NEWS
പന്തളം ബൈപാസ്: ഭൂമിയുടെ വിലനിർണയം തുടങ്ങി; ഏറ്റെടുക്കേണ്ടത് 4.9 ഏക്കർ, സർവേ പൂർത്തിയാക്കിയത് 6 മാസമെടുത്ത്

പന്തളം ∙ പന്തളം ബൈപാസ് സംബന്ധിച്ച ആശങ്കകളും പരാതികളും നിലനിൽക്കെ, ഏറ്റെടുക്കേണ്ട ഭൂമിയുടെ വിലനിർണയത്തിലേക്ക് കടന്നു കിഫ്ബി റവന്യു വിഭാഗം. ഇതിനായി പദ്ധതി പ്രദേശത്തെയും സമീപത്തെയുമായി ആയിരത്തിലധികം വിലയാധാരങ്ങൾ സബ് റജിസ്ട്രാർ ഓഫിസ് വഴി അധികൃതർ ശേഖരിച്ചു. 6 മാസത്തോളം നീണ്ട സർവേക്ക് ശേഷമായിരുന്നു ഇത്. പുരയിടം, പാടം, പ്രധാന റോഡ് ഭാഗം, ഉപറോഡ് ഭാഗം എന്നിങ്ങനെ വിഭാഗങ്ങളായി തിരിച്ചാണ് ആധാരം പരിശോധിക്കുക. ഇതിനു ശേഷം വിലനിർണയത്തിലേക്കെത്താൻ ഇനിയും മാസങ്ങളെടുക്കും. 2018ൽ ശിലയിട്ടതാണ് ബൈപാസ് പദ്ധതി. 28.78 കോടി രൂപയാണ് പദ്ധതിത്തുക. 3.8 കിലോമീറ്റർ നീളത്തിലും 12 മീറ്റർ വീതിയിലുമാണ് നിർമാണം. 3 വർഷത്തെ വിലയാധാരമാണ് പരിശോധിക്കുന്നത്. ഈ വിലയുടെ ഇരട്ടിയും 12 ശതമാനം പലിശയുമാണ് നഷ്ടപരിഹാരം. നഷ്ടപ്പെടുന്ന നിർമാണങ്ങളുടെയും വൃക്ഷങ്ങളുടെയും അടക്കം വിലയും കണക്കാക്കും. മാസങ്ങളെടുക്കുന്ന ഈ പ്രക്രിയ പൂർത്തിയായാൽ നഷ്ടപരിഹാരം നൽകുന്നതിലേക്ക് കടക്കാം. ഭൂമി ഏറ്റെടുക്കലിൽ നഷ്ടപരിഹാരവും പുനരധിവാസവും സംബന്ധിച്ച നിയമം പാലിക്കണമെന്നും വ്യവസ്ഥയുണ്ട്.
Fashion ⏭️




