SPORTS
‘സഞ്ജുവിനെയും അഭിഷേകിനെയും നേരിടാൻ സൂര്യനു കീഴിലുള്ള സകല പ്ലാനുകളും വേണം; ഒരിക്കൽ പിഴച്ചാൽ തീർന്നു’

ക്രൈസ്റ്റ്ചർച്ച്∙ ഇന്ത്യൻ ട്വന്റി20 ടീമിലെ സഞ്ജു സാംസൺ– അഭിഷേക് ശർമ ഓപ്പണിങ് സഖ്യത്തെ പുകഴ്ത്തി ന്യൂസീലൻഡ് താരം ഗ്ലെൻ ഫിലിപ്സ്. ഇന്ത്യൻ ഓപ്പണർമാരെ നേരിടണമെങ്കിൽ ഒരാൾക്കു സൂര്യനു കീഴിലുള്ള എല്ലാ പദ്ധതികളും വേണമെന്നും, ബാറ്റർമാരില്‍നിന്ന് പിഴവുകൾ സംഭവിക്കാനുള്ള സാധ്യത വളരെ ചെറുതാണെന്നും ഗ്ലെൻ ഫിലിപ്സ് പ്രതികരിച്ചു. ഒന്നാം ട്വന്റി20യിൽ ഇന്ത്യ നാലു വിക്കറ്റ് വിജയം നേടിയതിനു പിന്നാലെയായിരുന്നു ഫിലിപ്സിന്റെ വാക്കുകൾ. മത്സരത്തിൽ അര്‍ധസെഞ്ചറി നേടിയ സഞ്ജു സാംസൺ, അഭിഷേക് ശർമയെ കൂട്ടുപിടിച്ച് ഓപ്പണിങ് വിക്കറ്റിൽ 93 റൺസാണ് കൂട്ടിച്ചേർത്തത്.‘‘സഞ്ജു– അഭിഷേക് കോംബോ ഗംഭീരമാണ്. അവർക്കെതിരെ ഒരുപാട് പ്ലാനുകള്‍ കയ്യിലുണ്ടാകണം. കാരണം അവർക്കു പിഴവുകൾ അധികം സംഭവിക്കില്ല. ന്യൂസീലൻഡിന് ഉദ്ദേശിച്ച പോലെ പദ്ധതികൾ നടപ്പാക്കാൻ സാധിച്ചില്ല. അതാണു കളി കൈവിടാൻ കാരണം.’’– ഗ്ലെൻ ഫിലിപ്സ് വ്യക്തമാക്കി. ന്യൂസീലൻഡിനെതിരെ 33 പന്തുകൾ നേരിട്ട സഞ്ജു സാംസൺ 67 റൺസാണ് സ്കോർ ചെയ്തത്. അഭിഷേക് ശർമ 12 പന്തുകളിൽനിന്ന് 29 റൺസും സ്വന്തമാക്കി. മത്സരത്തിൽ 226 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 19.4 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ വിജയത്തിലെത്തി. 15 പന്തിൽ 42 റൺസെടുത്ത നമൻ ധീർ മാറ്റ് ഹെൻറിയെ സിക്സർ തൂക്കിയാണ് ഇന്ത്യയ്ക്കായി വിജയ റൺസ് കുറിച്ചത്.
Auto ⏭️




