AUTO

യാത്രകളിലെ സുരക്ഷ ഉറപ്പാക്കാം; ഇൻഷുറൻസ് പോളിസി എടുക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

[

വാഹന ഇൻഷുറൻസ് പോളിസികൾ പരിശോധിക്കുമ്പോൾ പലരും ശ്രദ്ധിക്കാത്ത പ്രധാനപ്പെട്ട ഒന്നാണ് വ്യക്തിഗത അപകട ഇൻഷുറൻസ് കവറേജ്. സാധാരണയായി വാഹനത്തിന്റെ ഉടമയ്ക്ക് മാത്രമായിരിക്കും ഈ പരിരക്ഷ ലഭിക്കുക. എന്നാൽ, കാറിൽ ഒപ്പം സഞ്ചരിക്കുന്നവർക്കും അപകട ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ സാധിക്കുമെന്ന വിവരം പലർക്കും അറിവില്ല. ഇൻഷുറൻസ് പോളിസി പുതുക്കുന്ന സമയത്ത് ഇത്തരം അധിക പരിരക്ഷകൾ കൂടി ഉൾപ്പെടുത്തുന്നത് വലിയ ആശ്വാസമാകും. വാഹനത്തിന് സംഭവിക്കുന്ന കേടുപാടുകൾക്ക് ക്ലെയിം ലഭിക്കുമെങ്കിലും, ഉടമയുടെ മരണം അല്ലെങ്കിൽ അപകടം ഒഴികെ മറ്റ് യാത്രികർക്ക് സംഭവിക്കുന്ന അത്യാഹിതങ്ങൾക്ക് സാധാരണ പോളിസിയിൽ പരിരക്ഷ ലഭിക്കില്ല. ഈ സാഹചര്യത്തിലാണ് സഹയാത്രികർക്കായുള്ള ‘പേഴ്സണൽ ആക്സിഡന്റ് കവർ’ പോളിസിയിൽ ചേർക്കേണ്ടത് അത്യന്താപേക്ഷിതമാകുന്നത്.

സഹയാത്രികർക്കായി പ്രധാനമായും രണ്ട് തരം ഇൻഷുറൻസ് കവറുകളാണുള്ളത്. ഒന്നാമത്തേത് ‘നെയിംഡ് പാസഞ്ചേഴ്സ് ആക്സിഡന്റ് കവർ’ (Named Passengers Accident Cover) ആണ്. കുടുംബാംഗങ്ങൾക്കോ അല്ലെങ്കിൽ സ്ഥിരമായി ഒപ്പം യാത്ര ചെയ്യാറുള്ള സുഹൃത്തുക്കൾക്കോ വേണ്ടി ഇത് തിരഞ്ഞെടുക്കാം. ഇത്തരം പോളിസിയിൽ യാത്രികരുടെ പേര് കൃത്യമായി രേഖപ്പെടുത്തേണ്ടതുണ്ട്. രണ്ടാമത്തെ രീതി ‘അൺനെയിംഡ് പാസഞ്ചേഴ്സ് ആക്സിഡന്റ് കവർ’ (Unnamed Passengers Accident Cover) ആണ്. ഇതിൽ യാത്രക്കാരുടെ പേര് നൽകേണ്ടതില്ല. പകരം വാഹനത്തിന്റെ സീറ്റിങ് കപ്പാസിറ്റി അനുസരിച്ച് പരിരക്ഷ ഉറപ്പാക്കാം. ഉദാഹരണത്തിന്, വാഹന ഉടമയെ കൂടാതെ നാല് പേർക്ക് കൂടി ഇതിൽ ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. ആ വാഹനത്തിൽ ആ സമയത്ത് സഞ്ചരിക്കുന്ന ആർക്കും ഈ ആനുകൂല്യം ലഭിക്കുന്നതാണ്.

ഈ ഇൻഷുറൻസിനായി അധികമായി നൽകേണ്ട തുക അത്ര വലുതല്ല. എത്ര രൂപയുടെ പരിരക്ഷയാണോ നിങ്ങൾ തിരഞ്ഞെടുക്കുന്നത്, അതിനനുസരിച്ചാകും പ്രീമിയം തുകയിൽ മാറ്റം വരിക. നിലവിൽ 15 ലക്ഷം രൂപ വരെ അപകട പരിരക്ഷ നൽകുന്ന പോളിസികൾ ലഭ്യമാണ്. വാഹനത്തിന്റെ സീറ്റിങ് കപ്പാസിറ്റിയെ അടിസ്ഥാനമാക്കിയാണ് പ്രീമിയം കണക്കാക്കുന്നത്. ഒരാൾക്ക് നിശ്ചിത തുക എന്ന കണക്കിൽ (ഒരു വർഷത്തേക്ക് 1000 രൂപയിൽ താഴെ മാത്രം) സീറ്റിങ് കപ്പാസിറ്റിയുടെ ഗുണിതമായി ഈ തുക അടച്ചാൽ മതിയാകും. അതിനാൽ, അടുത്ത തവണ വാഹന ഇൻഷുറൻസ് പുതുക്കുമ്പോൾ സഹയാത്രികർക്കുള്ള ഈ സുരക്ഷാ കവചം കൂടി ഉൾപ്പെടുത്താൻ മറക്കരുത്.

Sports ⏭️

Back to top button