NEWS
‘അവശേഷിക്കുന്നത് ഇറച്ചിക്കഷണങ്ങൾ’; കൊല്ലപ്പെട്ടത് മുന്നൂറോളം സൈനികർ, യുദ്ധതന്ത്രങ്ങൾ യുക്രെയ്നു ചോർത്തിയ 26 വയസ്സുകാരൻ

കീവ് ∙ റഷ്യൻ സൈന്യത്തിലെ രഹസ്യവിവരങ്ങളും യുദ്ധതന്ത്രങ്ങളും യുക്രെയ്നു ചോർത്തി നൽകി മുന്നൂറിലധികം റഷ്യൻ സൈനികരുടെ മരണത്തിനു കാരണക്കാരനായ 26 വയസ്സുകാരനായ റഷ്യൻ സൈനിക ഉദ്യോഗസ്ഥൻ ലഫ്റ്റനന്റ് ലെവ് സ്റ്റുപ്നികോവ് ഒടുവിൽ യുക്രെയ്ൻ പക്ഷത്തേക്ക് കൂറുമാറിയതായി വാൾസ്ട്രീറ്റ് ജേർണൽ റിപ്പോർട്ട്. റഷ്യൻ സേനയിലെ തന്റെ പദവി ഉപയോഗിച്ച് അതീവ രഹസ്യ വിവരങ്ങളാണ് സ്റ്റുപ്നികോവ് യുക്രെയ്ൻ ഇന്റലിജൻസിനു കൈമാറിയത്. റഷ്യൻ സൈന്യത്തിന്റെ നീക്കങ്ങൾ, യുദ്ധപദ്ധതികൾ, നിരീക്ഷണ ഡ്രോണുകളിൽ നിന്നും ക്യാമറകളിൽ നിന്നുമുള്ള ദൃശ്യങ്ങൾ എന്നിവയെല്ലാം ഇദ്ദേഹം യുക്രെയ്ന് നൽകിയിരുന്നു. എന്നാൽ സ്വന്തം രാജ്യത്തെയും വിവാഹജീവിതത്തെയും ഒറ്റിക്കൊടുത്തുവെന്ന് ആരോപിച്ച് ഒടുവിൽ സ്റ്റുപ്നികോവിന്റെ ഭാര്യ അദ്ദേഹവുമായുള്ള ബന്ധം ഉപേക്ഷിക്കുകയായിരുന്നു.ഡോൺബാസ് മേഖലയിലെ യുക്രെയ്ൻ പ്രതിരോധത്തിന്റെ പ്രധാന കോട്ടയായ വുഹ്ലെദാർ പിടിച്ചെടുക്കാൻ നിയോഗിക്കപ്പെട്ട ബറ്റാലിയന്റെ ചീഫ് സിഗ്നൽ ഓഫിസറായിരുന്നു സ്റ്റുപ്നികോവ്. കമാൻഡർമാരും യൂണിറ്റുകളും തമ്മിലുള്ള ആശയവിനിമയം ഉറപ്പാക്കുക എന്നതായിരുന്നു ചുമതല. എന്നാൽ ഈ പദവി ഉപയോഗിച്ച് റഷ്യൻ സൈന്യത്തിന്റെ കൃത്യമായ സ്ഥാനങ്ങൾ ഇദ്ദേഹം യുക്രെയ്ൻ ഇന്റലിജൻസിനു ചോർത്തി നൽകി. 2024 ജൂലൈയിൽ അതീവ രഹസ്യമായി സ്റ്റുപ്നികോവ് റഷ്യൻ യൂണിറ്റിൽ നിന്ന് യുക്രെയ്ൻ അതിർത്തിയിലേക്ക് രക്ഷപ്പെട്ടു. രാത്രിയിൽ യുക്രെയ്ൻ സൈന്യത്തിന്റെ നിരീക്ഷണ ഡ്രോണുകളുടെ സഹായത്തോടെയായിരുന്നു യാത്ര. യുക്രെയ്ൻ സൈനികരുടെ മുന്നിലെത്തിയപ്പോൾ മുൻകൂട്ടി നിശ്ചയിച്ച പീനട്ട് ഷോപ്പ് എന്ന രഹസ്യകോഡ് പറഞ്ഞ് അദ്ദേഹം കീഴടങ്ങി. നിലവിൽ റഷ്യൻ വംശജർ പുട്ടിൻ ഭരണകൂടത്തിനെതിരെ പോരാടുന്ന യുക്രെയ്ൻ സൈന്യത്തിന്റെ റഷ്യൻ വോളന്റിയർ കോർപ്സ് എന്ന യൂണിറ്റിൽ കമ്യൂണിക്കേഷൻസ് സ്പെഷലിസ്റ്റായി സ്റ്റുപ്നികോവ് സേവനമനുഷ്ഠിക്കുന്നു. റഷ്യൻ ഭരണഘടനയെയും രാജ്യത്തിന്റെ സ്വാതന്ത്ര്യത്തെയും സംരക്ഷിക്കുമെന്നാണ് താൻ സൈനിക അക്കാദമിയിൽ സത്യപ്രതിജ്ഞ ചെയ്തതെന്നും, എന്നാൽ പുട്ടിൻ അത് മൂന്നും തകർത്തതിനാൽ താൻ തന്റെ പ്രതിജ്ഞയോട് വിശ്വസ്തത പുലർത്തുകയാണ് ചെയ്തതെന്നും സ്റ്റുപ്നികോവ് പറയുന്നു.
Fashion ⏭️




