BUSINESS

ഏത് ഓഹരിയിൽ നിക്ഷേപിക്കണമെന്ന് വാട്സാപ് ഗ്രൂപ്പിൽ പറയും, ഒടുവിൽ ‘നിക്ഷേപകൻ’ കുടുങ്ങി; 546.17 കോടി റീഫണ്ട് നൽകാൻ ഉത്തരവ്


അനുമതിയില്ലാതെ ആയിരക്കണക്കിനു പേർക്ക് ഓഹരി നിക്ഷേപത്തെക്കുറിച്ചുള്ള ക്ലാസ് നൽകിയ നിക്ഷേപകനും പരിശീലന സ്ഥാപനത്തിനും വൻ തുക പിഴ വിധിച്ച് സെക്യുരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി). അവധൂത് സാത്തെ ട്രേഡിങ് അക്കാദമിക്കും ഉടമ അവധൂത് സാത്തെയ്ക്കുമെതിരെയാണ് നടപടി. റജിസ്ട്രേഷൻ ഇല്ലാതെ ഓഹരി പഠന ക്ലാസുകൾ സംഘടിപ്പിച്ചതിലൂടെ പിരിച്ചെടുത്ത 546.17 കോടി രൂപ തിരികെ കൊടുക്കാനാണ് ഉത്തരവ്. പലിശ ഇനത്തിൽ 67.87 കോടി രൂപയും അടയ്ക്കണം. 1991 മുതൽ ഓഹരി വിപണിയിൽ സജീവമായ അവധൂത് സാത്തെ 2008 ഫെബ്രുവരി മുതലാണ് സ്വന്തം നിലയിൽ പരിശീലന ക്ലാസുകൾ സംഘടിപ്പിച്ചു തുടങ്ങിയത്. മുംബൈ, ഡൽഹി തുടങ്ങി രാജ്യത്തിന്റെ എല്ലായിടങ്ങളിലും അവധൂതിന്റെ ഇൻസ്റ്റിറ്റ്യൂട്ടിന് സാന്നിധ്യമുണ്ടായിരുന്നു. എന്നാൽ ഇതിന് മതിയായ രജിസ്ട്രേഷൻ ഇല്ലെന്ന് കാട്ടിയാണ് അക്കാദമിക്ക് 11.5 കോടി രൂപ പിഴ ചുമത്തിയത്. അവധൂതിന് 4 കോടി രൂപയും പിഴ ചുമത്തി. സ്ഥാപനത്തിനും അവധൂതിനും രണ്ടു വർഷത്തേക്കോ റീഫണ്ട് നടപടികൾ പൂർത്തിയാക്കുന്നതു വരെയോ ഓഹരി വിപണിയിൽ വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്. തെറ്റായ പരസ്യങ്ങളും ഉയർന്ന ലാഭം ലഭിക്കുമെന്ന പ്രചാരണവും നടത്തിയാണ് അവധൂത് പരിശീലന ക്ലാസിന് ആളെ ചേർത്തിരുന്നത്. വാട്സാപ് പോലുള്ള മാധ്യമങ്ങളിലൂടെ തെറ്റായ നിക്ഷേപ ഉപദേശം നൽകിയിരുന്നുവെന്നും സെബി കണ്ടെത്തി. ഇതിനായി 601.38 കോടി രൂപ ആളുകളിൽ നിന്ന് പിരിച്ചെടുത്തു. ഇതിൽ 546.17 കോടി രൂപയാണ് ബന്ധപ്പെട്ടവർക്ക് തിരിച്ചു കൊടുക്കാൻ നിർദേശം നൽകിയത്. 5 മാസത്തിനുള്ളിൽ ഇത് പൂർത്തിയാക്കുകയും വേണം. നിക്ഷേപകർക്ക് എങ്ങനെയാണ് പണം തിരികെ ലഭിക്കുന്നതെന്ന കാര്യം വ്യക്തമാകുന്ന തരത്തിൽ പത്രപരസ്യം നൽകണമെന്നും സെബി ഉത്തരവിൽ പറയുന്നു.


Travel ⏭️

Back to top button