LIFESTYLE

പുത്തൻ ഫോണുകളോട് വിട; പഴയ സ്മാർട്ട്ഫോണുകളിൽ താല്പര്യം കൂടി, ഇന്ത്യയിലെ വിൽപന 26 ശതമാനം ഇടിഞ്ഞു


പ്രതീകാത്മക ചിത്രം

വൃക്ക വിറ്റാണെങ്കിലും പുതിയ സ്മാർട്‌ഫോൺ സ്വന്തമാക്കണം എന്നുള്ള തമാശരൂപേണയുള്ള പറച്ചിൽ ഇന്ത്യക്കാരുടെ മൊബൈൽ ഫോണിനോടുള്ള ഭ്രമത്തെയാണ് വർഷങ്ങളായി അടയാളപ്പെടുത്തുന്നത്. വിപണിയിൽ എത്തുന്ന പുതിയ മോഡലുകൾ വാങ്ങി ആളുകൾക്ക് മുന്നിൽ പ്രദർശിപ്പിക്കാൻ താല്പര്യപ്പെടുന്ന സെലിബ്രിറ്റികളെയും സാധാരണക്കാരെയും നമുക്ക് ചുറ്റും കാണാം. എന്നാൽ, കഴിഞ്ഞ പത്ത് വർഷത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ സ്മാർട്‌ഫോൺ വിപണി ഏറ്റവും വലിയ തകർച്ച നേരിട്ട വർഷമാണ് ഇതെന്ന് പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഈ വർഷത്തെ മൂന്നാം പാദത്തിൽ (ജൂലൈ മുതൽ സെപ്റ്റംബർ വരെ) 35.8 മില്യൺ ഫോണുകൾ മാത്രമാണ് വിറ്റുപോയത്. മുൻവർഷത്തെ അപേക്ഷിച്ച് 26 ശതമാനം ഇടിവാണ് വിപണിയിൽ ഉണ്ടായിരിക്കുന്നത്.

രാജ്യമെമ്പാടും ഓൺലൈൻ, ഓഫ്‌ലൈൻ പ്ലാറ്റ്‌ഫോമുകളിൽ ഓഫറുകൾ വാരിവിതറിയ ഉത്സവ സീസൺ ആയിട്ടുപോലും വിൽപനയിൽ വലിയ ഇടിവാണ് രേഖപ്പെടുത്തിയത്. വിലക്കയറ്റവും ജനങ്ങളുടെ ക്രയശേഷിയിലുണ്ടായ കുറവുമാണ് ഇതിന് പ്രധാന കാരണങ്ങൾ. പ്രമുഖ കമ്പനികളെല്ലാം തന്നെ അടിസ്ഥാന മോഡലുകൾക്ക് പോലും അമിതവില ഈടാക്കാൻ തുടങ്ങിയതോടെ, കൈവശമുള്ള ഫോൺ തന്നെ അറ്റകുറ്റപ്പണികൾ നടത്തി ഉപയോഗിക്കുന്നതിലേക്ക് ഉപഭോക്താക്കൾ മാറിചിന്തിച്ചു. പ്രധാന കമ്പനികളുടെ പ്രകടനം താഴെ നൽകുന്നു.

സാംസംഗ്: 2024-ന്റെ തുടക്കത്തിനുശേഷം ആദ്യമായി സാംസംഗ് വിപണിയിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. ഗാലക്‌സി എ07, എ17, എ27 തുടങ്ങിയ സാധാരണക്കാർക്ക് ഇണങ്ങുന്ന മോഡലുകളാണ് കമ്പനിയുടെ വിൽപനയെ നയിച്ചത്. പ്രീമിയം വിഭാഗത്തിൽ എസ്26 സീരീസ്, ഫോൾഡബിൾ ഫോണുകൾ, എസ്26 എഫ്ഇ എന്നിവയും ശ്രദ്ധേയമായി. ആകർഷകമായ ഫിനാൻസ് പദ്ധതികളും എക്സ്ചേഞ്ച് ഓഫറുകളും ബാങ്ക് ക്യാഷ്ബാക്കുകളും സാംസംഗിന് ഗുണകരമായി.

വിവോ: ചൈനീസ് നിർമ്മാതാക്കളായ വിവോയുടെ വിൽപനയിൽ 34 ശതമാനത്തിന്റെ ഇടിവുണ്ടായി. 6.4 മില്യൺ യൂണിറ്റുകൾ മാത്രമാണ് വിൽക്കാനായത്. മുൻനിര അഞ്ച് കമ്പനികളിൽ ഏറ്റവും വലിയ തിരിച്ചടി നേരിട്ടതും വിവോയാണ്. ഫോണുകളുടെ വില വർദ്ധിപ്പിച്ചത് കമ്പനിക്ക് വലിയ തിരിച്ചടിയായി മാറി.

ഒപ്പോ: 4.9 മില്യൺ ഫോണുകളാണ് ഒപ്പോയ്ക്ക് വിൽക്കാൻ സാധിച്ചത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 24 ശതമാനം ഇടിവാണിത്. എ സീരീസ് ഫോണുകളുടെ വില വർദ്ധിപ്പിച്ചതും, ഉപഭോക്താക്കൾ പുതിയ ഫോണുകൾ വാങ്ങാൻ വിമുഖത കാണിച്ചതും വിൽപനയെ കാര്യമായി ബാധിച്ചു.

റെഡ്‌മി: സ്പെയർ പാർട്‌സുകളുടെ വില വർദ്ധിച്ചതും ഹാർഡ്‌വെയർ കാര്യത്തിൽ കമ്പനി വിട്ടുവീഴ്ചകൾ വരുത്തിയതും റെഡ്‌മിയുടെ വിശ്വസ്തരായ ഉപഭോക്താക്കളെ അകറ്റി. 4.7 മില്യൺ യൂണിറ്റുകൾ മാത്രം വിറ്റഴിക്കാനായ കമ്പനി 28 ശതമാനം ഇടിവാണ് നേരിട്ടത്. എൻട്രി ലെവൽ മോഡലുകളായ 15എ, എ7 എന്നിവയാണ് അല്പമെങ്കിലും നേട്ടമുണ്ടാക്കിയത്. റെഡ്‌മി നോട്ട് 17 സീരീസും പോകോ എക്‌സ്8ഉം വിപണിയിൽ സജീവമായിരുന്നു.

ആപ്പിൾ: 3.9 മില്യൺ ഫോണുകളാണ് ആപ്പിൾ വിറ്റഴിച്ചത്. ഏറ്റവും പുതിയ ഐഫോൺ 18 പ്രോ, പ്രോ മാക്‌സ് എന്നിവയേക്കാൾ കൂടുതൽ ആളുകൾ ഐഫോൺ 17, 16 മോഡലുകളാണ് തിരഞ്ഞെടുക്കാൻ താല്പര്യപ്പെട്ടത്.

ഐഫോണിന് സമാനമായി ഇന്ത്യയിൽ നിർമ്മിച്ച സ്മാർട്‌ഫോണുകൾ വരും വർഷങ്ങളിൽ വിപണി പിടിക്കുമെന്ന പ്രതീക്ഷയിലാണ് വിപണി. അതിനാൽ തന്നെ വമ്പൻ കമ്പനികൾ ഇന്ത്യയിൽ നിർമ്മാണ യൂണിറ്റുകൾ തുടങ്ങാൻ പദ്ധതികൾ ആവിഷ്കരിച്ചുവരികയാണ്.

Sports ⏭️

Back to top button