NEWS
ഹെഡ്ഫോൺ ധരിച്ച് കടുവയുടെ കൂട്ടിലേക്ക്; യോർക്ഷയറിൽ കൊല്ലപ്പെട്ട യുവാവിനെ തിരിച്ചറിഞ്ഞു

ഡോൺകാസ്റ്റർ∙ യോർക്ഷയർ വൈൽഡ്ലൈഫ് പാർക്കിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട യുവാവിനെ തിരിച്ചറിഞ്ഞു. വില്യം ചാപ്മാൻ (20) ആണ് മരിച്ചത് ശനിയാഴ്ച ഉച്ചയ്ക്ക് 1.30ഓടെയാണ് യോർക്ഷയർ വൈൽഡ്ലൈഫ് പാർക്കിലെ കടുവയുടെ കൂട്ടിലേക്ക് ചാപ്മാൻ പ്രവേശിച്ചത്. ഗുരുതരമായി പരുക്കേറ്റ അദ്ദേഹം സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചതായി സൗത്ത് യോർക്ഷയർ പൊലീസ് അറിയിച്ചു. പാർക്കിൽ അതേ സമയം ഉണ്ടായിരുന്ന ദൃക്സാക്ഷികൾ ചാപ്മാൻ ഹെഡ്ഫോൺ ധരിച്ച് കൂട്ടിന് സമീപം ചുറ്റിനടക്കുന്നത് കണ്ടിരുന്നു. പിന്നാലെ സുരക്ഷാ വേലി മറികടന്ന് അദ്ദേഹം കടുവയുടെ കൂട്ടിലേക്ക് ഇറങ്ങുകയായിരുന്നു. സംഭവസമയത്ത് ചാപ്മാൻ ഒറ്റയ്ക്കാണ് പാർക്ക് സന്ദർശിച്ചിരുന്നതെന്ന് പൊലീസ് വ്യക്തമാക്കി.കൂട്ടിനുള്ളിലെ സൈബീരിയൻ (അമൂർ) കടുവയായ ‘അൽതായ്’ ആണ് ചാപ്മാനെ ആക്രമിച്ചത്. ആക്രമണസമയത്ത് ചില സന്ദർശകർ ശബ്ദമുണ്ടാക്കി കടുവയുടെ ശ്രദ്ധ തിരിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. സംഭവത്തിന് പിന്നാലെ പാർക്ക് ഒഴിപ്പിക്കുകയും അടച്ചിടുകയും ചെയ്തു. സംഭവത്തിൽ സിറ്റി ഓഫ് ഡോൺകാസ്റ്റർ കൗൺസിൽ ആരോഗ്യ-സുരക്ഷാ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പാർക്ക് അധികൃതരും ബന്ധപ്പെട്ട ഏജൻസികളുമായി സഹകരിച്ച് അന്വേഷണം തുടരുകയാണ്. ചാപ്മാന്റെ കുടുംബത്തിന് പ്രത്യേക ഉദ്യോഗസ്ഥരുടെ പിന്തുണ നൽകുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.
Fashion ⏭️




