ആപ്പിൾ-സാംസംഗ് മാതൃകയിൽ തദ്ദേശീയ ഇന്ത്യൻ സ്മാർട്ട് ഫോണുകൾ 2028-ൽ വിപണിയിലെത്തും

അശ്വിനി വൈഷ്‌ണവ്
2028 ഒക്‌ടോബർ 23-ഓടെ ഇന്ത്യയിൽ തന്നെ രൂപകൽപ്പന ചെയ്‌ത് നിർമിച്ച സ്‌മാർട്ട് ഫോണുകൾ വിപണിയിൽ അവതരിപ്പിക്കുമെന്ന് കേന്ദ്ര ഇലക്‌ട്രോണിക്‌സ്, വിവരസാങ്കേതിക വകുപ്പ് മന്ത്രി അശ്വിനി വൈഷ്‌ണവ് വ്യക്തമാക്കി. ആപ്പിൾ, സാംസങ് തുടങ്ങിയ ആഗോള ഭീമന്മാരോടൊപ്പം മത്സരിക്കാൻ പ്രാപ്തിയുള്ള ഇന്ത്യൻ ബ്രാൻഡുകളെ സൃഷ്ടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
‘അത്യന്തം സങ്കീർണമായ സാങ്കേതിക വിദ്യയാണ് മൊബൈൽ ഫോൺ നിർമ്മാണത്തിന് പിന്നിലുള്ളത്. റേഡിയോ തരംഗങ്ങളുടെ കൈമാറ്റം, ആന്റിന സംവിധാനം, പ്രൊസസർ, മെമ്മറി, ഡിസ്‌പ്ലേ, ക്യാമറ, ബാറ്ററി മാനേജ്‌മെന്റ് തുടങ്ങിയ ഒട്ടേറെ സാങ്കേതിക ഘടകങ്ങളെ ഒരു ചെറിയ ഉപകരണത്തിനുള്ളിൽ കൃത്യമായി കോർത്തിണക്കേണ്ടതുണ്ട്. ഒപ്പം ഫോണിന്റെ ഭാരവും ഊർജ്ജ ഉപഭോഗവും കാര്യക്ഷമതയും ഒരേസമയം ശ്രദ്ധിക്കേണ്ടതുണ്ട്. അതിനാൽ, ഫോൺ അസംബിൾ ചെയ്യുന്നതിനേക്കാൾ ഉപരിയായി അതിന്റെ അടിസ്ഥാന രൂപകൽപ്പനയും സാങ്കേതിക വിദ്യയും രാജ്യത്തിനകത്ത് തന്നെ വികസിപ്പിക്കേണ്ടത് അനിവാര്യമാണ്.’
മൂന്ന് വർഷം മുമ്പ് ഇന്ത്യൻ സാങ്കേതിക വിദഗ്ധർക്കായി ഒരു വെല്ലുവിളി മുന്നോട്ട് വെച്ചിരുന്നു; മൊബൈൽ ഫോണുകളുടെ പ്രധാന സർക്യൂട്ട് ബോർഡ് രൂപകൽപ്പന ചെയ്യുക എന്നതായിരുന്നു അത്. രണ്ട് കമ്പനികൾ ഈ ദൗത്യം ഏറ്റെടുക്കുകയും, അതിലൊരു സ്ഥാപനം വികസിപ്പിച്ച രൂപകൽപ്പന അമേരിക്കയിലെ മുൻനിര ടെലികോം സേവന ദാതാവ് അംഗീകരിക്കുകയും ചെയ്തു. ആ കമ്പനി തയ്യാറാക്കിയ അത്യാധുനിക അഞ്ചാം തലമുറ (5G) സാങ്കേതികവിദ്യയിലുള്ള ഫോൺ ഇതിനകം തന്നെ ഉപഭോക്താക്കളിലേക്ക് എത്തിക്കഴിഞ്ഞു.
‘കഴിഞ്ഞ മൂന്നര വർഷത്തിനിടെ, മൊബൈൽ ഫോൺ രൂപകൽപ്പനയിലും നിർമ്മാണത്തിലും വലിയ കുതിച്ചുചാട്ടമാണ് ഇന്ത്യ നടത്തിയിരിക്കുന്നത്. ഈ ആർജ്ജിച്ചെടുത്ത മികവ് ഉപയോഗിച്ച്, ബൗദ്ധിക സ്വത്തവകാശവും (Intellectual Property) ഡിസൈനും എല്ലാം ഇന്ത്യയുടെ സ്വന്തമായുള്ള ഫോണുകൾ പുറത്തിറക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇത്തരം ഫോണുകൾക്ക് വിപണിയിൽ മികച്ച സ്വീകാര്യത ലഭിക്കുമെന്ന് ഉറപ്പാണ്’ – അശ്വിനി വൈഷ്‌ണവ് കൂട്ടിച്ചേർത്തു.



