SPORTS
ഒഡീഷയെ ‘ഒടിച്ചുമടക്കി’ കേരളം; ഇന്നിങ്സിനും 36 റൺസിനും തകർത്ത് വമ്പൻ ജയം; ജലജ് സക്സേനയ്ക്ക് 5 വിക്കറ്റ്

തിരുവനന്തപുരം∙ രഞ്ജി ട്രോഫിയിൽ ഒഡീഷയ്ക്കെതിരെ കേരളത്തിനു തകർപ്പൻ ജയം. ഇന്നിങ്സിനും 36 റൺസിനുമാണ് ഒഡീഷയെ കേരളം തകർത്തത്. കേരളത്തിന്റെ സ്കോറായ 404-നെതിരെ ബാറ്റ് ചെയ്യാനിറങ്ങിയ ഒഡീഷയുടെ ആദ്യ ഇന്നിങ്സ് 225 റൺസിനും രണ്ടാം ഇന്നിങ്സ് 143 റൺസിനും അവസാനിച്ചു. ആദ്യ ഇന്നിങ്സിൽ 179 റൺസ് ലീഡ് നേടിയ കേരളം, ഒഡീഷയെ ഫോളോ ഓൺ ചെയ്യിക്കുകയായിരുന്നു. 4ന് 102 റൺസെന്ന നിലയിൽ നാലാം ദിനം ബാറ്റിങ് പുനഃരാരംഭിച്ച ഒഡീഷയ്ക്ക്, 41 റൺസ് കൂടി കൂട്ടിച്ചേർക്കുന്നതിനിടെ ബാക്കി ആറു വിക്കറ്റുകൾ കൂടി നഷ്ടപ്പെടുകയായിരുന്നു. കാര്യവട്ടം സ്പോർട്സ് ഹബ് സ്റ്റേഡിയത്തിൽ സീസണിലെ ആദ്യ ഹോം മത്സരത്തിനിറങ്ങിയ കേരളത്തിന് തുടക്കം പിഴച്ചിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ആതിഥേയർ 3ന്18 എന്ന നിലയിൽ പതറിയപ്പോൾ പരിചയസമ്പന്നരായ സച്ചിനും അസ്ഹറുദ്ദീനും ചേർന്ന് ഉജ്വലമായ ഇന്നിങ്സുകളിലൂടെയാണ് മികച്ച സ്കോറിലേക്കു നയിച്ചത്. ആറാം വിക്കറ്റിൽ ഇവർ ചേർത്ത 141 റൺസിന്റെ കൂട്ടുകെട്ട് കേരള ഇന്നിങ്സിന്റെ നട്ടെല്ലായി. സച്ചിൻ ബേബി 112 റൺസ് (11 ഫോർ, 1 സിക്സ്) നേടി പുറത്തായപ്പോൾ പോരാട്ടം തുടർന്ന അസ്ഹറുദ്ദീൻ 139 റൺസുമായി (11 ഫോർ) പുറത്താകാതെ നിന്നു. മറുനാടൻ താരം ആദിത്യ സർവതെയുടെ അർധ സെഞ്ചറിയും (53) കേരളത്തിന് കരുത്തായി.
Auto ⏭️




