SPORTS

ഏകദിന, ട്വന്റി20 ടീമുകളിൽ ഇടമില്ല, ഈ താരങ്ങൾ കോലിയുടേയും രോഹിതിന്റെയും പകരക്കാരാകുമെന്ന് പ്രഖ്യാൻ ഓജ


മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് ടീം സിലക്ഷന്‍ കമ്മിറ്റിയുടെ ചെയർമാനായതിനു പിന്നാലെ ഋഷഭ് പന്തിനെയും യശസ്വി ജയ്സ്വാളിനെയും പിന്തുണച്ച് പ്രഖ്യാൻ ഓജ. ഋഷഭ് പന്തിനും യശസ്വി ജയ്സ്വാളിനും ഇന്ത്യൻ ടീമിൽ വിരാട് കോലിയും രോഹിത് ശർമയുമുണ്ടാക്കിയ വിടവ് നികത്താനാകുമെന്ന് ഓജ വ്യക്തമാക്കി. ടെസ്റ്റ് ക്രിക്കറ്റിൽ മാത്രം കളിക്കുന്ന ജയ്സ്വാളിനും പന്തിനും നിലവിൽ ഇന്ത്യൻ ഏകദിന, ട്വന്റി20 ടീമുകളിൽ ഇടം കണ്ടെത്താൻ സാധിച്ചിട്ടില്ല. രോഹിതും കോലിയും ഏകദിന ഫോർമാറ്റിൽനിന്നു വിരമിക്കുമ്പോൾ ജയ്സ്വാളിന് കൂടുതൽ അവസരം ലഭിക്കുമെന്നാണു ആരാധകരുടെ പ്രതീക്ഷ.‘‘അടുത്ത ഒന്നോ, രണ്ടോ വർഷത്തിൽ അദ്ദേഹത്തിന്റെ മികച്ച പ്രകടനങ്ങൾ നമുക്കു കാണാന്‍ സാധിക്കും. ഇതുപോലുള്ള പ്രതിഭകളെ നമ്മൾ പിന്തുണയ്ക്കണം. ഒരു തീപ്പൊരിക്ക് തീയായി മാറാൻ സാധിക്കും. അതു സംഭവിച്ചാൽ പിന്നെ ആർക്കും അദ്ദേഹവുമായി മത്സരിക്കാൻ സാധിക്കില്ല.’’– പ്രഖ്യാൻ ഓജ ഒരു പോഡ്കാസ്റ്റിൽ വ്യക്തമാക്കി. ടെസ്റ്റിൽ എട്ട് സെഞ്ചറികൾ നേടിയിട്ടുള്ള ഋഷഭ് പന്ത്, ഓസ്ട്രേലിയയ്ക്കും ഇംഗ്ലണ്ടിനും ദക്ഷിണാഫ്രിക്കയ്ക്കുമെതിരെ സെഞ്ചറിയടിച്ച താരമാണ്. പക്ഷേ ഏകദിന ഫോർമാറ്റിൽ 31 മത്സരങ്ങൾ കളിച്ചിട്ടുള്ള താരത്തിന് ഒരു സെഞ്ചറിയും അഞ്ച് അർധ സെഞ്ചറിയുമുൾപ്പടെ 871 റൺസാണു നേടാൻ സാധിച്ചത്. പരുക്കിന്റെ പിടിയിലുള്ള ഋഷഭ് പന്ത് ബിസിസിഐയുടെ അനുമതി ലഭിച്ചാൽ മാത്രമാകും ന്യൂസീലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിൽ കളിക്കാന്‍ സാധിക്കുക.


Auto ⏭️

Back to top button