LIFESTYLE

പൂജവെച്ച പുസ്തകത്തിലെ ഹോംവർക്ക് ദൈവം ചെയ്ത് നൽകിയില്ല; കുരുന്നിന്റെ കുസൃതിയിൽ ചിരിയുണർന്ന് സോഷ്യൽ മീഡിയ


വൈറൽ വീഡിയോയിൽനിന്ന്

നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന പ്രധാന ആചാരമാണ് പൂജവയ്പ്പ്. പുസ്തകങ്ങൾ പൂജയ്ക്ക് വച്ച് വിജയദശമി നാളിൽ അവ തിരിച്ചെടുത്ത് വിദ്യാരംഭം കുറിക്കുന്നത് അറിവിന്റെ വെളിച്ചം പകരുമെന്നാണ് ഹൈന്ദവ വിശ്വാസം. എന്നാൽ, പൂജയ്ക്ക് വച്ച പുസ്തകത്തിലെ ഹോംവർക്ക് ദൈവം ചെയ്തുതന്നില്ലെന്ന പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു കൊച്ചു മിടുക്കൻ. കുട്ടിത്തം നിറഞ്ഞ ഈ കുസൃതി സംഭാഷണമാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ഏറെ ശ്രദ്ധനേടുന്നത്.

പൂജയ്ക്ക് ശേഷം അക്ഷരങ്ങൾ കുറിച്ച പുസ്തകം തിരികെ ലഭിച്ചതിന്റെ അതിരറ്റ സന്തോഷത്തിലാണ് അവൻ. പുസ്തകപ്പൊതി അഴിച്ചുമാറ്റിയ ശേഷം വളരെ ഗൗരവത്തോടെ ഓരോ പേജും മറിച്ചുനോക്കുന്ന കാഴ്ച കൗതുകകരമാണ്. താൻ നന്നായി എഴുതിയ ഭാഗത്ത് ദൈവം ‘വെരി ഗുഡ്’ മാർക്ക് നൽകിയെന്നും, ഉത്തരം എഴുതാത്ത ഭാഗത്ത് ദൈവം അത് പൂർത്തിയാക്കിയില്ലെന്നും അവൻ നിഷ്കളങ്കമായി വിശദീകരിക്കുന്നു. പഠിച്ച് വലുതാകണമെന്ന ആഗ്രഹവും, താൻ പഠിക്കുമ്പോൾ ബഹളമുണ്ടാക്കരുതെന്ന് അമ്മയ്ക്ക് നൽകുന്ന മുന്നറിയിപ്പും വീഡിയോയെ ഏറെ രസകരമാക്കുന്നു. ബഹളം ഉണ്ടാക്കിയാൽ താൻ മോശം കുട്ടിയാകുമെന്ന ഉപദേശം കൂടി അവൻ അമ്മയ്ക്ക് നൽകുന്നുണ്ട്.

പഠനത്തെക്കുറിച്ചുള്ള അവന്റെ കുഞ്ഞു സങ്കൽപ്പങ്ങളും മുഖഭാവങ്ങളും സോഷ്യൽ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു. നിരവധി രസകരമായ പ്രതികരണങ്ങളാണ് വീഡിയോയ്ക്ക് താഴെ നിറയുന്നത്. ‘പൂജയ്ക്ക് വച്ചപ്പോൾ പെൻസിൽ കൂടി വയ്ക്കണമായിരുന്നു, അതാണ് ദൈവം ഹോംവർക്ക് ചെയ്യാതിരുന്നത്’ എന്നൊക്കെയാണ് ആളുകൾ കമന്റ് ചെയ്യുന്നത്. കൊച്ചു കുട്ടികളുടെ നിഷ്കളങ്കമായ ലോകത്തെ ഓർമ്മിപ്പിക്കുകയും മുതിർന്നവരിൽ ചിരി പടർത്തുകയും ചെയ്യുന്ന ഈ വീഡിയോ നിമിഷനേരം കൊണ്ടാണ് വൈറലായത്.

Sports ⏭️

Back to top button