‘പ്രവർത്തിക്കാൻ അനുവദിക്കുന്നില്ല’, സിപിഎം കേന്ദ്രനേതൃത്വത്തിന് കത്തയച്ച് പിപി ദിവ്യ

പിപി ദിവ്യ (photo credit: Facebook )
കണ്ണൂർ: സിപിഎം നേതാവും കണ്ണൂർ ജില്ലാപഞ്ചായത്ത് മുൻ പ്രസിഡന്റുമായ പിപി ദിവ്യ പാർട്ടി കേന്ദ്ര നേതൃത്വത്തിന് കത്തയച്ചു. തനിക്കെതിരായ പാർട്ടി നടപടി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടാണ് കത്തയച്ചതെന്നാണ് റിപ്പോർട്ട്. ജനാധിപത്യ മഹിളാ അസോസിയേഷൻ ഭാരവാഹിത്വത്തിൽ നിന്ന് മാറ്റിയതിനെക്കുറിച്ചും കത്തിൽ പരാമർശിക്കുന്നുണ്ട്. സംസ്ഥാന ജോയിന്റ് സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയതിന് പിന്നാലെ ജില്ലാ സെന്ററിൽ പോലും പ്രവർത്തിക്കാൻ അനുവദിക്കുന്നില്ലെന്നും ജില്ലാ സെന്ററിലെ പ്രവർത്തനത്തിൽ നിന്ന് മാറ്റിയത് ജില്ലാ സെക്രട്ടറി പി കെ ശ്യാമള ആണെന്നും കത്തിൽ പറയുന്നു. വിപുലീകൃത ജില്ലാ കമ്മിറ്റിക്ക് തൊട്ടുമുമ്പാണ് ദിവ്യ കത്തയച്ചത്.
കത്ത് ലഭിച്ചുവെന്നും വിഷയം ചർച്ച ചെയ്യാമെന്നും പാർട്ടി ജനറൽ സെക്രട്ടറി എംഎ ബേബി അറിയിച്ചു. ദിവ്യയുമായി ഫോണിൽ സംസാരിച്ചെന്നും അദ്ദേഹം പറഞ്ഞു. നവീൻ ബാബുവിന്റെ മരണത്തിന് പിന്നാലെയാണ് ദിവ്യയെ കണ്ണൂർ ജില്ലാ കമ്മിറ്റിയിൽ നിന്ന് ബ്രാഞ്ചിലേക്ക് തരം താഴ്ത്തിയത്. വിപുലീകൃത ജില്ലാ കമ്മിറ്റിയിൽ ദിവ്യയ്ക്ക് ജില്ലാക്കമ്മിറ്റിയിലേക്ക് സ്ഥാനക്കയറ്റം നൽകുമെന്നാണ് കരുതിയത്. എന്നാൽ അതുണ്ടായില്ല. ഇതിന്റെ നിരാശയിലെന്നോണം കഴിഞ്ഞദിവസം പാർട്ടിയുമായി അകലുന്നു എന്ന തോന്നലുണ്ടാക്കുന്ന തരത്തിലുള്ള കുറിപ്പ് ദിവ്യ ഫേസ്ബുക്കിൽ പോസ്റ്റുചെയ്തിരുന്നു.
അതിനിടെ ഇന്നലെ ദിവ്യയ്ക്കെതിരെ വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ ടെൻഡറില്ലാതെ കാർട്ടൺ ഇന്ത്യ അലയൻസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് നിർമ്മാണ കരാറുകൾ നൽകിയെന്ന പരാതിയിലായിരുന്നു അന്വേഷണം. ഭർത്താവ് അജിത്തിനെതിരെയും ജില്ലാ പഞ്ചായത്ത് മുൻ സെക്രട്ടറി അബ്ദുൽ ലത്തീഫിനെതിരെയും അന്വേഷണമുണ്ടാകും.
കാർട്ടൺ കമ്പനി ദിവ്യയുടെ ബിനാമിയുടേതാണെന്നാണ് പരാതിയിൽ പറയുന്നത്. 2023-24 കാലയളവിലെ ഇടപാടുകളാണ് സംശയാസ്പദം. ദിവ്യയുടെയും ഭർത്താവിന്റെയും സ്വത്തുവിവരങ്ങളും അന്വേഷിക്കും.കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ് ജൂണിലാണ് ഇതുസംബന്ധിച്ച് പരാതി നൽകിയത്. ഏത് അന്വേഷണത്തോടും താൻ സഹകരിക്കും എന്നായിരുന്നു അന്വേഷണം പ്രഖ്യാപിച്ചതിൽ ദിവ്യയുടെ പ്രതികരണം.
English Summary
CPM leader and former Kannur District Panchayat president PP Divya has reportedly written to the party’s central leadership, seeking a review of the disciplinary action taken against her. The letter also reportedly refers to her removal from an office-bearer position in the Democratic Women’s Association.
RELATED TOPICS: PP DIVYA, CPM CENTRAL LEADERSHIP, PP DIVYA LETTER, പി പി ദിവ്യ സിപിഎം, PP DIVYA LATEST NEWS
Read News ⏭️




