AUTO

ചൈനീസ് മുന്നേറ്റത്തില്‍ അടിപതറി ജാപ്പനീസ് കാർ നിർമാതാക്കൾ; യൂറോപ്പിനെ കീഴടക്കി ചൈന


യൂറോപ്യന്‍ കാര്‍ വിപണിയിലെ ചൈനീസ് കാര്‍ നിര്‍മാതാക്കളുടെ മുന്നേറ്റത്തില്‍ അടിപതറി ജാപ്പനീസ് ബ്രാന്‍ഡുകള്‍. യൂറോപ്യന്‍ കാര്‍ വിപണിയുടെ ചരിത്രത്തിലാദ്യമായാണ് ജാപ്പനീസ് കാര്‍ നിര്‍മാതാക്കളെ വില്‍പനയില്‍ ചൈനീസ് കാര്‍ നിര്‍മാതാക്കള്‍ പിന്നിലാക്കിയിരിക്കുന്നത്. ഫോക്‌സ്‌വാഗണ്‍ റെനോ തുടങ്ങിയ പ്രമുഖ യൂറോപ്യന്‍ കമ്പനികള്‍ക്കാണ് ഇപ്പോഴും യൂറോപ്പില്‍ ആധിപത്യമെങ്കിലും ഏതാനും വര്‍ഷങ്ങള്‍കൊണ്ട് ചൈന നേടിയ കുതിപ്പ് എല്ലാവരുടേയും ചങ്കിടിപ്പിക്കുന്നുണ്ട്.പാദവാര്‍ഷിക വില്‍പനയില്‍ 11.9 ശതമാനം വിഹിതമുള്ള ടൊയോട്ട ഉള്‍പ്പടെയുള്ള പ്രമുഖ ജാപ്പനീസ് കാര്‍ കമ്പനികള്‍ ചൈനക്കു പിന്നിലായി. അഞ്ചു വര്‍ഷം മുന്‍പ് യൂറോപ്യന്‍ കാര്‍ വിപണിയില്‍ വെറും ഒരു ശതമാനം മാത്രമായിരുന്നു ചൈനീസ് കാറുകളുടെ വിഹിതം. പതിറ്റാണ്ടുകളെടുത്ത് യൂറോപ്പില്‍ സാന്നിധ്യം ഉറപ്പിച്ച ജാപ്പനീസ് കമ്പനികളെയാണ് ചൈന ഏതാനും വര്‍ഷങ്ങള്‍കൊണ്ട് മറികടന്നിരിക്കുന്നത്.1963 മുതല്‍ യൂറോപ്പില്‍ കാറുകള്‍ വില്‍ക്കുന്ന കമ്പനിയാണ് ടൊയോട്ട. അവര്‍ക്ക് യൂറോപ്യന്‍ ഭൂഖണ്ഡത്തിലുടനീളം സ്വന്തം ഫാക്ടറികളുണ്ട്. നിസാന്‍ 1986 മുതല്‍ യുകെയിലെ സണ്ടര്‍ലാന്‍ഡ് പ്ലാന്റില്‍ വാഹനം നിര്‍മിക്കുന്നുണ്ട്. ഈ പാരമ്പര്യത്തേയും അനുഭവ സമ്പത്തിനേയുമെല്ലാം പുത്തന്‍ ഫീച്ചറുകളും സൗകര്യങ്ങളും കുറഞ്ഞ വിലയും വൈവിധ്യവുമെല്ലാം കൊണ്ടാണ് ചൈനീസ് കമ്പനികള്‍ വെല്ലുവിളിക്കുന്നത്. കഴിഞ്ഞ മാര്‍ച്ചിലും സെപ്തംബറിലും യുകെയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട മോഡല്‍ ചെറിയുടെ ജെയ്കൂ 7 എസ്‌യുവിയായിരുന്നു.ഒക്ടോബര്‍ തുടക്കത്തില്‍ നടന്ന പാരിസ് മോട്ടോര്‍ ഷോയില്‍ ചെറി, ബിവൈഡി, ഗീലിയുടെ സീക്കര്‍ എന്നീ കമ്പനികള്‍ പുതു മോഡലുകള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. യൂറോപ്യന്‍ വിപണിക്കായി പ്രത്യേകം നിര്‍മിച്ച ബിവൈഡി ഡോള്‍ഫിന്‍ ജിഡിഎം-ഐ  പോലുള്ള പ്ലഗ് ഇന്‍ ഹൈബ്രിഡ് മോഡലുകള്‍ ആകര്‍ഷകമായ വിലയിലാണ് വിപണയിയിലേക്കെത്തുന്നത്. ഇന്ധന വില സര്‍വ്വകാല റെക്കോഡിലേക്കെത്തി നില്‍ക്കുന്ന സാഹചര്യത്തില്‍ ഇവിയിലേക്കും ഹൈബ്രിഡിലേക്കും മാറിചിന്തിക്കുന്നവര്‍ക്കു മുന്നിലെ ആകര്‍ഷകമായ ഓഫറായി മാറുകയാണ് ചൈനീസ് ബ്രാന്‍ഡുകള്‍.ചൈനീസ് സര്‍ക്കാരിന്റെ പ്രത്യേക സാമ്പത്തിക ഇളവുകളോടെയാണ് ഈ ബ്രാന്‍ഡുകളുടെ അസ്വാഭാവിക മുന്നറ്റമെന്ന വിമര്‍ശനവും ശക്തമാണ്. വിപണിയിലെ കുത്തക ഉറപ്പിച്ചു കഴിഞ്ഞാല്‍ കളിമാറുമെന്ന മുന്നറിയിപ്പുമുണ്ട്. യൂറോപ്പിലെ ഈ ചൈനീസ് കാര്‍ അധിനിവേശത്തിന് തടയിടാന്‍ ഇതിനകം തന്നെ യൂറോപ്യന്‍ യൂണിയന്‍ ശ്രമങ്ങള്‍ ആരംഭിച്ചിട്ടുമുണ്ട്. ചൈനീസ് ഇവികള്‍ക്ക് അധിക തീരുവ ചുമത്തിയതിനു പിന്നാലെ ചൈനയില്‍ നിന്നുള്ള ഹൈബ്രിഡ് കാറുകളുടെ ഇറക്കുമതി നിയന്ത്രിക്കാനും യൂറോപ്യന്‍ യൂണിയനില്‍ തത്ത്വത്തില്‍ ധാരണയായിട്ടുണ്ട്. തദ്ദേശീയമായി മാത്രം നിര്‍മിക്കുന്ന കാറുകള്‍ക്ക് മാത്രമായി സബ്‌സിഡിയും മറ്റ് ആനുകൂല്യങ്ങളും നല്‍കുന്ന പുതിയ നിയമവും യൂറോപ്യന്‍ യൂണിയന്റെ പരിഗണനയിലാണ്.


Sports ⏭️

Back to top button