌ലിൻ. ഹാർഡ്‌വെയർ ആർക്കിടെക്ചറിലും ഡിസൈനിംഗിലും ഗവേഷണത്തിലും മികവ് തെളിയിച്ചിട്ടുള്ളയാളാണ് നവിക. ഇരിങ്ങാലക്കുട മാനുസ്ക്രിപ്റ്റ് റിസർച്ച് ആൻഡ് പ്രിസന്റേഷൻ സെന്റർ ഡയറക്ടർ ലിറ്റി ചാക്കോയുടെ ശിക്ഷണത്തിൽ സംഗമഗ്രാമ മാധവനെ സംബന്ധിച്ച വിവരങ്ങൾ പഠിച്ചതാണ് കുട്ടികൾക്ക് ഈ പ്രോജക്റ്റിനായി വലിയ പ്രചോദനമായത്.

“കേരളത്തിന്റെ സമ്പന്നമായ സാംസ്‌കാരിക പൈതൃകത്തെ ആധുനിക സാങ്കേതികവിദ്യയുമായി ചേർത്തുനിർത്തി നേട്ടം കൊയ്യാനായതിൽ ഏറെ സന്തോഷമുണ്ട്. യു.ഡബ്ല്യു.ആർ നൽകിയ പരിശീലനം ഞങ്ങൾക്ക് വലിയ കരുത്തായി. വരാനിരിക്കുന്ന അന്താരാഷ്ട്ര മത്സരത്തിൽ സ്വർണ്ണമെഡൽ ലക്ഷ്യമിടുന്നതിനൊപ്പം തന്നെ, കൂടുതൽ വിദ്യാർത്ഥികൾ ഇത്തരം അർത്ഥവത്തായ കണ്ടുപിടുത്തങ്ങളുമായി മുന്നോട്ടുവരണമെന്നും സാങ്കേതികവിദ്യയെ സമൂഹത്തിന്റെ നന്മയ്ക്കായി ഉപയോഗിക്കണമെന്നുമാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്,” കാത്‌ലിനും നവികയും പങ്കുവെച്ചു.

Sports ⏭️

Back to top button