റബർ വില 300-ലേക്ക്; കർഷകർ നേരിടുന്ന യഥാർത്ഥ പ്രതിസന്ധി ഇതാണ്

നടുവിൽ: റബ്ബറിന്റെ വിപണിവില കിലോയ്ക്ക് 300 രൂപയോടടുത്തെങ്കിലും അതിന്റെ ഗുണഫലങ്ങൾ അനുഭവിക്കാൻ കഴിയാതെ നട്ടംതിരിയുകയാണ് മലയോരത്തെ കർഷകർ. ആലക്കോട് വിപണിയിൽ നിലവിൽ ഗ്രേഡ് നാല് റബ്ബറിന് 282 രൂപയും, ലോട്ട് ഇനത്തിന് 260 രൂപയുമാണ് ലഭിക്കുന്നത്. വിലയിലുണ്ടായ ഈ വർദ്ധനവ് ആശ്വാസം പകരുന്നുണ്ടെങ്കിലും, പേമാരി മൂലം ടാപ്പിംഗ് മുടങ്ങുന്നതും, കൂലിപ്പണിക്കാർക്ക് നൽകേണ്ട തുകയിലുണ്ടായ വർദ്ധനവും, ആസിഡ് പോലുള്ള അത്യന്താപേക്ഷിതമായ അസംസ്കൃത വസ്തുക്കളുടെ അനിയന്ത്രിതമായ വിലക്കയറ്റവും കർഷകർക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
ചെറുകിടക്കാരായ ഭൂരിഭാഗം കർഷകരും ഒന്നോ രണ്ടോ ഏക്കർ സ്ഥലത്ത് മാത്രമാണ് കൃഷി ചെയ്യുന്നത്. സ്വന്തം നിലയ്ക്ക് ടാപ്പിംഗ് നടത്തുന്നവർക്ക് കൂലിച്ചെലവ് ഒഴിവാക്കാം എന്നതൊഴിച്ചാൽ വലിയ നേട്ടമൊന്നും ഇവർക്കില്ല. സാധാരണഗതിയിൽ ചിങ്ങമാസത്തോടെ ടാപ്പിംഗ് പുനരാരംഭിക്കാറുണ്ടെങ്കിലും, ഇത്തവണ ശക്തമായ മഴ തുടരുന്നതിനാൽ പലരും ടാപ്പിംഗിലേക്ക് കടന്നിട്ടില്ല. റെയിൻഗാർഡുകൾ ഘടിപ്പിച്ചവർ മാത്രമാണ് ഇതിന് അപവാദമായി ഇപ്പോൾ ഉൽപ്പാദനം നടത്തുന്നത്.
വില ഉയർന്നു നിൽക്കുന്ന സാഹചര്യത്തിലും തൊഴിലാളിക്ഷാമവും വർദ്ധിച്ച കൂലിനിരക്കും കാരണം പല തോട്ടങ്ങളും ഇപ്പോഴും തരിശാണ്. ചുരുക്കം ചില ഉടമകൾ ലാഭം പാതി വീതിച്ചെടുക്കുന്ന രീതിയിൽ തൊഴിലാളികൾക്ക് മരങ്ങൾ പാട്ടത്തിന് നൽകിയിട്ടുണ്ട്. ഇതിലൂടെ തൊഴിലാളികൾക്ക് മെച്ചമുണ്ടെങ്കിലും, കൃഷിക്കായി വൻതുക ചെലവഴിച്ച ഉടമയ്ക്ക് തുച്ഛമായ വരുമാനം മാത്രമാണ് ലഭിക്കുന്നത്.
കമ്പോളം നിയന്ത്രിച്ച് ടയർലോബികൾ
വില 300 രൂപയിലേക്ക് കുതിക്കുമെന്ന സൂചനകൾ നൽകി കഴിഞ്ഞ ജൂണിൽ 280 രൂപയ്ക്ക് അടുത്തുവരെ വിലയെത്തിയിരുന്നു. എന്നാൽ തൊട്ടുപിന്നാലെ ഇത് 170 രൂപയിലേക്ക് കൂപ്പുകുത്തി. മഴ മാറി ടാപ്പിംഗ് സജീവമായി റബ്ബർ വിപണിയിൽ എത്തുമ്പോൾ, കച്ചവടക്കാരും ടയർ ലോബികളും ചേർന്ന് വില കൃത്രിമമായി താഴ്ത്തുന്നത് കർഷകർക്ക് കാലങ്ങളായി നേരിടേണ്ടി വരുന്ന ദുരനുഭവമാണ്. റബ്ബർ ഷീറ്റുകൾ ദീർഘകാലം സൂക്ഷിച്ചുവെക്കാൻ സാധാരണക്കാരായ കർഷകർക്ക് സാമ്പത്തിക ശേഷിയില്ല. തോട്ടം പരിപാലനം, വളം, ആസിഡ് എന്നിവയുടെ അധികച്ചെലവ് താങ്ങാൻ കഴിയാത്തതിനാൽ കർഷകർക്ക് ഉടനടി ഉൽപ്പന്നങ്ങൾ വിറ്റഴിക്കേണ്ടി വരുന്നു. ഉൽപ്പാദനം നിലയ്ക്കുന്ന സമയങ്ങളിൽ കൃത്യമായി വില വർദ്ധിപ്പിക്കുകയും ചെയ്യുന്ന ടയർ ലോബികളുടെ തന്ത്രത്തിന് മുന്നിൽ കർഷകർ നിസ്സഹായരാണ്.
മൃഗങ്ങൾ വിഹരിക്കുന്ന കൊടുംകാട്
മലയോരത്തെ ഉപേക്ഷിക്കപ്പെട്ട പല റബ്ബർ തോട്ടങ്ങളും ഇപ്പോൾ കാടുകയറി വന്യമൃഗങ്ങളുടെ താവളമായി മാറി. പന്നികൾ, പാമ്പുകൾ, കുരങ്ങുകൾ എന്നിവയുടെ ശല്യം രൂക്ഷമാണ്. ചില പ്രദേശങ്ങളിൽ പുലിയും കടുവയും ഇറങ്ങുന്നതായി ആശങ്ക ഉയർന്നിട്ടുണ്ട്. അതിനാൽ തന്നെ ഇത്തരം തോട്ടങ്ങളിൽ ടാപ്പിംഗിന് പോകാൻ തൊഴിലാളികൾ ഭയക്കുന്നു. കാട് തെളിച്ച് വൃത്തിയാക്കാൻ വലിയ തുക ചെലവാക്കേണ്ടി വരുന്നതും കർഷകർക്ക് ബാധ്യതയാകുന്നു. മണിക്കൂറിന് 300 മുതൽ 350 രൂപ വരെയാണ് കാട് വെട്ടുന്നവർ ഈടാക്കുന്നത്.
ഒരു വർഷത്തിനിടെ ഉണ്ടായ വിലക്കയറ്റം
രാസവളം: ₹500 വർദ്ധന
ആസിഡ്: ₹40 വർദ്ധന
ടാപ്പിംഗ് കൂലി (മരമൊന്നിന്): ₹3.50 വർദ്ധന
റബ്ബർ വില വർദ്ധനവിന്റെ നേട്ടം ചെറുകിട കർഷകരിൽ എത്തുന്നില്ല. വളത്തിനും ആസിഡിനും കൂലിക്കും വേണ്ടി വലിയൊരു തുക നീക്കിവെക്കേണ്ടി വരുന്നു. സ്വന്തമായി ടാപ്പിംഗ് ചെയ്യാൻ കഴിയുന്നവർക്ക് മാത്രമേ ഈ വിലവർദ്ധനവ് അല്പമെങ്കിലും ആശ്വാസമാകുന്നുള്ളൂ.
വി.വി. പ്രസാദ്, റബ്ബർ കർഷകൻ, നടുവിൽ




