ഹർദീപ് സിങ് പുരിക്ക് തുടരും; മധ്യപ്രദേശിൽനിന്ന് രാജ്യസഭയിലേക്ക് അയക്കാൻ ബിജെപി തീരുമാനം

ന്യൂഡൽഹി∙ മധ്യപ്രദേശിലെ ഒഴിവുള്ള രാജ്യസഭാ സീറ്റിലേക്കു നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരിയെ സ്ഥാനാർഥിയായി ബിജെപി രംഗത്തിറക്കി. നവംബർ 12-ന് നിശ്ചയിച്ചിരിക്കുന്ന വോട്ടെടുപ്പിലേക്കാണു പുരിയെ പാർട്ടി ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നത്. ഇദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവിയെ ചൊല്ലി കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഉയർന്നിരുന്ന ഊഹാപോഹങ്ങൾക്കാണ് ഇതോടെ അറുതിയായത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര മന്ത്രിസഭയിലെ ഏക സിഖ് അംഗമാണ് ഹർദീപ് സിങ് പുരി. നിലവിൽ ഉത്തർപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗമായ അദ്ദേഹത്തിന്റെ കാലാവധി ഈ നവംബറോടെ പൂർത്തിയാകുകയാണ്. ഉത്തർപ്രദേശിലെ രാജ്യസഭാ തിരഞ്ഞെടുപ്പിനായി ബിജെപി പ്രഖ്യാപിച്ച എട്ട് സ്ഥാനാർഥികളുടെ പട്ടികയിൽ പുരിയുടെ പേര് ഇല്ലാതിരുന്നത് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചകൾക്കും അഭ്യൂഹങ്ങൾക്കും വഴിവെച്ചിരുന്നു.




