BUSINESS
അംബാനി കൈവിട്ടാൽ ട്രംപിന്റെ ‘പ്ലാൻ ബി’ പൊളിയും, അമേരിക്കൻ കണ്ണുകൾ ഗുജറാത്തിലെ ചെറുപട്ടണത്തിൽ പതിഞ്ഞതെങ്ങനെ?

രാജ്യതലസ്ഥാനമായ ഡൽഹി ഒഴിവാക്കി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ മുംബൈയിൽ എത്തിയത് വലിയ ചർച്ചയായിരുന്നു. ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ബിജെപി നേതാക്കളും ഇതേച്ചൊല്ലി വാക്പോരും നടന്നു. എന്നാൽ റൂബിയോ ഗുജറാത്തിലെ ഒരു ചെറുപട്ടണത്തിലെ നടത്തുന്ന സന്ദർശനമാണ് ഇപ്പോൾ രാജ്യാന്തര മാധ്യമങ്ങളിലടക്കം വലിയ വാർത്തയാകുന്നത്. ലോകത്തിലെ ഏറ്റവും വലുതും മുകേഷ് അംബാനിയുടെ നിയന്ത്രണത്തിലുള്ളതുമായ റിലയൻസ് ഇൻഡസ്ട്രീസിന്റെ ഇരട്ട എണ്ണശുദ്ധീകരണ ശാലകൾ സന്ദർശിക്കാനാണ് റൂബിയോയുടെ വരവ്. രാജ്യത്ത് പിടിവിട്ടു കുതിച്ച ഡീസൽ വില നിയന്ത്രിക്കാൻ യുഎസ് നടത്തുന്ന ശ്രമങ്ങൾക്കിടെയാണ് ഇതെന്നതും ശ്രദ്ധേയം. ട്രംപിന്റെ പ്ലാൻ ബി? യുഎസിൽ ഡീസൽ വില കുതിക്കുന്നത് കാർഷികം, ഷിപ്പിങ്, ചരക്കു നീക്കം തുടങ്ങിയ മേഖലകളെ സാരമായി ബാധിക്കും. ഇടക്കാല തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇത് ജനങ്ങളുടെ പ്രതിഷേധത്തിന് കാരണമാകുമെന്ന് ട്രംപ് ഭരണകൂടത്തിന് ആശങ്കയുണ്ട്. ഇതു പരിഹരിക്കാൻ റഷ്യയിൽ നിന്ന് ഡീസൽ ഇറക്കുമതി ചെയ്യാൻ യുഎസ് തീരുമാനിച്ചിരുന്നു. എന്നാൽ റഷ്യയിലെ എണ്ണശുദ്ധീകരണ ശാലകളിൽ യുക്രെയ്ൻ ആക്രമണം തുടർന്നതോടെ ഈ പദ്ധതിയും തുലാസിലാണ്. ഇതോടെയാണ് ഡീസലിനായി അമേരിക്ക ഇന്ത്യയിലേക്കു കണ്ണുവച്ചത്. റൂബിയോയുടെ ഇപ്പോഴത്തെ സന്ദർശനം നയതന്ത്രതലത്തിലെ ചർച്ചകളേക്കാൾ റിലയൻസുമായുള്ള ബിസിനസ് ഡീല് ഉദ്ദേശിച്ചാണെന്നാണ് കരുതുന്നത്. ഇന്ത്യയിലെ യുഎസ് അംബാസഡർ സെർജിയോ ഗോറും ഇതുശരിവയ്ക്കുന്ന പ്രസ്താവന നടത്തിയിരുന്നു. എന്തുകൊണ്ട് റിലയൻസ്? യുഎസിലെ ഒരു എണ്ണശുദ്ധീകരണ ശാലയ്ക്കു വേണ്ടി റിലയൻസ് ഇൻഡസ്ട്രീസ് ഇതിനോടകം നിക്ഷേപം നടത്തിയിട്ടുണ്ട്. 30,000 കോടി ഡോളറിന്റെ ഡീലായിരിക്കും ഇതെന്നാണ് ട്രംപിന്റെ വിശദീകരണം. വെനസ്വേലയിൽ നിന്ന് ക്രൂഡോയിൽ വാങ്ങുന്ന കമ്പനി കൂടിയാണ് റിലയൻസ്. എന്നാൽ ക്രൂഡോയിൽ ശുദ്ധീകരിക്കാനുള്ള റിലയൻസിന്റെ ശേഷിയാണ് യുഎസിന്റെ ശ്രദ്ധയാകർഷിക്കുന്നത്. പ്രതിദിനം 1.4 ദശലക്ഷം ബാരൽ ക്രൂഡോയിൽ ശുദ്ധീകരിക്കാൻ ഈ കേന്ദ്രത്തിനു ശേഷിയുണ്ട്. ലോകത്തിലാകെ ശുദ്ധീകരിക്കുന്ന ക്രൂഡോയിലിന്റെ 1.5 ശതമാനമാണിത്. 1999ലാണ് പ്രതിദിനം 6.6 ലക്ഷം ക്രൂഡോയിൽ ശുദ്ധീകരിക്കാനുള്ള കേന്ദ്രം തുടങ്ങുന്നത്. 2008ൽ 5.8 ലക്ഷം ബാരൽ ശുദ്ധീകരിക്കാനാകുന്ന മറ്റൊരു കേന്ദ്രം കൂടി തുടങ്ങി.ലോകത്തിന്റെ പല ഭാഗത്തു നിന്നും ക്രൂഡോയിൽ ഇറക്കുമതി ചെയ്ത് ശുദ്ധീകരിക്കാനുള്ള ശേഷിയും ജാംനഗറിന്റെ പ്രത്യേകതയാണ്. 216 തരം ക്രൂഡോയിൽ ഇനങ്ങൾ ശുദ്ധീകരിക്കാൻ ഈ കേന്ദ്രത്തിനാകുമെന്നാണ് റിലയൻസ് പറയുന്നത്. ലോകത്തിലെ മറ്റൊരു എണ്ണശുദ്ധീകരണ ശാലയ്ക്കും കഴിയാത്ത നേട്ടമാണിത്. അതായത് വ്യത്യസ്ത ഗ്രേഡുകളിലുള്ള റഷ്യൻ, വെനസ്വേലൻ ക്രൂഡോയിലുകൾ ഒരേ സമയം ഇവിടെ ശുദ്ധീകരിക്കാമെന്നു സാരം. ഈ മാസം മുതൽ കൂടുതൽ വെനസ്വേലൻ ക്രൂഡോയിൽ വാങ്ങാനും റിലയൻസിന് പദ്ധതിയുണ്ട്. ഇതിനു പുറമെ ഡീസൽ അടക്കമുള്ള പെട്രോളിയം ഉൽപന്നങ്ങൾ കയറ്റുമതി ചെയ്യുന്നതും റിലയൻസിന്റെ പ്രത്യേകതയാണ്.ശുദ്ധീകരിച്ച പെട്രോളിയം ഉൽപന്നങ്ങൾ ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യുന്ന കമ്പനികളിലൊന്നാണ് റിലയൻസ്. കഴിഞ്ഞ മാസം പെട്രോളിയം ഉൽപന്നങ്ങളുമായി യൂറോപിലെത്തിയ ഏഴ് ലാർജ് കാർഗോ ഷിപ്പുകളിൽ ആറെണ്ണവും റിലയൻസിന്റേതായിരുന്നു. ഇതിൽ തന്നെ ഏറ്റവും കൂടുതൽ ഡീസലാണെന്നതാണ് നിർണായക ഘടകം. റഷ്യൻ പദ്ധതി നടക്കാതെ വന്നതോടെ ഡീസലിനായി റഷ്യയെ ആശ്രയിക്കാനാണ് ഇനി യുഎസിന്റെ ശ്രമമെന്നാണ് വിലയിരുത്തൽ. ഇതിനുള്ള എന്തെങ്കിലും കരാറുകൾ റിലയൻസുമായി യുഎസ് പ്രഖ്യാപിക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
Travel ⏭️




