NEWS
പന്തലിട്ട് എഐസിസി, പ്രതിഷേധക്കാർക്ക് ഭക്ഷണവും വെള്ളവും; കേരളത്തിൽ നിന്നും ജനീഷിന്റെ ടീം, മന്ത്രിമാർ ഡൽഹിയിലേക്ക്

യൂത്ത് കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ നിർദേശപ്രകാരം മന്ത്രി ഒ.ജെ. ജനീഷിന്റെ നേതൃത്വത്തിൽ കേരളത്തിൽ നിന്ന് ഡൽഹിയിലെത്തിയത് അമ്പതിലേറെ ഭാരവാഹികൾ. വരുംദിവസങ്ങളിൽ കേരളത്തിൽ നിന്ന് കൂടുതൽ പ്രവർത്തകരെയും നേതാക്കളെയും ഡൽഹിയിലെത്തിക്കാനാണ് നീക്കം. യാത്രാച്ചെലവും മറ്റും കണക്കിലെടുത്ത് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ ഘടകങ്ങൾക്കാണ് കൂടുതൽ പേരെ എത്തിക്കാനുള്ള ക്വാട്ട നിശ്ചയിച്ച് നൽകിയിരിക്കുന്നത്. ഇന്നത്തെ സമരത്തിൽ പങ്കെടുത്തവരോടെല്ലാം തൽക്കാലം ഡൽഹിയിൽ തുടരാനാണ് നിർദേശം. സമരത്തിന്റെ വിജയത്തിനായി കുറച്ചുനാൾ കാത്തിരിക്കേണ്ടി വരുമെന്നും പിന്തിരിഞ്ഞുപോകരുതെന്നും നേതാക്കൾ നിർദേശം നൽകി.യൂത്ത് കോൺഗ്രസ് വർക്കിങ് പ്രസിഡന്റ് ബിനു ചുള്ളിയിൽ, വൈസ് പ്രസിഡന്റ് അബിൻ വർക്കി എംഎൽഎ, ദേശീയ സെക്രട്ടറി ശ്രീലാൽ ശ്രീധർ ഉൾപ്പെടെയുള്ള ഭാരവാഹികൾ ഡൽഹിയിൽ ക്യാംപ് ചെയ്യുകയാണ്. മന്ത്രി റോജി എം.ജോൺ ഇന്ന് രാത്രി ഡൽഹിയിലേക്ക് തിരിക്കും. വരുംദിവസങ്ങളിൽ മന്ത്രിമാരായ എ.പി. അനിൽ കുമാർ, പി.സി. വിഷ്ണുനാഥ് എന്നിവരും എത്തും. വി.എസ്. ജോയ് അടക്കമുള്ള എംഎൽഎമാരും ഡൽഹിയിലേക്ക് പോകാനുള്ള തയാറെടുപ്പിലാണ്. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്നവർക്ക് താമസിക്കാൻ എഐസിസി ആസ്ഥാനമായ ഇന്ദിര ഭവനിൽ പന്തലിട്ടു. രാത്രി താമസത്തിനായി പ്രത്യേക കിടക്കകളും പുതപ്പുകളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ ഡൽഹിയിലെ വിവിധ കോൺഗ്രസ് നേതാക്കളുടെ വസതികളും കമ്മ്യൂണിറ്റി ഹാളുകളും പ്രവർത്തകർക്ക് തങ്ങാനായി വിട്ടുനൽകിയിട്ടുണ്ട്. ചിലർ കേരള ഹൗസിലും എംപിമാരുടെ വസതികളിലും തങ്ങുന്നുണ്ട്.
Fashion ⏭️




