NEWS

ട്രെൻഡായി സാരി ഡ്രേപ്പിങ്, ചില്ലറപ്പരിപാടിയല്ല; ഓരോ തവണയും വരുമാനം 500 മുതൽ ലക്ഷങ്ങളിലേക്ക്


പാലക്കാട്∙ ഉടുത്തൊരുങ്ങിയാൽ അഴകാണ്; പക്ഷേ, ഉടുത്തൊരുങ്ങലാണു പ്രയാസം. സാരിയെക്കുറിച്ചാണു പറഞ്ഞുവരുന്നത്. അനുസരണക്കേടാണു സാരിയുടെ പ്രധാന കുറ്റം. ഇങ്ങോട്ടു വലിച്ചാൽ അങ്ങോട്ടു പോകും. നേരാംവണ്ണം ഉടുത്തില്ലെങ്കിൽ നാണക്കേടുമാകും. സാരമില്ല; ഏതവസരത്തിലും ഒരുക്കാൻ ഇപ്പോൾ സാരി ഡ്രേപ്പിസ്റ്റ് ഉണ്ട്. നിന്നുകൊടുത്താ‍ൽ മതി, വഴങ്ങാത്ത ഏതു സാരിയെയും കൊണ്ട് ‘സരിഗമ പാടി’ ഉടുപ്പിക്കും. സാരി ഡ്രേപ്പിങ് ചില്ലറപ്പരിപാടിയല്ല. സാരി ഉടുക്കുന്നയാളുടെയും സാരിയുടെയും സൗന്ദര്യവും സ്വഭാവവും നന്നായി പഠിക്കണം. അതനുസരിച്ചു വേണം ഞൊറിയെടുക്കാൻ. സാരി തേച്ച് ഞൊറികൾ കൃത്യമായി എടുത്തു പിൻ ചെയ്ത് ഉടുപ്പിക്കണം. തടിയുള്ളവർക്ക് ഒരു രീതി, മെലിഞ്ഞവർക്കു മറ്റൊന്ന്. ഉയരക്കൂടുതലുള്ളവർക്കു വേറൊരു ടെക്നിക്. ഇന്ന് ഒരു കല്യാണത്തിനു പെണ്ണിനു മാത്രം പോരാ ഡ്രേപ് ചെയ്ത സാരി. അമ്മായിയമ്മ, നാത്തൂൻ തുടങ്ങി ഫ്ലവർഗേൾസിനു വരെ ചേരുന്ന സാരി ഡ്രേപ്പിങ് നടത്തുന്നതാണു ട്രെൻ‍ഡ്.ഞൊറികളിൽ പുതുമ  പരമ്പരാഗതമായി ഞൊറിഞ്ഞുടുക്കുന്ന രീതിക്കപ്പുറം, വ്യത്യസ്തമായ ചുറ്റുകളിലൂടെയും മടക്കുകളിലൂടെയും പ്ലീറ്റുകളിലൂടെയും സാരിക്കു പുതിയ രൂപം നൽകുന്നതാണ് ഇന്നത്തെ ഫാഷൻ. ഒരേ സാരി വ്യത്യസ്ത രീതികളിൽ അണിഞ്ഞ് ഓരോ അവസരത്തിനും അനുയോജ്യമായ ലുക്ക് സൃഷ്ടിക്കാമെന്നതാണു ഡ്രേപ്പിങ്ങിന്റെ ഏറ്റവും വലിയ ആകർഷണം. ധോത്തി സ്‌റ്റൈൽ, പാന്റ്‌സ് ഡ്രേപ്പിങ്, പ്രീ സ്റ്റിച്ച്ഡ് സാരി, കേപ്പ് ഡ്രേപ്പിങ്, ബെൽറ്റ് സ്‌റ്റൈൽ, ബട്ടർഫ്ലൈ ഡ്രേപ്പിങ് തുടങ്ങി സാരിയിലെ ട്രെൻഡിങ് പരീക്ഷണങ്ങൾ ഏറെയാണ്. കൂടുതൽ സൗകര്യപ്രദമായ തരത്തിൽ റെഡി ടു വെയർ സാരികളും ഇന്നു സാധാരണയാണ്.


Fashion ⏭️

Back to top button