AUTO
ഇവി വാങ്ങാൻ പ്ലാനുണ്ടോ? ബാസ് പദ്ധതിക്ക് പിന്നിലെ ഈ കുരുക്കുകൾ അറിയാതെ പണം ഇറക്കരുത്!

ഇന്ത്യയിലെ കാര് വിപണിയില് അതിവേഗം വളര്ന്നുകൊണ്ടിരിക്കുന്ന മേഖലയാണ് ഇവികളുടേത്. ഐസിഇ മോഡലുകളും ഇവികളും തമ്മിലുള്ള വില വ്യത്യാസം അതിവേഗത്തിലാണ് കുറഞ്ഞു വരുന്നത്. കൂടുതല് ഉപഭോക്താക്കളെ ആകര്ഷിക്കാന് പല ജനപ്രിയ ബ്രാന്ഡുകളും ബാറ്ററി ആസ് എ സര്വീസ്(BaaS) സൗകര്യവും കൊണ്ടുവന്നിട്ടുണ്ട്. വാഹനം സ്വന്തമായി വാങ്ങുമ്പോള് തന്നെ ബാറ്ററിക്ക് ഉപയോഗിക്കുന്ന കിലോമീറ്ററുകളുടെ കണക്കില് വാടക നല്കുന്ന രീതിയാണിത്. ഒറ്റനോട്ടത്തില് ലാഭകരവും എളുപ്പവുമെന്നു തോന്നുമെങ്കിലും ശരിക്ക് ബാസ് അല്പം സങ്കീര്ണമാണ്. ബാസിനെ സങ്കീര്ണമാക്കുന്ന കാര്യങ്ങള് എന്തെല്ലാമെന്നു നോക്കാം. ബാങ്ക് വായ്പകളെ ആശ്രയിച്ചാണ് ഭൂരിഭാഗം പേരും കാറുകള് വാങ്ങുന്നത്. ബാസ് രീതിയില് വാഹനം എടുക്കുമ്പോള് വാഹനത്തിന്റെ ഇഎംഐയും ബാറ്ററിയുടെ വാടകയും വെവ്വേറെ നല്കേണ്ടി വരുന്നു. ഇത് കാര്യങ്ങളെ കൂടുതല് സങ്കീര്ണമാക്കുന്നുണ്ട്. കൃത്യമായ ഒരൊറ്റ പ്രതിമാസ തവണക്കു പകരം ഉപയോഗിക്കുന്ന കിലോമീറ്ററുകള്ക്കനുസരിച്ചുള്ള തുകയും നല്കേണ്ടിവരുന്നു. ഇതില് തന്നെ കുറഞ്ഞ പ്രതിമാസ തുകയും കരാറിന്റെ ഭാഗമായി നിശ്ചയിക്കപ്പെട്ടിട്ടുണ്ടാവും. ചുരുക്കത്തില് വാഹനം മുഴുവന് തുക നല്കി സ്വന്തമാക്കുകയോ പരമ്പരാഗത രീതിയില് വായ്പയിലൂടെ സ്വന്തമാക്കുകയോ ചെയ്യുന്നവര്ക്ക് കൂടുതല് മാനസിക സമാധാനം കിട്ടും. ഭാവിയില് എന്തെങ്കിലും കാരണവശാല് മറ്റൊരു വാഹനത്തിലേക്ക് മാറാന് തീരുമാനിച്ചാല് ബാസ് കാര്യങ്ങളെ കൂടുതല് സങ്കീര്ണമാക്കും. ബാസ് രീതിയില് സ്വന്തമാക്കിയിട്ടുള്ള വാഹനം ബാറ്ററിയുടെ വാടകയും വാഹന വായ്പയും വെവ്വേറെ കരാറുകളുടെ അടിസ്ഥാനത്തിലാവും ഉണ്ടാവുക. വാഹനം വില്ക്കുന്നതിനു മുന്പായി ഉടമക്ക് വാഹന വായ്പയും ബാറ്ററി വാടകകരാറും തീര്പ്പാക്കേണ്ട വരും. ഇവി വാഹനം വാങ്ങാന് ആലോചിക്കുന്നവര് അന്തിമ തീരുമാനത്തിനു മുന്പ് സ്വന്തം പ്രതിമാസ യാത്രാ ആവശ്യങ്ങള് കൃത്യമായി തിരിച്ചറിയേണ്ടതുണ്ട്. ബാസ് അടിസ്ഥാനത്തിലുള്ള കുറഞ്ഞ തിരിച്ചടവ് തുകക്ക് അനുസരിച്ചുള്ള ഓട്ടമെങ്കിലും വാഹനത്തിനുണ്ടാകുമോ എന്നകാര്യം വിലയിരുത്തേണ്ടതുണ്ട്. കുറച്ചു ദൂരം മാത്രം വാഹനം ഓടിക്കുന്നവര്ക്ക് അവര് ഓടാത്ത കിലോമീറ്ററുകള്ക്ക് ബാറ്ററി വാടക നല്കുന്നതിലേക്ക് കാര്യങ്ങളെ എത്തിച്ചേക്കാം. ബാസ് വഴി വാഹനം എടുക്കുന്നതിനു മുന്പായി ബാസ് കരാര് വ്യവസ്ഥകള് കൃത്യമായി പരിശോധിക്കാന് തയ്യാറാവണം. ബാസ് വഴി വാഹനം എടുക്കുമ്പോള് നേരിടുന്ന മറ്റൊരു പ്രധാന പ്രതിസന്ധി ഫിനാന്സിങ് ഓപ്ഷനുകളുടെ പരിമിതിയാണ്. താരതമ്യേന പുതിയ സംവിധാനമായതിനാല് വാഹന നിര്മാതാക്കളുമായി സഹകരിച്ചു പ്രവര്ത്തിക്കുന്ന നിശ്ചിത ധനകാര്യ സ്ഥാപനങ്ങളില് നിന്നോ സേവന ദാതാക്കളില് നിന്നോ മാത്രമായിരിക്കും ബാസ് വഴി വാഹനം സ്വന്തമാക്കാനാവുക. സാധാരണ കാര് വായ്പയെ അപേക്ഷിച്ച് ബാസില് ഫിനാന്സിങ് ഓപ്ഷനുകള് പരിമിതമാണ്. മികച്ച ക്രെഡിറ്റ് സ്കോറുള്ളവര്ക്കു പോലും ബാസ് വഴി വായ്പ ലഭിക്കണമെന്നില്ല. ഇത്തരത്തിലുള്ള നിരവധി കാര്യങ്ങള് പരിഗണിച്ചുവേണം ബാസ് വഴി വാഹനം സ്വന്തമാക്കുന്നവര് അന്തിമ തീരുമാനമെടുക്കാന്. ഒറ്റനോട്ടത്തിലെ വിലക്കുറവില് വീണു പോവാതെ ശ്രദ്ധയോടെ മാത്രം തീരുമാനമെടുക്കുക.
Sports ⏭️




