SPORTS
‘അടി’ തുടർന്ന് റിങ്കു സിങ്, തുടർച്ചയായ രണ്ടാം സെഞ്ചറി; 199ൽ പുറത്തായി പഞ്ചാബ് കിങ്സ് ഓപ്പണർ, നാല് വിക്കറ്റ് വീഴ്ത്തി തുഷാർ

ന്യൂഡൽഹി ∙ രഞ്ജി ട്രോഫിയിൽ തുടർച്ചയായ രണ്ടാം സെഞ്ചറിയുമായി ഇന്ത്യൻ താരം റിങ്കു സിങ്. ഗോവയ്ക്കെതിരായ മത്സരത്തിലാണ് ഉത്തർപ്രദേശിനു വേണ്ടി ഇറങ്ങിയ റിങ്കു സെഞ്ചറി നേടിയത്. ഉത്തർപ്രദേശ് ടീം വൻ ബാറ്റിങ് തകർച്ച നേരിട്ട സമയത്താണ് റിങ്കുവിന്റെ നിർണായക ഇന്നിങ്സ്. 186 പന്തുകളിൽ നിന്ന് 118 റൺസുമായി റിങ്കു പുറത്താകാതെ നിന്നു. യുപി 202 റൺസിന് ഓൾഔട്ടായി. 3ന് 33 എന്ന നിലയിൽ യുപി തകർച്ച നേരിടുമ്പോഴാണ് റിങ്കു ക്രീസിലെത്തിയത്. തുടർന്ന് മാധവ് കൗശിക്കുമൊത്ത് (45) 58 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയ താരം, ഒരറ്റത്ത് വിക്കറ്റുകൾ തുടരെ വീഴുമ്പോഴും മറുവശത്ത് പിടിച്ചുനിന്നു. മറ്റൊരു രഞ്ജി മത്സരത്തിൽ ഗുജറാത്തിനെതിരെ ഡൽഹി താരങ്ങളായ പ്രിയാൻഷ് ആര്യയും ആയുഷ് ബദോനിയും സെഞ്ചറി നേടി. കേവലം ഒരു റൺസിനാണ് പ്രിയാൻഷിന് ഇരട്ടസെഞ്ചറി നഷ്ടമായത്. ഓപ്പണറായി ഇറങ്ങിയ താരം, 220 പന്തിൽ 199 റൺസെടുത്ത് പുറത്തായി. ആറു സിക്സും 24 ഫോറുമടങ്ങുന്നതായിരുന്നു ഐപിഎലിൽ പഞ്ചാബ് കിങ്സ് താരമായ പ്രിയാൻഷിന്റെ ഇന്നിങ്സ്. ഹിമാചൽ പ്രദേശിനെതിരെ മുംബൈ താരമായ തുഷാർ ദേഷ്പാണ്ഡെ നാലു വിക്കറ്റുമായി തിളങ്ങി. ആദ്യം ബാറ്റു ചെയ്ത ഹിമാചൽ, ഒന്നാം ഇന്നിങ്സിൽ വെറും 140 റൺസിന് ഓൾഔട്ടായി. 13.5 ഓവറിൽ വെറും 46 റൺസ് വിട്ടുകൊടുത്താണ് രാജസ്ഥാൻ റോയൽസ് പേസറായ തുഷാർ നാലു വിക്കറ്റ് വീഴ്ത്തിയത്. കഴിഞ്ഞ മത്സരത്തിൽ ചണ്ഡിഗഡിനെതിരെ ഹാട്രിക് ഉൾപ്പെടെ 5 വിക്കറ്റ് തുഷാർ ദേഷ്പാണ്ഡെ വീഴ്ത്തിയിരുന്നു.
Auto ⏭️




