ഗ്യാനേഷിനെതിരെ പ്രമേയത്തിന് നിയമസഭ

തിരുവനന്തപുരം: മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെ പദവിയിൽ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം ഇന്ന് തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ അവതരിപ്പിക്കും. ഗ്യാനേഷിനെ നീക്കണമെന്നാവശ്യപ്പെട്ട് ഒരു സംസ്ഥാനം പ്രമേയം കൊണ്ടുവരുന്നത് ഇതാദ്യമാകും. പ്രതിപക്ഷം പിന്തുണയ്ക്കും. അതേസമയം, 16-ാംനിയമസഭയുടെ രണ്ടാം സമ്മേളനം അത്ര സുഗമമായേക്കില്ല. പ്രമേയത്തോടുള്ള മമതയൊന്നും സഭാനടപടികളിൽ കണ്ടേക്കില്ല.
ഹൈക്കമാൻഡ് നിർദ്ദേശാനുസരണം കോൺഗ്രസ് എം.എൽ.എമാരിൽ കുറച്ചുപേരെങ്കിലും ഇന്ന് ഡൽഹിയിലെ സമരത്തിന് പോകണം. ഹൈക്കമാൻഡ് നിർദ്ദേശം മറികടക്കാനാവില്ല. കോർട്ട്ഫീസ് ആൻഡ് സ്യൂട്ട് വാല്യുവേഷൻ (ഭേദഗതി) ബിൽ 2026, മദ്രാസ് ഹിന്ദു റിലിജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്മെന്റ്സ് (കേരള ഭേദഗതി) ബിൽ 2026 എന്നിവ ഉൾപ്പെടെ രണ്ടുബില്ലുകളാണ് പരിഗണനയിലുള്ളത്. 15 വരെ സഭ ചേരും. നവരാത്രിയായതിനാൽ 17 മുതൽ 27 വരെ സഭ ചേരില്ല. 28, 29 തീയതികളിലെ സമ്മേളന ശേഷം പിരിയും. 12ന് കാര്യോപദേശക സമിതി യോഗത്തിൽ മറ്റ് അജണ്ടകൾ തീരുമാനിക്കും. രാഷ്ട്രീയമായി പ്രതിപക്ഷത്തെ തളയ്ക്കാൻ, പിണറായി വിജയനുൾപ്പെട്ട കേസിലെ ഹൈക്കോടതി നിർദ്ദേശമുണ്ട്. സുതാര്യമല്ലെന്ന് ആരോപിക്കപ്പെടുന്ന മുഖ്യമന്ത്രിയുടെ യാത്രകളാകും എതിർ ആയുധം. യു.ഡി.എഫ് കൺവീനറുടെ വിയോജിപ്പും കൂടിയാകുമ്പോൾ സഭാസമ്മേളനം കത്തിക്കയറിയേക്കും.
സർക്കാർ രാജിക്കായി ബി.ജെ.പി മാർച്ച്
കാപ്പയ്ക്കെതിരെ പ്രതിഷേധത്തിന് ബി.ജെ.പി
തിരുവനന്തപുരം: എസ്.ഐ.ആർ നടപടികൾ തെറ്റാണെങ്കിൽ , തീവ്ര വോട്ടർ പട്ടിക പരിഷ്കരണം വഴി അധികാരത്തിലെത്തിയ വി.ഡി സതീശൻ സർക്കാർ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ഇന്ന് നിയമസഭാ മാർച്ച് നടത്തും.
എസ്.ഐ.ആർ വിഷയത്തിലെ കോൺഗ്രസിന്റെ ഇരട്ടത്താപ്പും, പിണറായി വിജയന്റെയും വി.ഡി.സതീശന്റെയും രാഷ്ട്രീയ നിലപാടുകളിലെ വൈരുദ്ധ്യങ്ങളും തുറന്നുകാട്ടി നിയമസഭയ്ക്കകത്തും പുറത്തും പോരാട്ടം ശക്തമാക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി എസ്.സുരേഷ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. കാപ്പ വകുപ്പ് ദുരുപയോഗം ചെയ്ത് ബി.ജെ.പി കൗൺസിലർ സുഗതനെ മാസങ്ങളോളം ജയിലിലടച്ച പൊലീസ് - സർക്കാർ നടപടിക്കെതിരെ സുഗതന്റെ കുടുംബവും വാർഡിലെ വോട്ടർമാരും കൗൺസിലർമാരും നിയമസഭയ്ക്ക് മുന്നിൽ 13ന് രാവിലെ 10ന് കുത്തിയിരിപ്പ് സമരം നടത്തും.
കാപ്പ വകുപ്പ് രാഷ്ട്രീയ ആയുധമാക്കി നഗര ഭരണം അട്ടിമറിക്കാൻ നടത്തിയ ശ്രമങ്ങളിൽ ബി.ജെ.പി എം.എൽ.എമാർ സഭയ്ക്കുള്ളിൽ പ്രതിഷേധിക്കും. എസ്.ഐ.ആർ വിഷയത്തിൽ ഇരു മുന്നണിയും നടത്തുന്ന കപട രാഷ്ട്രീയം തുറന്നു കാട്ടുന്ന പ്രതിഷേധ റാലികളും പൊതുയോഗങ്ങളും 14ന് ജില്ലാ കേന്ദ്രങ്ങളിൽ നടത്തും. പി.എസ്.സി തൊഴിൽ തട്ടിപ്പ് കേസിലെ യഥാർത്ഥ പ്രതികളെ സംരക്ഷിക്കുന്ന സർക്കാർ നടപടികളിൽ പ്രതിഷേധിച്ച് 16ന് യുവമോർച്ചയുടെ നിയമസഭാ മാർച്ച് . 17 മുതൽ 31 വരെ സംസ്ഥാനത്തെ ആയിരം കേന്ദ്രങ്ങളിൽ എസ്.ഐ.ആർ, സി.എം.ആർ.എൽ അഴിമതി തുടങ്ങിയ വിഷയങ്ങളുയർത്തി തെരുവുസഭകളും നടത്തും.
ആദ്യ മറുപടി അനൂപിന്റേത്
ഇന്നാരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിലെ ചോദ്യോത്തര വേളയിൽ ആദ്യം മറുപടി നൽകുന്നത് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. നെയ്യാറ്റിൻകര എം.എൽ.എ എൻ.ശക്തനാണ് ആദ്യത്തെ ചോദ്യം ചോദിക്കുക. നക്ഷത്ര ചിഹ്നഹ്നമിട്ട ചോദ്യങ്ങളിൽ ആദ്യത്തേത് സപ്ളൈകോയുടെ ഓണക്കാല വിൽപ്പനയുമായി ബന്ധപ്പെട്ടാണ്. സി.വി. ശാന്തകുമാർ, എം.ആർ.ബൈജു എന്നിവരും സമാനചോദ്യം ചോദിച്ചിട്ടുണ്ട്. നിയമസഭയുടെ കൂടുതൽ ചോദ്യം ചോദിച്ച അംഗമെന്ന റെക്കാഡ് അനൂപിന്റെ പിതാവ് മുൻമന്ത്രി ജേക്കബിനാണ്.




