LIFESTYLE

നിമിഷനേരം കൊണ്ട് ദുരന്തം; തകർന്നു വീണ മേൽക്കൂരയിൽപ്പെട്ട് ദമ്പതികൾക്ക് ദാരുണാന്ത്യം; ജാഗ്രത വേണം ഓരോ നിമിഷവും

നവി മുംബൈയിലെ കോപ്പർഖൈരാനയിൽ ഫ്ലാറ്റിന്റെ മേൽക്കൂര തകർന്നുണ്ടായ അപകടത്തിൽ ദമ്പതികൾക്ക് ഗുരുതരമായി പരുക്കേറ്റു. സെക്ടർ 1-ലെ ‘ഗംഗാ സാഗർ സൊസൈറ്റി’യിൽ ഒക്ടോബർ 25-നാണ് ഞെട്ടിപ്പിക്കുന്ന ഈ സംഭവം നടന്നത്. കിടപ്പുമുറിയുടെ മേൽക്കൂരയിലെ കോൺക്രീറ്റ് പാളികളും പ്ലാസ്റ്റർ ഓഫ് പാരീസും തുരുമ്പിച്ച ഇരുമ്പ് കമ്പികളും പെട്ടെന്ന് അടർന്നു വീഴുകയായിരുന്നു. ഏകദേശം മുപ്പത് വർഷത്തോളം പഴക്കമുള്ള ഈ കെട്ടിടത്തിൽ, പുനർവികസനത്തെ ചൊല്ലിയുള്ള തർക്കങ്ങൾ കാരണം വർഷങ്ങളായി അറ്റകുറ്റപ്പണികൾ ഒന്നും തന്നെ നടന്നിരുന്നില്ല.

സൊസൈറ്റിയിലെ 45-ാം നമ്പർ പ്ലോട്ടിലുള്ള ഫ്ലാറ്റിലെ മുറിയിലാണ് അപകടം സംഭവിച്ചത്. രാകേഷ് ഗുപ്തയും ഭാര്യ ഖുശ്ബു ഗുപ്തയും മുറിയിൽ വിശ്രമിക്കുമ്പോഴാണ് മേൽക്കൂര പൂർണമായും തകർന്ന് ഇവർക്ക് മുകളിൽ പതിച്ചത്. ഉച്ചയ്ക്ക് 12.26-ഓടെ വിവരം അറിഞ്ഞ അഗ്നിശമന സേന 1.20-ഓടെ സംഭവസ്ഥലത്തെത്തി. എന്നാൽ, ഫയർഫോഴ്സ് എത്തുന്നതിന് മുൻപുതന്നെ നാട്ടുകാർ പരുക്കേറ്റവരെ നവി മുംബൈ മുനിസിപ്പൽ കോർപറേഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഖുശ്ബു ഗുപ്തയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

അപകടത്തിന്റെ ഗൗരവം കണക്കിലെടുത്ത്, മുൻകരുതൽ എന്ന നിലയിൽ തകർന്ന ഫ്ലാറ്റിന് തൊട്ടു മുകളിലുള്ള 101-ാം നമ്പർ മുറിയിലെ താമസക്കാരോട് സുരക്ഷിതമായ മറ്റ് സ്ഥലങ്ങളിലേക്ക് മാറാൻ അഗ്നിശമന ഉദ്യോഗസ്ഥർ നിർദ്ദേശം നൽകി. 28 വർഷം പഴക്കമുള്ളതാണ് ഗംഗാ സാഗർ സൊസൈറ്റി കെട്ടിടം. കെട്ടിടത്തിന്റെ കാലപ്പഴക്കത്തിനൊപ്പം തന്നെ, പുനർവികസന കാര്യത്തിൽ താമസക്കാർക്കിടയിലുള്ള അഭിപ്രായവ്യത്യാസങ്ങളും തർക്കങ്ങളും കെട്ടിടത്തിന്റെ ശോച്യാവസ്ഥ വർദ്ധിപ്പിക്കുകയാണ്. എപ്പോൾ വേണമെങ്കിലും പുനർവികസനം നടന്നേക്കാം എന്ന ധാരണയിൽ, താമസക്കാർ വീടുകളുടെ അറ്റകുറ്റപ്പണി നടത്താൻ മടി കാണിക്കുന്നത് വലിയൊരു സുരക്ഷാ ഭീഷണിയായി മാറിയിരിക്കുകയാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു.

Cinema ⏭️

Back to top button