NEWS

കണ്ടക്ടറെയും യാത്രക്കാരനെയും ആക്രമിച്ച കേസിൽ ഒളിവിലായിരുന്ന സ്വകാര്യബസ് ജീവനക്കാരൻ അറസ്റ്റിൽ

കൊച്ചി: എറണാകുളം നഗരത്തിൽ സമയക്രമത്തെച്ചൊല്ലി സ്ഥിരമായി സ്വകാര്യബസ് ജീവനക്കാരെ ആക്രമിക്കുന്ന യുവാവിനെ പാലാരിവട്ടം പൊലീസ് അറസ്റ്റുചെയ്തു. സുൽത്താൻ ബസിലെ ജീവനക്കാരൻ കൊടുങ്ങല്ലൂർ ആനപ്പുഴ കൊച്ചുപുരക്കൽവീട്ടിൽ അനുരാജാണ് (22) പിടിയിലായത്. ബംഗളൂരുവിൽ ഒളിവിലായിരുന്ന പ്രതി കഴിഞ്ഞദിവസം നാട്ടിലെത്തി വീണ്ടും സ്വകാര്യബസിൽ ജോലിയിൽ കയറിയതറിഞ്ഞ് ഇടപ്പള്ളിയിൽനിന്നാണ് ബസ് തടഞ്ഞുനിറുത്തി പിടികൂടിയത്. ബസിന്റെ വാതിൽതുറന്ന് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും വിഫലമായി.

ജൂലായ് 7ന് എൻപീസ് സ്വകാര്യബസിലെ കണ്ടക്‌ടറെ ഇടിവളയ്ക്കിടിച്ച് പരിക്കേൽപ്പിച്ചതിനും ഇത് ചോദ്യംചെയ്ത യാത്രക്കാരനെ ആക്രമിച്ചതിനുംസംഭവസമയത്ത് സുൽത്താൻ ബസിന്റെ ഡ്രൈവറായിരുന്ന അനുരാജിനെയും കണ്ടക്ടറെയും പ്രതികളാക്കി പാലാരിവട്ടം പൊലീസ് കേസെടുത്തിരുന്നു. വധശ്രമം ഉൾപ്പെടെ വകുപ്പുകളാണ് ചുമത്തിയത്. തുടർന്നാണ് ഇയാൾ ബംഗളൂരുവിലേക്ക് കടന്നത്. മൊബൈൽഫോണും ഉപയോഗിച്ചിരുന്നില്ല.

വൈറ്റിലയിൽ സ്വകാര്യ ബസ് കണ്ടക്ടറുടെ മൂക്കിടിച്ചുതകർത്ത കേസിൽ അറസ്റ്റിലായി ദിവസങ്ങളോളം ജയിലിൽക്കിടന്നു. ഇതുൾപ്പെടെ ജീവനക്കാരെ ആക്രമിച്ചതിനും അസഭ്യം പറഞ്ഞതിനും ഭീഷണിപ്പെടുത്തിയതിനും കേസുകളുണ്ട്. ജാമ്യത്തിലിറങ്ങി വീണ്ടും ബസ് ജീവനക്കാരെ ആക്രമിക്കുന്നത് പതിവാണ്. കഴിഞ്ഞ മാ‌ർച്ച് 6ന് പാലാരിവട്ടം പൊലീസ് സ്റ്റേഷൻ പരിധിയിലെ അയിഷാ റോഡിൽ കാർ തടഞ്ഞുനിറുത്തി യാത്രക്കാരെ ഭീഷണിപ്പെടുത്തിയ കേസിലും പ്രതിയാണ്.

Read News ⏭️

Back to top button