കണ്ണടച്ച് തുറക്കും മുൻപേ ദുരന്തം; മേൽക്കൂര തകർന്ന് ദമ്പതികൾക്ക് ഗുരുതരാവസ്ഥ; ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്

നവി മുംബൈയിലെ കോപ്പർഖൈരാനയിൽ ഫ്ലാറ്റിന്റെ മേൽക്കൂര തകർന്നുണ്ടായ അപകടത്തിൽ ദമ്പതികൾക്ക് ഗുരുതരമായി പരുക്കേറ്റു. ഒക്ടോബർ 25-ന് സെക്ടർ ഒന്നിലുള്ള ‘ഗംഗാ സാഗർ സൊസൈറ്റി’യിലാണ് ഞെട്ടിപ്പിക്കുന്ന ഈ സംഭവം അരങ്ങേറിയത്. ഫ്ലാറ്റിലെ കിടപ്പുമുറിയുടെ മേൽക്കൂരയിൽ നിന്ന് പ്ലാസ്റ്റർ ഓഫ് പാരീസും കോൺക്രീറ്റ് പാളികളും തുരുമ്പിച്ച ഇരുമ്പ് കമ്പികളും പെട്ടെന്ന് അടർന്നു വീഴുകയായിരുന്നു.
ഏകദേശം മുപ്പത് വർഷത്തോളം പഴക്കമുള്ള ഈ കെട്ടിട സമുച്ചയത്തിൽ, പുനർവികസന പദ്ധതികളുമായി ബന്ധപ്പെട്ട തർക്കങ്ങൾ മൂലം ദീർഘകാലമായി അറ്റകുറ്റപ്പണികൾ മുടങ്ങിക്കിടക്കുകയാണ്. സൊസൈറ്റിയിലെ പ്ലോട്ട് നമ്പർ 45-ലുള്ള ഒന്നാം നമ്പർ മുറിയിൽ രാകേഷ് ഗുപ്തയും ഖുശ്ബു ഗുപ്തയും വിശ്രമിക്കുന്നതിനിടയിലാണ് മേൽക്കൂര ഇടിഞ്ഞുവീണത്. ഭാരമേറിയ അവശിഷ്ടങ്ങൾ നേരിട്ട് പതിച്ചതിനെത്തുടർന്ന് ദമ്പതികൾക്ക് ഗുരുതരമായി പരുക്കേറ്റു.
ഉച്ചയ്ക്ക് 12.26-ഓടെ വിവരം ലഭിച്ചതനുസരിച്ച് അഗ്നിശമന സേനാംഗങ്ങൾ 1.20-ഓടെ സ്ഥലത്തെത്തി. എന്നാൽ, ഫയർഫോഴ്സ് എത്തുന്നതിന് മുൻപ് തന്നെ നാട്ടുകാരുടെ സഹായത്തോടെ പരുക്കേറ്റവരെ നവി മുംബൈ മുനിസിപ്പൽ കോർപറേഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇതിൽ ഖുശ്ബു ഗുപ്തയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
അപകടത്തിന്റെ ഭീകരത കണക്കിലെടുത്ത്, സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി തകർന്ന ഫ്ലാറ്റിന് തൊട്ടു മുകളിലായി സ്ഥിതി ചെയ്യുന്ന 101-ാം നമ്പർ മുറിയിലെ താമസക്കാരോട് ഒഴിഞ്ഞുപോകുവാൻ അഗ്നിശമന ഉദ്യോഗസ്ഥർ നിർദ്ദേശം നൽകി.
ഏകദേശം 28 വർഷം പഴക്കമുള്ള ഗംഗാ സാഗർ സൊസൈറ്റി കെട്ടിടത്തിന്റെ പുനർവികസനം സംബന്ധിച്ച് താമസക്കാർക്കിടയിലുള്ള അഭിപ്രായ ഭിന്നതകളും അനിശ്ചിതത്വവുമാണ് അപകടങ്ങൾക്ക് വഴിവെക്കുന്നത്. കെട്ടിടം ഉടൻ പൊളിച്ചുമാറ്റുമെന്ന പ്രതീക്ഷയിൽ മിക്കവരും വീടുകളുടെ അറ്റകുറ്റപ്പണികൾ നടത്തുന്നതിൽ വിമുഖത കാണിക്കുന്നത് വലിയ സുരക്ഷാ ഭീഷണിയാണ് ഉയർത്തുന്നതെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു.




