NEWS

കോവളത്തെ സ്പായിലെ പീഡനം; സീറോ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തു, ബംഗ്ലദേശിലേക്കും ഫോൺ വിളി


തിരുവനന്തപുരം∙ കോവളത്തെ സ്പായില്‍ ആന്ധ്ര സ്വദേശിനിയായ പതിനാറുകാരി പീഡനത്തിനിരയായ കേസിന്റെ അന്വേഷണം തമിഴ്‌നാട്ടിലേക്കും. ചെങ്കല്‍പേട്ട ഗുഡുവാഞ്ചേരിയിലെ സ്പായില്‍ എത്തിച്ചു തന്നെ പീഡിപ്പിച്ചിരുന്നുവെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കോവളം പൊലീസ് സീറോ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തു. കേസ് തമിഴ്‌നാട് പൊലീസിനു കൈമാറി. ഇളയമ്മയും ഭര്‍ത്താവും ചേര്‍ന്ന ആദ്യം തന്നെ ബെംഗളൂരുവില്‍ കൊണ്ടുപോയെന്നും പിന്നീട് ചെന്നൈയില്‍ എത്തിച്ചുവെന്നുമാണ് പെണ്‍കുട്ടി പൊലീസിനോടു പറഞ്ഞത്. ചെന്നൈയില്‍ എത്തിച്ചതിനു ശേഷം ഗുഡുവാഞ്ചേരിയിലെ സ്പായില്‍ കൊണ്ടുപോയി. അവിടെ തനിക്ക് ലൈംഗികപീഡനം നേരിടേണ്ടിവന്നുവെന്നും പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് സീറോ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്ത് ഗുഡുവാഞ്ചേരി പൊലീസിനു കൈമാറിയത്. ഏപ്രില്‍, മേയ്, ജൂണ്‍ മാസങ്ങളിലാണ് പെണ്‍കുട്ടിയെ അവിടെ എത്തിച്ചതെന്നാണു പൊലീസിനു കിട്ടിയ വിവരം. കേസുമായി ബന്ധപ്പെട്ട് ആന്ധ്രയില്‍നിന്ന് അറസ്റ്റിലായ പെണ്‍കുട്ടിയുടെ ഇളയമ്മ, ഭര്‍ത്താവ്, സ്പാ ഉടമകളായ സജിത്ത് കുമാര്‍ (47), നിഷാന്ത് (46) എന്നിവര്‍ റിമാന്‍ഡിലാണ്. മാതാപിതാക്കള്‍ നഷ്ടമായ പെണ്‍കുട്ടിയുടെ സംരക്ഷണച്ചുമതല ഏറ്റെടുത്ത ഇളയമ്മയും ഭര്‍ത്താവും കുട്ടിയെ സ്പാകളില്‍ എത്തിച്ചു ചൂഷണത്തിനു കൈമാറിയെന്നാണു വിവരം.


Fashion ⏭️

Back to top button