NEWS
കോഴിക്കോട് ചികിത്സപ്പിഴവിനെ തുടർന്ന് രോഗി മരിച്ചെന്ന് ആരോപണം; ചികിത്സാരേഖകൾ സീൽ ചെയ്ത് പൊലീസ്

കോഴിക്കോട്∙ ഗവ. മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ ഗർഭാശയ സംബന്ധമായ ചികിത്സപ്പിഴവിനെ തുടർന്ന് കുടുംബനാഥ മരിച്ചെന്ന പരാതിയിൽ ചികിത്സാ രേഖകൾ പൊലീസ് സീൽ ചെയ്തു. വടകര പുതുപ്പണം മന്ദരത്തൂർ പറമ്പത്ത് വീട്ടിൽ കുമാരൻ നമ്പ്യാരുടെ ഭാര്യ തങ്കമണി(50) ആണ് മരിച്ചത്. ചികിത്സപ്പിഴവിനെ തുടർന്നാണ് മരണമെന്ന കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ചികിത്സാ രേഖകൾ പൊലീസ് സീൽ ചെയ്തത്. പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടറുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തും. ശസ്ത്രക്രിയ സമയത്തും പിന്നീട് വാർഡിലും ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സുമാരുടെയും മറ്റ് ജീവനക്കാരുടെയും മൊഴിയും വരും ദിവസങ്ങളിൽ രേഖപ്പെടുത്തും.ഗർഭാശയം നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട ശസ്ത്രക്രിയയ്ക്ക് ഈ മാസം 5 ന് ആണ് മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ തങ്കമണിയെ പ്രവേശിപ്പിച്ചത്. 8 ന് ശസ്ത്രക്രിയയ്ക്കു ശേഷം പോസ്റ്റ് ഓപ്പറേറ്റീവ് വാർഡിലേക്ക് മാറ്റി. എന്നാൽ പിന്നീട് കടുത്ത പനിയും മറ്റ് ശാരീരിക അസ്വസ്ഥതകളും ഉണ്ടാകുകയായിരുന്നു. ആരോഗ്യനില വഷളായതോടെ 10 ന് അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയയാക്കി. തീവ്രപരിചരണ വിഭാഗത്തിൽ തുടരവേ തിങ്കളാഴ്ച വൈകിട്ട് അഞ്ചു മണിയോടെ മരിച്ചു.
Fashion ⏭️




