NEWS
ചെറുവറ്റ സ്വകാര്യ കോളജിലെ വിദ്യാർഥി സംഘർഷം: യൂത്ത് ലീഗ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു

കോഴിക്കോട്∙ ചെറുവറ്റ സ്വകാര്യ കോളജിലെ വിദ്യാർഥി സംഘർഷത്തിന്റെ പേരിൽ കഴിഞ്ഞ ദിവസം കുമ്മങ്ങോട്ടുതാഴത്ത് ഉണ്ടായ യൂത്ത് ലീഗ് – ഡിവൈഎഫ്ഐ സംഘർഷത്തിനു പിന്നാലെ ഡിവൈഎഫ്ഐ പ്രവർത്തകന്റെ വീട്ടിൽ ആക്രമണം ഉണ്ടായതുമായി ബന്ധപ്പെട്ട് 5 യൂത്ത് ലീഗ് പ്രവർത്തകരെ ചേവായൂർ പൊലീസ് അറസ്റ്റ് ചെയ്തു. അക്രമത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകനായ കുരുവട്ടൂർ നങ്ങോറകുന്നുമ്മൽ ഷനൂപ് (41), അമ്മ രാധ, സിപിഎം പറമ്പിൽ ലോക്കൽ സെക്രട്ടറി അനിൽകുമാർ, പ്രവർത്തകനായ ബിനോയ് എന്നിവർക്കും യൂത്ത് ലീഗ് പ്രവർത്തകരായ മുഫ്ലിഹ്, സമീൽ, അനീസ്, സൻസിത്ത്, സഹീർ എന്നിവർക്കും പരുക്കേറ്റിരുന്നുവീട്ടിൽ കയറി ആയുധങ്ങളുമായി ആക്രമിച്ചതിന് യൂത്ത് ലീഗ് പ്രവർത്തകരായ മുഫ്ലിഹ്, സമീൽ, അനീസ്, സൻസിത്ത്, സഹീർ എന്നിവരെ പൊലീസ് പിന്തുടർന്നു പിടികൂടിയാണ് അറസ്റ്റ് ചെയ്തത്. ഗവ.ബീച്ച് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യൂത്ത് ലീഗ് പ്രവർത്തകരെ ആശുപത്രിയിൽ മജിസ്ട്രേട്ടിന്റെ മുൻപാകെ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇവരെ ആശുപത്രിയിൽ പൊലീസ് നിരീക്ഷണത്തിൽ ആക്കിയെന്നു ചേവായൂർ പൊലീസ് പറഞ്ഞു. സംഘർഷ സാധ്യതയെ തുടർന്ന് സിറ്റി പൊലീസ് കമ്മിഷണറുടെ നിർദേശത്തിൽ കുമ്മങ്ങോട്ടുതാഴത്തും പരിസരത്തും മെഡിക്കൽ കോളജ് സബ് ഡിവിഷൻ അസിസ്റ്റന്റ് കമ്മിഷണർ പി.പ്രമോദിന്റെ നേതൃത്വത്തിൽ പൊലീസ് കനത്ത ബന്തവസ് ഏർപ്പെടുത്തി.
Fashion ⏭️




