NEWS

‘ക്ലിനിക്കൽ ട്രയൽ ഒൺലി’ കുപ്പികൾ; എസ്എംഎ മരുന്ന് മാറ്റത്തിൽ ആശങ്ക: കുട്ടികളെ പരീക്ഷണവസ്തുവാക്കുന്നു?


തിരുവനന്തപുരം∙ അപൂര്‍വരോഗമായ സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി (എസ്എംഎ) ബാധിച്ച കുട്ടികള്‍ക്ക് നല്‍കിയ റിസ്ഡിപ്ലാം എന്ന ജനറിക് മരുന്നിന്റെ കുപ്പികളില്‍ ‘ക്ലിനിക്കല്‍ ട്രയല്‍ ഒണ്‍ലി’ എന്നു രേഖപ്പെടുത്തിയതു മാതാപിതാക്കളെ ആശങ്കയിലാക്കുന്നു. സര്‍ക്കാര്‍ നേരത്തെ സൗജന്യമായി നല്‍കിയിരുന്ന വിദേശകമ്പനിയുടെ അഞ്ചരലക്ഷത്തോളം വിലവരുന്ന മരുന്നിന് പകരം ഇന്ത്യന്‍ കമ്പനിയുടെ 15,000 രൂപയുടെ മരുന്നാണ് ഇന്നലെ മുതല്‍ വിതരണം ചെയ്യുന്നത്.2026 ഫെബ്രുവരിയിലാണ് സര്‍ക്കാര്‍ നാറ്റ്‌കോ എന്ന ഇന്ത്യന്‍ കമ്പനിയുടെ മരുന്നുവാങ്ങാനുള്ള ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചത്. ബോട്ടിലിന് 8000 രൂപ നിരക്കിലാണ് കരാര്‍ ഉറപ്പിച്ചിരിക്കുന്നത്. കമ്പനി ഡോക്ടര്‍മാര്‍ക്കു നല്‍കിയ സാംപിള്‍ ബോട്ടിലുകള്‍ നല്‍കിയതാണ് ആശയക്കുഴപ്പത്തിനു കാരണമായതെന്നാണ് അധികൃതരുടെ വിശദീകരണം. കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ വഴി സര്‍ക്കാര്‍ വിതരണത്തിനായി ഈ മരുന്നു സംസ്ഥാനത്ത് എത്തിച്ചിട്ടുണ്ട്. ഇന്നു മുതല്‍ മരുന്നിന്റെ വിതരണം ആരംഭിക്കും.സ്വിസ് കമ്പനിയായ റോഷ് ആണ് നേരത്തേ ഈ മരുന്ന് ബോട്ടിലിന് അഞ്ചരലക്ഷം രൂപയ്ക്കു വിതരണം ചെയ്തിരുന്നത്. പിന്നീട് ഇന്ത്യന്‍ കമ്പനിയായ നാറ്റ്‌കോ ‘നാറ്റ്‌സ്മാര്‍ട്’ എന്ന പേരില്‍ കുറഞ്ഞ വിലയ്ക്ക് മരുന്നു ഉല്‍പാദിപ്പിക്കുകയായിരുന്നു. ഇതോടെ പേറ്റന്റ് വിഷയം ഉന്നയിച്ച് റോഷ് നിയമനടപടി സ്വീകരിച്ചു. എന്നാല്‍ സുപ്രീംകോടതിയും ഡല്‍ഹി ഹൈക്കോടതിയും ഉള്‍പ്പെടെ ഹര്‍ജികള്‍ തള്ളുകയും നാറ്റ്‌കോയുടെ മരുന്നു വില്‍ക്കാന്‍ അനുമതി നല്‍കുകയും ചെയ്തു. ഇതിനെ തുടര്‍ന്നാണ് കേരളം ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങള്‍ ഈ മരുന്നു വാങ്ങാന്‍ തീരുമാനിച്ചത്. 


Fashion ⏭️

Back to top button