വീട്ടമ്മയിൽ നിന്ന് സംരംഭകയിലേക്ക്; കൂൺകൃഷിയിൽ വേറിട്ട മാതൃകയായി സുരഭി

സുരഭി
കൂൺഗ്രാമം പദ്ധതിയുടെയും കുടുംബശ്രീയുടെയും സഹായത്തോടെ കൂൺകൃഷിയിൽ വിജയഗാഥ തീർത്ത് വനിത സംരംഭക സുരഭി. പാലക്കാട് കുലുക്കല്ലൂർ പഞ്ചായത്ത് ചുണ്ടമ്പറ്റയിൽ താമസിക്കുന്ന സുരഭി, ‘വിക്ടറി’ എന്ന പേരിൽ രണ്ട് കൂൺ ഫാമുകളാണ് നടത്തുന്നത്.
കേരളത്തിൽ കൂൺ ഉൽപാദനം വർദ്ധിപ്പിക്കുന്നതിനും കർഷകർക്ക് മികച്ച വരുമാനം ഉറപ്പാക്കുന്നതിനുമായി കൃഷിവകുപ്പ്, ഹോർട്ടികൾച്ചർ മിഷൻ, രാഷ്ട്രീയ കൃഷിവികാസ് യോജന എന്നിവയുടെ സംയുക്ത നേതൃത്വത്തിൽ നടപ്പാക്കുന്ന സമഗ്ര പദ്ധതിയാണ് കൂൺഗ്രാമം.
വീട്ടമ്മമാർക്കും തൊഴിലില്ലാത്ത യുവാക്കൾക്കും മികച്ചൊരു വരുമാനമാർഗമായി കൂൺ കൃഷിയെ മാറ്റുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതി വഴി ഫാമിനായി രണ്ട് ലക്ഷം രൂപയും പാക്കിംഗ് യൂണിറ്റിനായി ഒരു ലക്ഷം രൂപയും സുരഭിക്ക് ലഭിച്ചിരുന്നു. വൻകിട യൂണിറ്റ്, ചെറുകിടയൂണിറ്റ്, പാക്കിംഗ് ഏരിയ എന്നിങ്ങനെ തരംതിരിച്ചാണ് ധനസഹായം ലഭിച്ചത്.
വികാസ് കുടുംബശ്രീ യൂണിറ്റിലെ അംഗമായ സുരഭി അഞ്ച് വർഷമായി കൂൺകൃഷി രംഗത്ത് സജീവമാണ്. കുടുംബശ്രീയിലൂടെ കൃഷിക്കാവശ്യമായ എല്ലാവിധ സഹായങ്ങളും ലഭിക്കാറുണ്ടെന്നും സുരഭി പറഞ്ഞു. കൂൺ കൃഷി ചെയ്യാനായി പട്ടാമ്പി കൃഷി വിജ്ഞാൻ കേന്ദ്രത്തിൽ നിന്ന് മൂന്ന് ദിവസത്തെ പരിശീലനവും സുരഭിയും കുടുംബവും നേടിയിരുന്നു.
ഉത്പാദിപ്പിക്കുന്നത് ചിപ്പിക്കൂൺ
കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ ചിപ്പിക്കൂണാണ് ഫാമിൽ ഉത്പാദിപ്പിക്കുന്നത്. ഒരു ബെഡിൽ നിന്ന് 700 ഗ്രാം മുതൽ ഒരു കിലോഗ്രാം വരെ വിളവ് ലഭിക്കും. കിലോയ്ക്ക് 500 രൂപ നിരക്കിലാണ് വിൽപ്പന. കൂൺ അച്ചാർ ഉൾപ്പെടെയുള്ള മൂല്യവർധിത ഉൽപ്പന്നങ്ങളും ഫാമിൽ ഉത്പാദിപ്പിക്കുന്നുണ്ട്. കുടുംബശ്രീയുടെ മേളകളിലൂടെ മൂല്യവർധിത ഉൽപ്പന്നങ്ങൾ വിപണനം ചെയ്യാൻ ആലോചിക്കുന്നതായും അവർ പറഞ്ഞു.
RELATED TOPICS: SURABHI MUSHROOM FARMING, KERALA MUSHROOM FARMING, KUDUMBASHREE WOMEN ENTREPRENEURS, MUSHROOM GRAMAM PROJECT
Read News ⏭️




