BUSINESS
നോര്‍ക്ക റിട്ടേണി ഐഡി കാര്‍ഡ് അപേക്ഷ പുനരാരംഭിച്ചു; 200 രൂപ ഫീസില്‍ ലഭിക്കുന്ന പ്രധാന ആനുകൂല്യങ്ങളും അപേക്ഷാ രീതിയും

Norka Roots Kerala: പ്രവാസജീവിതം അവസാനിപ്പിച്ച് തിരിച്ചെത്തിയ മലയാളി പ്രവാസികള്‍ക്കായി നോര്‍ക്ക റിട്ടേണി ഐഡി കാര്‍ഡിനുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ പുനരാരംഭിച്ചു. വായ്പാ സബ്സിഡി, നോര്‍ക്ക കെയര്‍ ഇന്‍ഷുറന്‍സ്, അടിയന്തര സാമ്പത്തിക സഹായം നല്‍കുന്ന സാന്ത്വന പദ്ധതി എന്നിവ ഉള്‍പ്പെടെ ഒട്ടേറെ സര്‍ക്കാരാനുകൂല്യങ്ങള്‍ ഉറപ്പാക്കുന്ന ഔദ്യോഗിക രേഖയാണിത്. 3 വര്‍ഷം കാലാവധിയുള്ള ഈ ഇ-കാര്‍ഡിന് (e-Card) അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ, നോര്‍ക്ക പോര്‍ട്ടല്‍ വഴിയോ മിതമായ ഫീസില്‍ അപേക്ഷിക്കാം. പ്രവാസി മലയാളികളുടെ ദീര്‍ഘകാല കാത്തിരിപ്പിനാണ് സംസ്ഥാന സര്‍ക്കാര്‍ വിരാമമിട്ടിരിക്കുന്നത്.എന്താണ് നോര്‍ക്ക റിട്ടേണി ഐഡി കാര്‍ഡ്വിദേശത്തോ, ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലോ കുറഞ്ഞത് രണ്ടു വര്‍ഷമെങ്കിലും പ്രവാസികളായിരുന്ന ശേഷം കേരളത്തില്‍ തിരിച്ചെത്തി സ്ഥിരതാമസമാക്കിയ മലയാളി പ്രവാസികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ അനുവദിക്കുന്ന ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡാണിത്.തിരിച്ചെത്തിയ പ്രവാസികള്‍ക്കായി പ്രത്യേകം തയ്യാറാക്കിയ ഇ- കാര്‍ഡ് (e-card) രൂപത്തിലാണ് ഇത് ലഭ്യമാകുന്നത്. 3 വര്‍ഷമാണ് കാര്‍ഡിന്റെ കാലാവധി. രേഖകളുടെ സൂക്ഷ്മപരിശോധനയ്ക്ക് ശേഷം രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്ക് നേരിട്ട് ഇ-കാര്‍ഡ് ലഭ്യമാകും.കാര്‍ഡ് നല്‍കുന്ന പ്രധാന ആനുകൂല്യങ്ങളും സേവനങ്ങളും ഔദ്യോഗിക തിരിച്ചറിയല്‍ രേഖ: പ്രവാസ ജീവിതത്തിനു ശേഷം കേരളത്തില്‍ തിരിച്ചെത്തി സ്ഥിരതാമസമാക്കിയവര്‍ക്ക് സംസ്ഥാന സര്‍ക്കാരും, നോര്‍ക്ക റൂട്ട്‌സും നല്‍കുന്ന ഔദ്യോഗിക അംഗീകൃത ഇ-രേഖയാണിത്. നോര്‍ക്ക ക്ഷേമപദ്ധതികളിലേക്കുള്ള മുന്‍ഗണന: നോര്‍ക്ക റൂട്ട്‌സ് നടപ്പിലാക്കുന്ന നിലവിലുള്ളതും, ഭാവിയില്‍ അവതരിപ്പിക്കുന്നതുമായ എല്ലാ സേവനങ്ങള്‍ക്കും ആനുകൂല്യങ്ങള്‍ക്കും അപേക്ഷിക്കാന്‍ ഈ കാര്‍ഡ് പ്രയോജനപ്പെടും. നോര്‍ക്ക കെയര്‍ / ഇന്‍ഷുറന്‍സ് പദ്ധതികള്‍: തിരിച്ചെത്തിയ പ്രവാസികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും മെച്ചപ്പെട്ട ആരോഗ്യ- അപകട ഇന്‍ഷുറ പരിരക്ഷ ഉറപ്പാക്കുന്ന NORKA Care, NORKA Care Plus എന്നീ പദ്ധതികളില്‍ ചേരുന്നതിനുള്ള അടിസ്ഥാന യോഗ്യതയായി പ്രവര്‍ത്തിക്കുന്നു. പുനരധിവാസ വായ്പാ സഹായം: നാട്ടില്‍ പുതിയ സ്വയംതൊഴില്‍ സംരംഭങ്ങളോ, ബിസിനസ്സോ ആരംഭിക്കുന്നതിനായി NDPREM (Norka Department Project for Return Emigrants) പദ്ധതി വഴി കുറഞ്ഞ പലിശ നിരക്കിലുള്ള ബാങ്ക് വായ്പകള്‍, ക്യാപിറ്റല്‍ സബ്സിഡി, പലിശ സബ്സിഡി എന്നിവ ലഭിക്കുന്നതിന് അര്‍ഹത തെളിയിക്കാന്‍ സഹായിക്കുന്നു. സാന്ത്വന പദ്ധതി വഴിയുള്ള അടിയന്തര സഹായം: തിരിച്ചെത്തിയ നിര്‍ദ്ധനരായ പ്രവാസികള്‍ക്കുള്ള ചികിത്സാ ധനസഹായം, മരണാനന്തര സഹായം, മറ്റ് അടിയന്തര സാമ്പത്തിക ആശ്വാസങ്ങള്‍ എന്നിവ നല്‍കുന്ന നോര്‍ക്കയുടെ ‘സാന്ത്വന’ പദ്ധതിയിലേക്ക് അപേക്ഷിക്കാന്‍ സഹായകമാണ്. നൈപുണ്യ വികസനവും പരിശീലനങ്ങളും: നാട്ടില്‍ പുതിയ തൊഴിലവസരങ്ങള്‍ കണ്ടെത്തുന്നതിനും, ബിസിനസ് സംരംഭങ്ങള്‍ വിജയകരമാക്കുന്നതിനുമായി നോര്‍ക്ക റൂട്ട്‌സ് നല്‍കുന്ന സൗജന്യ പരിശീലനങ്ങള്‍, സ്‌കില്‍ അപ്ഗ്രേഡേഷന്‍ പ്രോഗ്രാമുകള്‍ എന്നിവയില്‍ പങ്കാളികളാകാം. കൃത്യമായ സര്‍ക്കാരതല ഡാറ്റാബേസും കരുതലും: സംസ്ഥാനത്ത് തിരിച്ചെത്തിയ പ്രവാസികളുടെ കൃത്യമായ കണക്കുകള്‍ (Database) സര്‍ക്കാരിന് ലഭ്യമാകുന്നതിലൂടെ, ഭാവിയില്‍ അവര്‍ക്കായി പുതിയ പ്രവാസി പുനരധിവാസ നയങ്ങളും, ക്ഷേമപദ്ധതികളും ആസൂത്രണം ചെയ്യാന്‍ സര്‍ക്കാരിന് സാധിക്കും.ആര്‍ക്കൊക്കെ അപേക്ഷിക്കാംവിദേശത്തോ മറ്റ് സംസ്ഥാനങ്ങളിലോ കുറഞ്ഞത് 2 വര്‍ഷമെങ്കിലും പ്രവാസിയായിരുന്ന ശേഷം കേരളത്തില്‍ തിരിച്ചെത്തി ഇപ്പോള്‍ സ്ഥിരതാമസമാക്കിയിട്ടുള്ള എല്ലാ മലയാളി പ്രവാസികള്‍ക്കും അപേക്ഷിക്കാം. 200 രൂപയാണ് കാര്‍ഡിന്റെ അപേക്ഷ ഫീസ്.എങ്ങനെ അപേക്ഷിക്കാംനോര്‍ക്ക റൂട്ട്‌സിന്റെ വെബ്സൈറ്റ് സന്ദര്‍ശിച്ച് നേരിട്ട് അപേക്ഷ സമര്‍പ്പിക്കണം. ഒക്ടോബര്‍ 8 രാവിലെ 11 മണി മുതല്‍ ഈ പോര്‍ട്ടല്‍ ലഭ്യമാണ്. സംസ്ഥാനത്തെ മൂവായിരത്തിലധികം വരുന്ന അക്ഷയ കേന്ദ്രങ്ങള്‍ മുഖേന അപേക്ഷ സമര്‍പ്പിക്കാം. നേരിട്ടുള്ള എന്റോള്‍മെന്റിനായി തിരുവനന്തപുരം തൈക്കാടുള്ള നോര്‍ക്ക സെന്ററില്‍ പ്രത്യേക സഹായ കേന്ദ്രം പ്രവര്‍ത്തിക്കുന്നുണ്ട്.അപേക്ഷിക്കാന്‍ ആവശ്യമായ രേഖകള്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ അപേക്ഷകന്റെ ഒപ്പ് ആധാര്‍ കാര്‍ഡ് പ്രവാസിയായിരുന്നു എന്നതിനുള്ള തെളിവ് (താഴെ പറയുന്നവയില്‍ ഏതെങ്കിലും ഒന്ന്): കാലാവധി കഴിഞ്ഞ നോര്‍ക്ക പ്രവാസി ഐഡി കാര്‍ഡ് പ്രവാസി ക്ഷേമനിധി ബോര്‍ഡ് അംഗത്വ കാര്‍ഡ് വിദേശത്തായിരുന്നവര്‍ക്ക്: പാസ്പോര്‍ട്ടില്‍ സ്റ്റാമ്പ് ചെയ്ത വിസാ പേജുകളുടെ (ആദ്യ വിസയും അവസാന വിസയും) സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് മറ്റ് സംസ്ഥാനങ്ങളിലായിരുന്നവര്‍ക്ക്: കാലാവധി കഴിഞ്ഞ NRK ഐഡി കാര്‍ഡ് പഞ്ചായത്ത്/ നഗരസഭ സെക്രട്ടറി, പ്രസിഡന്റ്, വില്ലേജ് ഓഫീസര്‍, ഗസറ്റഡ് ഓഫീസര്‍, എം.എല്‍.എ അല്ലെങ്കില്‍ എം.പി എന്നിവരില്‍ ആരെങ്കിലും നല്‍കുന്ന സാക്ഷ്യപത്രം (2 വര്‍ഷത്തില്‍ കൂടുതല്‍ പ്രവാസിയായിരുന്നുവെന്നും ഇപ്പോള്‍ നാട്ടില്‍ സ്ഥിരതാമസമാണെന്നും തെളിയിക്കുന്നത്).ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍രേഖകള്‍ സമര്‍പ്പിക്കുമ്പോള്‍ ആവശ്യമായവ സ്വയം സാക്ഷ്യപ്പെടുത്തിയ (self-attested) പകര്‍പ്പുകളാണെന്ന് ഉറപ്പാക്കുക. അപേക്ഷ പൂര്‍ത്തിയായി സൂക്ഷ്മപരിശോധന കഴിഞ്ഞ ശേഷമേ മൊബൈലിലേക്ക് ഇ- കാര്‍ഡ് ലഭിക്കൂ. അതിനാല്‍ സജീവമായ മൊബൈല്‍ നമ്പര്‍ നല്‍കുക.
Read News




