NEWS

കേരള തീരത്തിന് മുകളിൽ ന്യൂനമർദ്ദം; സംസ്ഥാനത്ത് മഴ കനക്കും, ഈ ജില്ലക്കാർ പ്രത്യേകം ശ്രദ്ധിക്കണം

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കുകിഴക്കൻ അറബിക്കടലിലും കേരള തീരത്തിനും മുകളിലായി ന്യൂനമർദ്ദം സ്ഥിതിചെയ്യുന്നു. ന്യൂനമർദ്ദവുമായി ബന്ധപ്പെട്ട ചക്രവാതച്ചുഴിയിൽ നിന്ന് കേരളത്തിലൂടെ വടക്കൻ തമിഴ്‌നാട് തീരം വരെ ന്യൂനമർദ്ദ പാത്തി ട്രഫ് സ്ഥിതിചെയ്യുന്നു.

മദ്ധ്യ ബംഗാൾ ഉൾക്കടലിലും തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലും മുകളായിലായി തീവ്രന്യൂനമർദ്ദം സ്ഥിതിചെയ്യുന്നുണ്ട്. ഇന്ന് (ഒക്ടോബർ 25) അതിതീവ്ര ന്യൂനമർദ്ദമായി ശക്തിപ്രാപിക്കാനും ഇത് ഒക്ടോബർ 26ന് രാവിലെ മദ്ധ്യബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്ന മദ്ധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലുമായി ചുഴലിക്കാറ്റായി ശക്തിപ്രാപിക്കാനും ഒക്ടോബർ 27ന് രാവിലെ മദ്ധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ശക്തമായ ചുഴലിക്കാറ്റായി മാറാനും സാധ്യതയുണ്ട്.

തുടർന്ന് വടക്കുപടിഞ്ഞാറൻ ദിശയിൽ നീങ്ങുന്ന ഇത് കൂടുതൽ ശക്തിപ്രാപിച്ച് അതിശക്തമായ ചുഴലിക്കാറ്റായിമാറുകയും ഒക്ടോബർ 28ന് രാവിലെ ആന്ധ്രാപ്രദേശ് തീരത്തിന് സമീപം മദ്ധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ എത്തിച്ചേരുകയും. ഉച്ചയ്ക്ക് മുമ്പ് ആന്ധ്രാപ്രദേശ്–യാനം തീരങ്ങൾക്കിടയിലൂടെ ബാപട്‌ലക്കും വിശാഖപട്ടണത്തിനും ഇടയിലുള്ള മണിക്കൂറിൽ 115–125 കിലോമീറ്ററും പരമാവധി വേഗം മണിക്കൂറിൽ 140 കിലോമീറ്റർ വരെയും അതിശക്തമായ ചുഴലിക്കാറ്റായി കരയിൽ പ്രവേശിക്കാൻ സാദ്ധ്യതയുണ്ടെന്നും ണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

കേരളത്തിൽ ഇന്ന് (ഒക്ടോബർ 25) ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിതീവ്ര മഴയ്ക്ക് സാദ്ധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ഒക്ടോബർ 25 മുതൽ 27 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30–40 കി.മീ. വരെ വേഗതയിൽ ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

റെഡ് അലർട്ട്

വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ റെഡ‌് അലർട്ടാണ്. അതിതീവ്രമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.

ഓറഞ്ച് അലർട്ട്

25/10/2026: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കണ്ണൂർ

26/10/2026: പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം

എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നതുകൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

മഞ്ഞ അലർട്ട്

25/10/2026: കാസർകോട്

26/10/2026: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്

27/10/2026: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം

എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.

RELATED TOPICS: KERALA WEATHER ALERT OCTOBER 2026, KERALA RED ALERT, KERALA HEAVY RAINFALL WARNING, BAY OF BENGAL CYCLONE, IMD KERALA RAIN FORECAST

Read News ⏭️

Back to top button