NEWS

‘ഏകപക്ഷീയം, കാരണങ്ങളോ തെളിവുകളോ ഇല്ല’: ഇന്ത്യ വിടണമെന്ന നോട്ടിസിനെതിരെ നടൻ ഇമ്രാൻ ഖാൻ കോടതിയിൽ


മുംബൈ ∙ ഒക്ടോബർ 28നകം ഇന്ത്യ വിടണമെന്ന് ആവശ്യപ്പെട്ട് ഫോറിനേഴ്‌സ് റീജിയണൽ റജിസ്‌ട്രേഷൻ ഓഫിസ് (എഫ്ആർആർഒ) നൽകിയ നോട്ടിസിനെതിരെ ബോളിവുഡ് നടൻ ഇമ്രാൻ ഖാൻ ബോംബെ ഹൈക്കോടതിയെ സമീപിച്ചു. നോട്ടിസിൽ നിയമലംഘനങ്ങൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കിയിട്ടില്ലെന്നും തന്റെ ഭാഗം വിശദീകരിക്കാൻ അവസരം നൽകിയില്ലെന്നും ചൂണ്ടിക്കാണിച്ചാണ് 43 കാരനായ താരം റിട്ട് ഹർജി ഫയൽ ചെയ്തത്. ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഒക്ടോബർ 10ന് മുംബൈ അഗസ്റ്റ് ക്രാന്തി മൈതാനത്ത് നടന്ന പ്രതിഷേധത്തിൽ പങ്കെടുത്തതിനു പിന്നാലെ കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇമ്രാൻ ഖാന് മുംബൈ എഫ്ആർആർഒ നോട്ടിസ് അയച്ചത്. അമേരിക്കൻ പൗരത്വമുള്ള ഇമ്രാൻ ഖാൻ നിശ്ചിത തീയതിക്കകം ഇന്ത്യ വിട്ടില്ലെങ്കിൽ നിയമനടപടികൾ നേരിടേണ്ടിവരുമെന്ന് നോട്ടിസിൽ മുന്നറിയിപ്പ് നൽകിയിരുന്നു.എഫ്ആർആർഒയുടെ നടപടി നിയമവിരുദ്ധവും ഏകപക്ഷീയവുമാണെന്ന് ഇമ്രാൻ ഖാന്റെ ഹർജിയിൽ പറയുന്നു. എന്ത് നിയമലംഘനത്തിന്റെ അടിസ്ഥാനത്തിലാണ് നോട്ടിസ് നൽകിയതെന്ന് വ്യക്തമാക്കുന്ന കൃത്യമായ കാരണങ്ങളോ തെളിവുകളോ നോട്ടിസിലില്ല. കാരണം കാണിക്കൽ നോട്ടിസ് നൽകുകയോ പ്രാഥമിക അന്വേഷണം നടത്തുകയോ ചെയ്യാതെയാണ് നാടുകടത്തൽ ഉത്തരവ് പുറപ്പെടുവിച്ചത്. ഇമിഗ്രേഷൻ ആന്റ് ഫോറിനേഴ്‌സ് ആക്ട് 2025 ലെ വ്യവസ്ഥകൾ താരം ലംഘിച്ചുവെന്നാണ് നോട്ടിസിലുള്ളത്. എന്നാൽ, ഒസിഐ കാർഡുള്ള ഒരാൾ സമാധാനപരമായി പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്നത് തടയുന്ന യാതൊരു നിയമവും നിലവിലില്ലെന്ന് ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു.


Fashion ⏭️

Back to top button