NEWS
സിപിഎമ്മിനെ തകർക്കാൻ യുഡിഎഫും ബിജെപിയും ഒരുമിച്ച് ഇ.ഡിയെ ഉപയോഗിക്കുന്നു: മനീഷ് സിസോദിയ

കോഴിക്കോട്∙ സിപിഎമ്മിനെ തകർക്കാൻ കേരളത്തിൽ യുഡിഎഫും ബിജെപിയും ഒരുമിച്ച് ഇ.ഡിയെ ഉപയോഗിക്കുകയാണെന്ന് ഡൽഹിയിലെ മുൻ ഉപമുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ മനീഷ് സിസോദിയ. കേന്ദ്ര ഏജൻസികളുടെ രാഷ്ട്രീയ വേട്ടയ്ക്കെതിരെ കേളു ഏട്ടൻ പഠനഗവേഷണ കേന്ദ്രം കോഴിക്കോട് മുതലക്കുളത്ത് നടത്തിയ ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരാൾ അഴിമതിക്കാരനാണെന്നു തെളിയിക്കപ്പെട്ടാൽ മാത്രമേ ശിക്ഷിക്കാനാകൂ. ഇ.ഡി ആരോപണങ്ങളുടെ പേരിൽ ആരെയും ശിക്ഷിക്കരുത്. ജനങ്ങൾക്കു സൗജന്യ വൈദ്യുതിയും സൗജന്യ വിദ്യാഭ്യാസവും നൽകിയതിനാണ് ബിജെപി എന്റെ വീടു റെയ്ഡ് ചെയ്യാൻ ഇ.ഡിയെ വിട്ടത്. സ്കൂളിൽ പഠിക്കുന്ന മകന്റെ നോട്ട്ബുക്കിൽ പോലും പണം വച്ചിട്ടുണ്ടോ എന്നു പരിശോധിക്കുന്നത് എത്ര വേദനാജനകമാണ്. ഇ.ഡിയുടെയും സിബിഐയുടെയും റെയ്ഡിൽ വീട്ടിലോ അക്കൗണ്ടിലോ ഒന്നും കിട്ടിയില്ല. എന്നിട്ടും എന്നെ 18 മാസം ജയിലിലിട്ടു. കേസ് വ്യാജമാണെന്ന് കോടതി കണ്ടെത്തിയപ്പോഴാണ് എന്നെ പുറത്തുവിട്ടത്. ജയിലിൽ കിടന്നതിന്റെ ഫലം ഞാൻ മാത്രമല്ല, ഇപ്പോൾ ഡൽഹിയിലെ ജനവും അനുഭവിക്കുകയാണ്. രാജ്യത്തൊട്ടാകെ പ്രതിപക്ഷ പാർട്ടികൾക്കെതിരെ കോൺഗ്രസ് പരാതി നൽകുകയും ബിജെപി ഇ.ഡിയെക്കൊണ്ട് കേസ് എടുപ്പിക്കുകയുമാണ്. ഞങ്ങളുടെ അറസ്റ്റിൽ കോൺഗ്രസ് ആഹ്ളാദിച്ചു.. ഇ.ഡിക്കെതിരെ സിപിഎം നടത്തുന്ന പോരാട്ടത്തിന് ആംആദ്മി പാർട്ടി പിന്തുണ നൽകുമെന്നും മനീഷ് സിസോദിയ പറഞ്ഞു.
Fashion ⏭️




