SPORTS

ഇന്ത്യയിൽ ആദ്യമായി ഒരു ട്വന്റി20 പരമ്പര, വിൻഡീസിന്റെ ഹോപ്, എന്ത് വിലകൊടുത്തും ഇന്ത്യയ്ക്ക് ജയിക്കണം


ബെംഗളൂരു ∙ ഇന്ത്യ– വെസ്റ്റിൻഡീസ് അഞ്ചാം ട്വന്റി20ക്ക് ഇന്നു ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയം വേദിയാകുമ്പോൾ വിൻഡീസ് ആത്മവിശ്വാസത്തിന്റെ നെറുകയിലാണെങ്കിൽ ഇന്ത്യ ആശങ്കയുടെ ആഴങ്ങളിലാണ്. പരമ്പരയിൽ 2–2ന് ഒപ്പം നിൽക്കുന്ന വിൻഡീസിന് ഇന്നു ജയിച്ചാൽ, ഇന്ത്യയിൽ ആദ്യമായി ഒരു ട്വന്റി20 പരമ്പര സ്വന്തമാക്കിയെന്ന അഭിമാനവുമായി നാട്ടിലേക്കു മടങ്ങാം. വർഷങ്ങളായി സ്വന്തം മണ്ണിൽ ഒരു ട്വന്റി20 പരമ്പര നഷ്ടപ്പെട്ടിട്ടില്ലെന്ന റെക്കോർഡ് രക്ഷിക്കാൻ ഇന്ന് എന്ത് വിലകൊടുത്തും ഇന്ത്യയ്ക്ക് ജയിച്ചേ മതിയാകൂ. റൺമഴ കണ്ട ആദ്യ 4 മത്സരങ്ങളുടെയും തുടർച്ച തന്നെയാകും ഇന്ന് ബെംഗളൂരു പിച്ചിലും. മത്സരം രാത്രി 7 മുതൽ. സ്റ്റാർ സ്പോർട്സ് ചാനലുകളിലും ജിയോ ഹോട്സ്റ്റാറിലും തത്സമയം.ബോളർമാർ തുടർച്ചയായി നിരാശപ്പെടുത്തിയതോടെ, ബാറ്റർമാരുടെ ഫോമിലാണ് ഇന്നത്തെ നിർണായക മത്സരത്തിന് ഇറങ്ങുമ്പോൾ ടീം ഇന്ത്യയുടെ പ്രതീക്ഷ മുഴുവൻ. ഒറ്റയാൾ പ്രകടനങ്ങൾ ഉണ്ടാകുമ്പോഴും ടീമിന്റെ ബാറ്റിങ് നിര ഇതുവരെ ഒരുമിച്ച് താളം കണ്ടെത്തിയിട്ടില്ല. ഓപ്പണിങ്ങിൽ സഞ്ജു സാംസണും അഭിഷേക് ശർമയും ഇതുവരെ ഒരു മത്സരത്തിൽ പോലും ഒന്നിച്ച് ഫോമിലേക്കു വന്നിട്ടില്ല. 29, 42, 7, 60 എന്നിങ്ങനെയാണ് കഴിഞ്ഞ 4 മത്സരങ്ങളിൽ ഇവരുടെ ഓപ്പണിങ് കൂട്ടുകെട്ട്. ഓപ്പണർമാർ പെട്ടെന്നു പുറത്തായാൽ മത്സരം നിയന്ത്രിക്കാനുള്ള കരുത്ത് മധ്യനിരയ്ക്കില്ല. ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ, തിലക് വർമ എന്നിവർക്ക് പലപ്പോഴും നല്ല തുടക്കങ്ങൾ ലഭിക്കുന്നുണ്ടെങ്കിലും വലിയ ഇന്നിങ്സുകൾ ഉണ്ടാകുന്നില്ല.വിൻഡ‍ീസിന്റെ ഹോപ്ടീമിന്റെ നായകനും നാഥനുമായ ഷായ് ഹോപ്പിലാണ് ഇന്നത്തെ മത്സരത്തിലും വിൻഡീസിന്റെ പ്രതീക്ഷ മുഴുവൻ. ഏകദിന പരമ്പരയ്ക്കു പിന്നാലെ ട്വന്റി20യിലും സെഞ്ചറിമേളം തീർക്കുന്ന ഹോപ് തന്നെയാണ് 2 മത്സരങ്ങളിലും ടീമിനെ വിജയത്തിൽ എത്തിച്ചത്. ഷെർഫെയ്ൻ റുഥർഫോഡ്, റൊമാരിയോ ഷെപ്പേഡ്, ഷിമ്രോൺ ഹെറ്റ്മയർ, റോവ്മൻ പവൽ തുടങ്ങി മത്സരത്തിന്റെ ഗതി മാറ്റിമറിക്കാൻ സാധിക്കുന്ന ബിഗ് ഹിറ്റർമാർക്ക് ടീമിൽ ക്ഷാമമില്ല. കീമോ പോൾ നയിക്കുന്ന ബോളിങ് നിരയിലും വിൻഡീസിന് ആത്മവിശ്വാസമുണ്ട്.


Auto ⏭️

Back to top button