NEWS

‘നിതീഷ് കുമാറിനു വേണ്ടി 9 പേരെ കൊലപ്പെടുത്തി’; ബിഹാറിൽ ‘വൺ, ടൂ, ത്രീ…’ പ്രസ്താവനയുമായി എംഎൽഎ, വിവാദം


പട്ന ∙ നിതീഷ് കുമാറിനു വേണ്ടി താൻ ഒൻപത് പേരെ കൊലപ്പെടുത്തിയിട്ടുണ്ടെന്ന വിവാദ വെളിപ്പെടുത്തലുമായി ജനതാദൾ (യു) നേതാവും മൊകാമ എംഎൽഎയുമായ അനന്ത് സിങ്. വാർത്താ ഏജൻസിയായ ഐഎഎൻഎസിനു നൽകിയ അഭിമുഖത്തിലാണ് രാഷ്ട്രീയ വൃത്തങ്ങളെ ഞെട്ടിച്ച പ്രതികരണം. എന്നാൽ, തന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്നും താൻ കൊലപാതകം ആസൂത്രണം ചെയ്തു എന്നല്ല അതിനർഥമെന്നും വ്യക്തമാക്കി അദ്ദേഹം പിന്നീട് രംഗത്തെത്തി. നിതീഷ് കുമാറുമായുള്ള തന്റെ ദീർഘകാലത്തെ ബന്ധത്തെക്കുറിച്ചും അദ്ദേഹത്തിനു വേണ്ടി താൻ സഹിച്ച ത്യാഗങ്ങളെക്കുറിച്ചും ഓർമിപ്പിക്കുന്നതിനിടയിലാണ് അനന്ത് സിങ് വിവാദ പ്രസ്താവന നടത്തിയത്.‘‘എന്നെപ്പോലെ ഇത്രയധികം ത്യാഗങ്ങൾ ചെയ്ത മറ്റാരുണ്ട് ? അക്കാലത്ത് നിതീഷ് കുമാർ ഒന്നുമല്ലായിരുന്നു, അദ്ദേഹം പലയിടങ്ങളിലായി നടക്കുകയായിരുന്നു. ആ സമയത്ത് നിതീഷ് കുമാറിനൊപ്പം നിന്ന് ഞാൻ ഒൻപത് പേരെ കൊലപ്പെടുത്തി’’ – അനന്ത് സിങ് അഭിമുഖത്തിൽ പറഞ്ഞു. സംഭവം വിവാദമായതോടെ, പ്രാദേശികമായി ‘ചോട്ടെ സർക്കാർ’ എന്നറിയപ്പെടുന്ന അനന്ത് സിങ് മലക്കംമറിഞ്ഞു. ലാലു പ്രസാദ് യാദവിന്റെ ക്യാംപ് വിട്ട് നിതീഷ് കുമാറിനൊപ്പം ചേർന്നതിനു പിന്നാലെ തനിക്ക് നഷ്ടപ്പെട്ട തന്റെ ഒൻപത് കൂട്ടാളികളുടെ മരണത്തെക്കുറിച്ചാണ് താൻ സംസാരിച്ചതെന്ന് അദ്ദേഹം വിശദീകരിച്ചു. താൻ ആരെയും കൊലപ്പെടുത്താൻ ആസൂത്രണം ചെയ്തിട്ടില്ലെന്നും വാക്കുകൾ സന്ദർഭത്തിൽ നിന്ന് അടർത്തിമാറ്റിയതാണെന്നും അദ്ദേഹം പറഞ്ഞു. അക്കാലത്ത് തനിക്ക് നേരെ വെടിയുതിർക്കപ്പെട്ടതായും ഈ ആഘാതത്തിൽ തന്റെ പിതാവ് ഹൃദയാഘാതം മൂലം മരണപ്പെട്ടതായും അനന്ത് സിങ് പറഞ്ഞു. നിതീഷ് കുമാറുമായുള്ള കൂടിക്കാഴ്ചയ്ക്ക് പോകരുതെന്ന് ലാലു പ്രസാദ് യാദവ് അന്ന് വിലക്കിയിരുന്നിട്ടും താൻ അത് വകവയ്ക്കാതെ പോവുകയും നിതീഷ് കുമാറിനെ വെള്ളി നാണയങ്ങൾ കൊണ്ട് തുലാഭാരം തൂക്കുകയും ചെയ്തതായി അദ്ദേഹം ഓർത്തെടുത്തു.


Fashion ⏭️

Back to top button